image

17 Jan 2025 7:42 AM GMT

Personal Finance

അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ 72 മണിക്കൂർ റൂൾ

Karthika Ravindran

72-hour rule to avoid unnecessary expenses
X

Summary

  • ഈ നിയമം നിങ്ങളെ വളരെയധികം വാങ്ങുന്നതിൽ നിന്ന് തടയുന്നു
  • പണം സേവ് ചെയ്യ്ത്, സാമ്പത്തിക അച്ചടക്കം കൈവരിക്കാം


പണം ലാഭിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും, നമ്മുടെ ആഗ്രഹങ്ങൾ നമ്മെ വഴിതെറ്റിക്കുമ്പോൾ. എന്നാൽ, ധനകാര്യങ്ങളെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ ഉണ്ട്, അതിൽ ഒന്നാണ് 72 മണിക്കൂർ റൂൾ. ഓൺലൈനിലെ പല പരസ്യങ്ങളും കാണുമ്പോൾ പലപ്പോഴും നമ്മൾ പ്രലോഭിപ്പിക്കപ്പെടുകയും പെട്ടെന്നുള്ള ആവേശത്തിന്റെ പുറത്ത് അപ്രതീക്ഷിതമായി പലതും വാങ്ങി കൂട്ടാറുമുണ്ട്. എന്നാൽ ഈ അനാവശ്യ ചിലവുകൾ പിന്നീട് പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയിലേക്ക് ആയിരിക്കും കൊണ്ടെത്തിക്കുക. ഈ നിയമം പാലിക്കുന്നതിലൂടെ, അമിതമായ ഷോപ്പിംഗ് ശീലം നിയന്ത്രിക്കാനാകും.

നിങ്ങൾക്ക് യാതൊരു അത്യാവശ്യവുമില്ലാത്ത ഒരു ഉൽപ്പന്നം വാങ്ങാൻ അമിതമായി ആഗ്രഹം തോന്നുമ്പോൾ, അത് മനസ്സിൽ വാങ്ങാൻ തീരുമാനിക്കുക, എന്നാൽ ഉടനടി വാങ്ങരുത്. ശേഷം അത് ഒരു ലിസ്റ്റിൽ കുറിച്ചിടുക. ഇതിന് നിങ്ങൾക്ക് ഒരു സ്പ്രെഡ്‌ഷീറ്റ്, നോട്ട്ബുക്ക് അഥവാ മൊബൈൽ ആപ്പ് എന്നിവ ഉപയോഗിക്കാം. തുടർന്ന് 72 മണിക്കൂർ കാത്തിരിക്കുക. 72 മണിക്കൂർ കഴിഞ്ഞിട്ടും നിങ്ങൾക്ക് ആ വസ്തു വാങ്ങാൻ തോന്നുന്നുണ്ടെങ്കിൽ, അത് വാങ്ങാം.

എന്നാൽ, ഈ കാത്തിരിപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം, മിക്ക ഉപഭോക്താക്കളും ആദ്യം തോന്നിയതുപോലെ വാങ്ങാൻ പ്രേരിപ്പിക്കുന്നില്ലെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. 80-90% അനാവശ്യമായ വാങ്ങലുകൾ ഒഴിവാക്കാൻ ഈ രീതി നിങ്ങളെ അനുവദിക്കുന്നു.

അത് പോലെ തന്നെ, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സാധങ്ങൾ ഉടനടി പേയ്മെന്റ് ചെയ്ത സ്വന്തമാക്കാതെ വെബ്‌സൈറ്റിൻ്റെ ഷോപ്പിംഗ് കാർട്ടിൽ സൂക്ഷിക്കുക. 3 ദിവസത്തിന് ശേഷം നിങ്ങളുടെ ഷോപ്പിംഗ് കാർട്ട് വീണ്ടും സന്ദർശിക്കുകയും ആവശ്യം എന്നു തോന്നുന്നില്ലെങ്കിൽ അത് നീക്കം ചെയ്യുക.

കാൾ റിച്ചാർഡ്‌സിൻ്റെ വ്യക്തിഗത ധനകാര്യ പുസ്തകമായ ദി വൺ പേജ് ഫിനാൻഷ്യൽ പ്ലാനിൽ, 72 മണിക്കൂർ റൂളിനെ കുറിച്ച് ചർച്ച ചെയ്യുന്നു. ഇതിൽ പറയുന്നു "അനിവാര്യമല്ലാത്ത എല്ലാ വാങ്ങലുകൾക്കും, വാങ്ങുന്നതിന് മുമ്പ് 72 മണിക്കൂർ കാത്തിരിക്കുക." ഇത് ചെയ്യുമ്പോൾ, നിങ്ങളുടെ തീരുമാനമെടുക്കൽ നിങ്ങളുടെ തലച്ചോറിൻ്റെ വൈകാരിക ഭാഗത്ത് നിന്ന് തലച്ചോറിൻ്റെ ലോജിക്കൽ ഭാഗത്തേക്ക് മാറ്റുന്നു. അടിസ്ഥാനപരമായി, നിങ്ങൾ ആഗ്രഹിക്കുന്നതും യഥാർത്ഥത്തിൽ ആവശ്യമുള്ളതും തമ്മിൽ വേർതിരിച്ചറിയാൻ ഇത് നിങ്ങളുടെ തലച്ചോറിന് സമയം നൽകുന്നു.

പണം സേവ് ചെയ്യാനും, സാമ്പത്തിക അച്ചടക്കം കൈവരിക്കാനും ഈ തന്ത്രം വളരെ പ്രയോജനകരമാണ്. ഇത് പണം ലാഭിക്കാൻ സഹായിക്കുന്നതിനു പുറമേ, അമിതമായ ഷോപ്പിംഗ് മൂലമുണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കും.

ഈ നിയമം നിങ്ങളെ അമിതമായ ഷോപ്പിംഗ് പ്രവണതകളിൽ നിന്ന് രക്ഷിക്കുകയും വികാരങ്ങളിൽ നിന്ന് യുക്തിയിലേക്ക് മാറാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാൻ സമയം നൽകുന്നു. അതിനാൽ, 72 മണിക്കൂർ നിയമം പിന്തുടരുന്നത് പണം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കും.