8 April 2023 4:30 AM GMT
കാര്‍ വായ്പ എടുക്കുന്നുണ്ടോ? 4 കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ഖേദിക്കേണ്ടി വരും
MyFin Desk
Summary
- വാഹനം തിരിച്ചുപിടിക്കും
- നിയമ നടപടി സ്വസ്ഥത കെടുത്തും
- പോക്കറ്റിലുള്ള പണം കാലിയാക്കും
ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവരില്ല. മുഴുവന്‍ പണവും ഒന്നിച്ചെടുക്കാന്‍ ഇല്ലെങ്കില്‍ കാര്‍ ലോണിന് ആശ്രയക്കുകയാണ് ചെയ്യുക. ഇഷ്ട വാഹനം സ്വന്തമാക്കിയാല്‍ പിന്നെ ഇഎംഐ അടച്ചു തുടങ്ങണം. കൃത്യമായി ഇഎംഐ അടച്ചില്ലെങ്കില്‍ ഈ സ്വപ്‌നം പിന്നെ ഒരു ദു:സ്വപ്‌നമായി മാറാന്‍ തുടങ്ങും. വായ്പകളില്‍ ശരിയായ വിധത്തില്‍ തിരിച്ചടച്ചില്ലെങ്കില്‍ ഏറ്റവും മോശം അനുഭവമുണ്ടാകുന്നത് കാര്‍ലോണിലായിരിക്കും. വായ്പാ സ്ഥാപനങ്ങളെ സംബന്ധിച്ച് സുരക്ഷിത വായ്പയാണിത്. ഈടായി സ്വീകരിക്കുന്നത് വാഹനമാണ്. വായ്പ തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ വാഹനം ജപ്തി ചെയ്യാം. വായ്പ സ്വീകരിക്കും മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിച്ചു മനസിലാക്കണം. വായ്പാ തിരിച്ചടവ് വൈകുമ്പോള്‍ നേരിടേണ്ടി വരുന്ന ചില പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.
ക്രെഡിറ്റ് സ്‌കോര്‍ കുറയും
കാര്‍ വായ്പയുടെ ഇഎംഐ മുടങ്ങിയാല്‍ വൈകിയതിനുള്ള ലേറ്റ് പെയ്‌മെന്റ് ഫീസ് സ്ഥാപനങ്ങള്‍ ചുമത്തും. അതുകൊണ്ട് തന്നെ ഇക്കാര്യം ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും സ്‌കോര്‍ കുറയാനും ഇടയാക്കും.
പലിശ കൂമിഞ്ഞുകൂടും
ഇഎംഐ മുടങ്ങിയാല്‍ കൂട്ടുപ്പലിശ നല്‍കേണ്ടി വരും. വായ്പ തീരും വരെ കൂടുതല്‍ പലിശ അടക്കേണ്ട ഗതികേടിലാകും . ഒന്നില്‍ അധികം തവണ ഇഎംഐ മുടങ്ങിയാല്‍ സ്ഥാപനങ്ങള്‍ പെനാല്‍റ്റി ചാര്‍ജും ഈടാക്കാന്‍ സാധ്യതയുണ്ട്. ഇത് വായ്പയുടെ ചെലവ് വര്‍ധിപ്പിക്കും. അതുകൊണ്ട് ഇഎംഐ മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
നിയമ നടപടി
ദീര്‍ഘകാലത്തേക്ക് ഇഎംഐ മുടങ്ങിക്കിടന്നാല്‍ സ്ഥാപനങ്ങള്‍ കുടിശിക വീണ്ടെടുക്കാനായി വായ്പ നല്‍കുന്നയാള്‍ക്ക് എതിരെ നിയമനടപടി സ്വീകരിച്ചേക്കാം. ഇത് ഭാവിയില്‍ നിങ്ങളുടെ പേരില്‍ പുതിയൊരു വായ്പ അംഗീകരിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. നിങ്ങള്‍ നഷ്ടസാധ്യത കൂടുതലുള്ള വായ്പക്കാരനായി കണക്കാക്കപ്പെടാം. കൂടാതെ കൊളാറ്ററല്‍ സെക്യൂരിറ്റിയായി നല്‍കിയിരിക്കുന്ന കാര്‍ തിരിച്ചെടുക്കാന്‍ സ്ഥാപനങ്ങള്‍ നടപടിയെടുക്കും.
ഇതിനൊക്കെ പുറമേ ലേറ്റ് ഫീസ്,പെനാല്‍റ്റി,പലിശ ,കളക്ഷന്‍ ഫീസ് എന്നിവ ഈടാക്കാനും സ്ഥാപനങ്ങള്‍ക്ക് സാധിക്കും. കയ്യിലിരിക്കുന്ന വണ്ടിയും പോകും കൂടാതെ പോക്കറ്റിലിരുന്ന പണവും പോകുമെന്ന് സാരം. അതുകൊണ്ട് കാര്‍ വായ്പ എടുക്കുംമുമ്പ് പലതവണ ആലോചിക്കുക. മുഴുവന്‍ തുകയും വായ്പ എടുക്കാതെ എത്രത്തോളം തിരിച്ചടക്കാന്‍ സാധിക്കുമോ അത്രമാത്രം വായ്പയെടുക്കുന്നതാണ് നല്ലത്. ഇനി തിരിച്ചടവിന് ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടായാല്‍ കാര്‍ വില്‍പ്പന നടത്തിയോ, ബാക്കിയുള്ള വായ്പ തിരിച്ചടക്കാന്‍ ഭാഗികമായി വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ കണ്ടെത്താന്‍ സഹായിക്കാനായി നിലവിലെ വായ്പാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യാം. അല്ലാതെ ഇഎംഐ മുടങ്ങുന്നത് അവഗണിച്ചാല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ് കത്തുകളും ഫോണ്‍ കോളുകളും നിങ്ങളുടെ സ്വസ്ഥത കെടുത്തും.
വായ്പക്കാരനുമായുള്ള മെച്ചപ്പെട്ട ബന്ധം നഷ്ടമാകും
കാര്‍ വായ്പ നല്‍കിയ സ്ഥാപനവുമായുള്ള നല്ല ബന്ധം നഷ്ടമാകും. കൊളാറ്ററല്‍ സെക്യൂരിറ്റി തിരിച്ചെടുക്കാനുള്ള ശ്രമങ്ങളും കത്തുകളും ഫോണ്‍ കോളുകളും മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിനാല്‍ നിലവിലെ വായ്പാ സ്ഥാപനവുമായുള്ള ബന്ധത്തിന് കോട്ടമുണ്ടാക്കും. സ്ഥാപനത്തിനും നിങ്ങള്‍ നല്ലൊരു ഉപഭോക്താവല്ലെന്ന അനുഭവമാണ് ഉണ്ടാകുക. അതുകൊണ്ട് തന്നെ ഇഎംഐ മുടങ്ങുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് വാഹനം വിറ്റോ മറ്റൊരു ചെറിയ വായ്പ എടുത്തോ നിലവിലുള്ളത് ക്ലോസ് ചെയ്യുക. അല്ലാത്തപക്ഷം ആ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഭാവിയില്‍ ഒരു വായ്പ ലഭിക്കാനുള്ള സാധ്യത ഇല്ലാതെയാകും.