image

5 March 2023 1:34 PM GMT

Insurance

ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ തള്ളാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം

Sabeena T K

insurance claim details
X

Summary

  • ക്ലെയിമുകളുടെ മറവില്‍ വലിയ തോതില്‍ തട്ടിപ്പുകളും നടക്കുന്നുണ്ട്
  • പോളിസി ഹോള്‍ഡര്‍മാര്‍ കമ്പനികളുടെ റൂളുകള്‍ കൃത്യമായി പാലിച്ചുവേണം ക്ലെയിം ചെയ്യാന്‍.


നമ്മള്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുന്നത് എന്തിനാണ്? പ്രതീക്ഷിക്കാതെയുള്ള സമയങ്ങളില്‍ വന്നുചേരുന്ന സാമ്പത്തിക ബാധ്യതകളില്‍ ഒരു പിന്തുണ വേണം.

ആരോഗ്യ ഇന്‍ഷൂറന്‍സും ലൈഫ് ഇന്‍ഷൂറന്‍സും വാഹന ഇന്‍ഷൂറന്‍സും തുടങ്ങി എല്ലാവിധ ഇന്‍ഷൂറന്‍സ് പോളിസികളുടെയും ഉദ്ദേശം ഒന്നേയുള്ളൂ. ദൗര്‍ഭാഗ്യകരമായ ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തികമായ പ്രതിസന്ധിയില്‍ കുടുങ്ങാതിരിക്കാനും നേരിടാനുമുള്ള പിന്തുണ ഉറപ്പാക്കണം. ഇതൊക്കെ വിചാരിച്ചാണ് നമ്മള്‍ ഇന്‍ഷൂറന്‍സ് പോളിസികളില്‍ ചേരുന്നതെങ്കിലും ആ സമയത്ത് ക്ലെയിം ചെയ്തു കഴിഞ്ഞാല്‍ പലപ്പോഴും നിരസിക്കപ്പെടാറുണ്ട്. ആശുപത്രികളില്‍ മെഡിക്കല്‍ ബില്ലുകള്‍ അടക്കേണ്ടി വരുമ്പോഴോ അപകടശേഷം വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സമീപിച്ചപ്പോഴോ ഒക്കെയായിരിക്കാം കമ്പനികള്‍ നമ്മുടെ ക്ലെയിം നിരസിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിലുള്ള കമ്പനികളുടെ ഈ സമീപനം പലരെയും ഇന്‍ഷൂറന്‍സ് പോളിസികളോടുള്ള താല്‍പ്പര്യം നഷ്ടപ്പെടുത്താറുണ്ട്.

എന്നാല്‍ ക്ലെയിം നിരസിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. അത് എന്തൊക്കെയാണെന്ന് ഇനി പറയാം.

നടപടിക്രമങ്ങള്‍ മാറിക്കൊണ്ടിരിക്കും

കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇന്‍ഷൂറന്‍സ് ക്ലെയിമുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ശരിയാംവിധം ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. കൂടാതെ ക്ലെയിമുകളുടെ മറവില്‍ വലിയ തോതില്‍ തട്ടിപ്പുകളും നടക്കുന്നുണ്ട്. ശരിയായ ക്ലെയിമുകളാണോ അതോ ക്ലെയിമുകളുടെ പേരില്‍ പണം തട്ടാനുള്ള ശ്രമങ്ങളാണോ നടക്കുന്നതെന്ന് തിരിച്ചറിയാനായി കമ്പനികള്‍ ഓരോ തവണയും ക്ലെയിം ചെയ്യാനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ലെയിം ചെയ്യാനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് അതത് സമയങ്ങളില്‍ തിരിച്ചറിഞ്ഞും പരിശോധിച്ചുംവേണം അപേക്ഷ ഫയല്‍ ചെയ്യാന്‍. യഥാര്‍ത്ഥത്തിലുള്ള ക്ലെയിം ആണോ എന്ന് വ്യക്തമാകാത്ത പക്ഷം കമ്പനികള്‍ ക്ലെയിം തുക നിരസിച്ചേക്കാം. അതുകൊണ്ട് ഇന്‍ഷൂറന്‍സ് പോളിസി ഹോള്‍ഡര്‍മാര്‍ കമ്പനികളുടെ റൂളുകള്‍ കൃത്യമായി പാലിച്ചുവേണം ക്ലെയിം ചെയ്യാന്‍.

ഇപ്പോള്‍ ഇന്‍ഷൂറന്‍സ് ക്ലെയിം മികച്ച രീതിയില്‍ പരിശോധിക്കാനും കമ്പനികളുമായി ഉപഭോക്താക്കളും തമ്മില്‍ ക്ലെയിം സംബന്ധിച്ചുള്ള ഇടപെടലുകളെ കാര്യക്ഷമമാക്കാനും ഇന്‍ഷൂര്‍ടെക് കമ്പനികള്‍ പ്രവൃത്തിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ക്ലെയിമുകള്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ ഈ കമ്പനികള്‍ക്ക് നല്ല ധാരണയുണ്ട്. അവര്‍ ശരിയായ ക്ലെയിമുകള്‍ തിരിച്ചറിയാന്‍ കമ്പനികളെയും വേണ്ടവിധത്തിലുള്ള വിവരങ്ങള്‍ നല്‍കി ക്ലെയിം നേടിയെടുക്കാന്‍ ഉപഭോക്താക്കളെയും സഹായിക്കുന്നു. ക്ലെയിം ചെയ്യുന്നതിന്റെ പരമ്പരാഗത രീതികളൊക്കെ ഇപ്പോള്‍ മാറിയിട്ടുണ്ടെന്ന് തിരിച്ചറിയുക. ഓരോ ക്ലെയിമിനും അനുസരിച്ചുള്ള വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്.

കാലതാമസവും ഷോര്‍ട്ട് സെറ്റില്‍മെന്റും

ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍ മതിയായ എല്ലാ വിവരങ്ങളും രേഖകളും നല്‍കാത്തതാണ് പലരുടെയും ക്ലെയിം നിരസിക്കപ്പെടാന്‍ കാരണം. അതുപോലെ ക്ലെയിം തുക എത്രയാണെന്ന് കൃത്യമായി പറയാത്ത അപേക്ഷകളും നേരം വൈകി ലഭിക്കുന്ന അപേക്ഷകളും ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിരസിക്കും. ആശുപത്രി ക്ലെയിമുകളാണ് ഇത്തരത്തില്‍ നിരസിക്കപ്പെടുന്നതില്‍ കൂടുതലും. അങ്ങിനെയൊരു സാഹചര്യം ഉണ്ടായാല്‍ ക്ലെയിം പരിഹാര സ്ഥാപനങ്ങളെ സമീപിക്കുക. ഉപഭോക്താക്കള്‍ മതിയായ വിവരങ്ങളോ രേഖകളോ നല്‍കിയില്ലെങ്കില്‍ ക്ലെയിം സെറ്റില്‍മെന്റ് കമ്പനികള്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പരാതി പരിഹാര ഓഫീസര്‍ക്ക് (ഗ്രീവന്‍സ് റിഡ്രസ്സല്‍ ഓഫീസര്‍)കത്തെഴുതുന്നു. ഇത് ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പരാതിയായി രജിസ്ട്രര്‍ ചെയ്യുന്നു.കമ്പനികള്‍ മതിയായ വിവരങ്ങള്‍ നല്‍കാന്‍ പോളിസി ഹോള്‍ഡറോട് ആവശ്യപ്പെടുകയോ മറ്റ് നടപടികള്‍ക്കായി ഓംബുഡ്‌സ്മാന് കൈമാറുകയോ ചെയ്യാം. ഇത്തരം പരാതികള്‍ ഒന്നര മാസത്തിനുള്ളില്‍ തീര്‍പ്പാക്കും. അതുപോലെ ക്ലെയിം നിരസിക്കപ്പെട്ടതില്‍ ഉപഭോക്താവിന് പരാതിയുണ്ടെങ്കിലും ഐജിഎംഎസില്‍ രജിസ്ട്രര്‍ ചെയ്യാം.

ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ മതിയായ വിവരങ്ങള്‍ നല്‍കിയിരിക്കണം. ഇതിന് 15 ദിവസത്തിന് ശേഷം കമ്പനി ക്ലെയിം തുക ഭാഗികമായി നല്‍കും. ബാക്കിയുള്ള സെറ്റില്‍മെന്റ് തുകയെ കുറിച്ചുള്ള മെയില്‍ പരാതി പരിഹാര ഓഫീസര്‍ക്ക് കൈമാറും. കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഗ്രീവന്‍സ് മാനേജ്‌മെന്റ് സിസ്റ്റം വീണ്ടും പരാതി രജിസ്ട്രര്‍ ചെയ്യും. ബാക്കിയുള്ള തുക പത്ത് ദിവസത്തിനകം തന്നെ കമ്പനികള്‍ നല്‍കിയിരിക്കും.