26 Feb 2024 9:44 AM GMT
Summary
- ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും
- പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടേതാണ് പുതിയ തീരുമാനം
- ഡബിള്‍ വെരിഫിക്കേഷന് ശേഷമേ ഇനി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയു
ദേശീയ പെന്‍ഷന്‍ സ്‌കീം അക്കൗണ്ടില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന നിര്‍ബന്ധമാക്കി.
ഡബിള്‍ വെരിഫിക്കേഷന് ശേഷമേ ഇനി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയു.
പുതിയ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടേതാണ് പുതിയ തീരുമാനം.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കല്‍ ഇനി ഇരട്ട പരിശോധന പൂര്‍ത്തിയാക്കണം. ഇതനുസരിച്ച്, സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി (സിആര്‍എ) സംവിധാനത്തിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നിലവില്‍ എന്‍പിഎസ് അംഗങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഒരു യൂസര്‍ ഐഡിയും പാസ്‌വേഡും ആവശ്യമാണ്. അക്കൗണ്ടിലെ മാറ്റങ്ങളും പിന്‍വലിക്കലുകളും ഇവയിലൂടെ മാത്രമേ സാധ്യമാകൂ.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഓഫീസര്‍മാര്‍ സിആര്‍എ ലോഗിന്‍ ചെയ്യുന്നതിന് പാസ്‌വേഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയുമായി ബന്ധിപ്പിക്കും.
പിഎഫ്ആര്‍ഡിഎ പറയുന്നത് അനുസരിച്ച് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ലോഗിന്‍ വെരിഫിക്കേഷന്‍ എന്‍പിഎസ് അംഗത്തിന്റെ ഉപയോക്തൃ ഐഡിയുമായി ബന്ധിപ്പിക്കും. ഇതിന് ശേഷം ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി നല്‍കി എന്‍പിഎസ് അക്കൗണ്ട് ലോഗിന്‍ ചെയ്യാം.