9 March 2024 11:19 AM GMT
രാജ്യത്തെ 71 ശതമാനം സ്ത്രീകള്‍ക്കും താല്‍പര്യം ഹ്രസ്വകാല നിക്ഷേപങ്ങള്‍; പേനിയര്‍ബൈ പഠനം
MyFin Desk
Summary
- ഇടപാടുകളില്‍ പണത്തിന് 48 ശതമാനം വനിതകള്‍ മുന്‍ഗണന നല്‍കുന്നു
- ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വനിതകള്‍ക്കിടയില്‍ 29 ശതമാനത്തിനേയുള്ളു
- സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്
രാജ്യത്തെ 45 ശതമാനത്തോളം വനിതകള്‍ സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികളില്‍ നിന്നു നേട്ടമുണ്ടാക്കുന്നതായി ഇന്ത്യയിലെ മുന്‍നിര ബ്രാഞ്ച്‌ലെസ് ബാങ്കിങ് ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കായ പേനിയര്‍ബൈയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ 63 ശതമാനത്തിലേറെ വനിതകള്‍ തങ്ങളുടെ സ്വന്തം ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതായും ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നതായും പഠനം പറയുന്നു.
പണമിടപാടുകളില്‍ 48 ശതമാനം വനിതകള്‍ മുന്‍ഗണന നല്‍കുമ്പോള്‍ ബാക്കിയുള്ള സ്ത്രീകള്‍ യുപിഐ ക്യുആര്‍, കാര്‍ഡുകള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്ത്രീകളില്‍ 71 ശതമാന പേരും ഹ്രസ്വകാല നിക്ഷേപങ്ങളോട് ഉയര്‍ന്ന താത്പര്യം പ്രകടിപ്പിക്കുന്നു. ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വനിതകള്‍ക്കിടയില്‍ 29 ശതമാനത്തിനേയുള്ളു. ഇതു പ്രയോജനപ്പെടുത്തിയിട്ടുള്ളവര്‍ രണ്ടു ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എഴുപത് ശതമാനം സ്ത്രീകളും സേവിംഗ്‌സ് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ 68 ശതമാനം സ്ത്രീകളും ഔപചാരിക വായ്പകള്‍ എടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നവരാണ്. രാജ്യത്തുടനീളം പേനിയര്‍ബൈ നടത്തിയ വനിതാ സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.