image

24 Feb 2023 12:02 PM GMT

Personal Finance

റിട്ടയർമെന്റിന് ശേഷം 5 കോടി നേടാൻ എന്ത് ചെയ്യണം?

MyFin Desk

large cap mutual fund better future
X

Summary

12 ശതമാനം വാർഷിക റിട്ടേൺ ഉള്ള ഏതെങ്കിലും ലാർജ് ക്യാപ് മികച്ച മാർഗമാണ്


ഭാവി പ്ലാൻ ചെയ്ത് വേണം മുന്നോട്ട് കൊണ്ടുപോകാൻ. കിട്ടിയതൊക്കെ ധൂർത്തടിച്ച് തീർത്തിട്ട് കുട്ടിയും കുടുംബവുമൊക്കെയാകുമ്പോൾ പരാധീനതകൾ പറഞ്ഞുകൊണ്ടിരുന്നിട്ട് ഫലമില്ല. നമ്മുടെ യുവത്വത്തിൽ തന്നെ ബാക്കി അങ്ങോട്ടുള്ള ജീവിതത്തിന്റെ റൂട്ട് മാപ്പ് വരച്ചിരിക്കണം. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ.

നിങ്ങളൊരു 34 വയസുള്ള കുടുംബനാഥനാണ് എങ്കിൽ 20 വർഷം കൊണ്ട് കടന്നുപോകേണ്ട സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് ധാരണയുണ്ടായിരിക്കണം. മക്കളുടെ പഠനം ,വീട് വെയ്ക്കൽ,മക്കളുടെ വിവാഹം തുടങ്ങി നിരവധി കാര്യങ്ങൾ സംഭവിക്കാനുണ്ട്. ഇതിനൊക്കെ പുറമേ സമ്പാദനം അവസാനിക്കുന്ന ഒരു സായാഹ്നകാലം കൂടി നമ്മുടെ ആയുസിൽ കടന്നുപോകാനുണ്ടെന്ന ധാരണ കൂടി വേണം. അതായത് ജോലിയിൽ നിന്നൊക്കെ വിരമിച്ച് ആയുസ്സ് എത്തുംവരെയുള്ള ജീവിതം. ഈ പ്രായത്തിൽ ആരെയും കൂസാതെ ജീവിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം വേണം. ഒരു 25 വർഷത്തിന് ശേഷം 5 കോടി രൂപ സമ്പാദ്യമായി ഉണ്ടെങ്കിൽ വലിയ തെറ്റില്ലാതെ ജീവിക്കാം. നിലവിലെ പണപ്പെരുപ്പ സാഹചര്യവും മറ്റും കണക്കിലെടുത്താൽ ഈ തുക വേണ്ടിവരുമെന്ന് അനുമാനിക്കാം.

അങ്ങിനെയെങ്കിൽ അഞ്ച് കോടി കോർപ്പസ് ഉണ്ടാക്കാൻ മ്യൂച്ചൽഫണ്ട് നിക്ഷേപമായിരിക്കും നല്ലത്. നിലവിലെ 12 ശതമാനം വാർഷിക റിട്ടേൺ ഉള്ള ഏതെങ്കിലും ലാർജ് ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം. ദീർഘകാലത്തേക്ക് സ്‌മോൾക്യാപോ മിഡ്ക്യാപോ തിരഞ്ഞെടുക്കാതിരിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കും.

12 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ എല്ലാ മാസവും 10,000 രൂപയുടെ എസ്‌ഐപിയെടുത്താൽ മതി. 26 വർഷത്തേക്കുള്ള ദീർഘകാല പ്ലാൻ വേണം എടുക്കാൻ. കൂടാതെ എല്ലാ വർഷവും 10 ശതമാനം വീതം എസ്‌ഐപി വർധിപ്പിക്കണം. എന്നാൽ മാത്രമേ അഞ്ച് കോടിയെന്ന ലക്ഷ്യം നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.

എല്ലാ മാസവും 20,000 രൂപ എസ്‌ഐപി അടക്കാൻ സാധിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ 21 വർഷവും ആറ് മാസം കൊണ്ട് അഞ്ച് കോടിയിൽ എത്താൻ സാധിക്കും. ഈ പ്ലാൻ എടുത്താലും പത്ത് ശതമാനം വീതം വാർഷിക വർധനവ് എസ്‌ഐപിയിൽ വരുത്താൻ മറക്കരുത്. 12 ശതമാനം റിട്ടേൺ ഉറപ്പുപറയുന്ന ഫണ്ടായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

25000 രൂപാ വീതം അടക്കാൻ സാധിക്കുന്ന ഒരാൾക്ക് ഈ ലക്ഷ്യത്തിലെത്താൻ വെറും 20 വർഷവും ഒരു മാസവും മാത്രം മതിയാകും. ജീവിത ചെലവ് ആദ്യം ഒരു നിശ്ചിത തുകയിൽ പരിമിതപ്പെടുത്തിയ ശേഷം വേണം നിക്ഷേപ തുക എത്രയെന്ന് തീരുമാനിക്കാൻ. ഇത് അടിസ്ഥാനപ്പെടുത്തിയാണ് റിട്ടയർമെന്റ് കോർപ്പസ് എത്ര കാലം കൊണ്ട് നേടിയെടുക്കാനാകുമെന്ന് മനസിലാക്കാൻ.

ചില ലാർജ് ക്യാപ് ഫണ്ടുകൾ ഇവിടെ പരിചയപ്പെടുത്താം

നിപ്പൺ ഇന്ത്യാ ലാർജ് ക്യാപ് ഫണ്ട്

11950.93 കോടി രൂപയുടെ ആസ്തികളാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. പൊതുവേ പോസിറ്റീവ് ട്രെൻഡാണ് കാണുന്നത്. വിപണിയിൽ അവതരിപ്പിച്ചത് മുതൽ 14.92 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഫണ്ടിന്റെ 98.90 ശതമാനവും ഇക്വിറ്റിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്.ഇതിന്റെ ഭൂരിഭാഗവും ഫിനാൻഷ്യൽ മേഖലയിലാണ് വകയിരുത്തിയിരിക്കുന്നത്. ഡെബ്റ്റ് നിക്ഷേപം 0.01% മാത്രമാണ്.

നിലവിൽ മൂന്ന് വർഷത്തേക്ക് 17.96 ശതമാനവും അഞ്ച് വർഷത്തേക്ക് 12.28 ശതമാനവുമാണ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നത്. ചെലവ് അനുപാതം 1.73% ആണ്. 7 ദിവസത്തിനുള്ളിൽ ഫണ്ട് റെഡീം ചെയ്താൽ 1 ശതമാനമാണ് ഫീസ്. ഏറ്റവും കുറഞ്ഞത് 100 രൂപയുണ്ടെങ്കിൽ നിപ്പൺ ഇന്ത്യാ ലാർജ് ക്യാപ് ഫണ്ട് ഡയറക്ട് ഗ്രോത്തിൽ നിക്ഷേപം ആരംഭിക്കാം. ആയിരം രൂപയാണ് മിനിമം എസ്‌ഐപി.

ക്വാണ്ട് ഫോക്കസ്ഡ് ഫണ്ട് ഡയറക്ട് ഗ്രോത്ത്

ലാർജ് ക്യാപിൽ പരിഗണിക്കാവുന്ന ഒന്നാണിത്. 2022 സെപ്തംബർ 30 മുതൽ ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് 143.17 കോടിയുടെ ആസ്തികളാണ്. 97.58 ശതമാനം ഇക്വിറ്റി നിക്ഷേപങ്ങളും ബാക്കിയുള്ള മേഖലകളിലായി 2.42 ശതമാനവും വകയിരുത്തിയിരിക്കുന്ന കമ്പനി ഉപഭോക്തൃ,ധനകാര്യ,ഊർജ്ജ മേഖലകളിലാണ് കാര്യമായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്. 0.57 ശതമാനം മാത്രമാണ് ചെലവ് അനുപാതമുള്ളത്. 209.78 കോടിയാണ് ഫണ്ട് സൈസ്. 5 വർഷത്തേക്ക് വാർഷിക റിട്ടേൺ 13.15 ശതമാനവും മൂന്ന് വർഷത്തേക്ക് 23.11 ശതമാനവുമാണ് . ഈ ഫണ്ട് വിപണിയിൽ എത്തിയ ശേഷം 17.08 ശതമാനം റിട്ടേൺ നൽകി. എക്‌സിറ്റ് ലോഡ് ഇല്ലെന്നതും പ്രത്യേകതയാണ്. ഏറ്റവും കുറഞ്ഞത് 5000 രൂപയുണ്ടെങ്കിൽ നിക്ഷേപം ആരംഭിക്കാം. ആയിരം രൂപയാണ് മിനിമം എസ്‌ഐപി.