image

5 March 2023 1:47 PM GMT

Personal Finance

വാര്‍ഷിക ബോണസ്; ഇതൊക്കെ ഓര്‍മയിലുണ്ടാകണം

Sabeena T K

salary bonus mutual fund
X

Summary

  • പണം ആവശ്യമായി വരാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയുക
  • സറ്റോക്കുകളിലോ ബോണ്ടുകളിലോ റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിക്കുന്നത് നല്ലതാണ്.


ശമ്പളക്കാര്‍ക്ക് സാലറി കൂടാതെ കിട്ടുന്ന അധിക വരുമാനമാണ് ബോണസ്. ഓരോ കമ്പനികളും അവരുടെ സാമ്പത്തിക നിലവാരം അനുസരിച്ച് ജീവനക്കാര്‍ക്ക് വാര്‍ഷിക ബോണസ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൈയ്യില്‍ വരുന്ന അധിക വരുമാനം നിസാരമായ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച് തീര്‍ക്കുന്നതാണ് പതിവ്. ഓരോ മാസവും കിട്ടുന്ന നിശ്ചിത ശമ്പളത്തിന് പുറമേ അധികമായി എന്തെങ്കിലും വരുമാനം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. അപ്പോഴായിരിക്കും ഈ ബോണസൊക്കെ കൈയ്യില്‍ കിട്ടുക. അപ്പോഴേക്കും വാങ്ങാന്‍ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ സ്മാര്‍ട്ട്‌ഫോണോ ഒരു ട്രിപ്പ് പോകുകയോ ഒക്കെയായിരിക്കും നമ്മള്‍ പ്ലാന്‍ ചെയ്യുക.

എന്നാല്‍ ആ തുക എത്ര ചെറുതാണെങ്കില്‍ പോലും ഫിനാന്‍ഷ്യല്‍ ഹെല്‍ത്ത് എങ്ങിനെ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാമെന്നാണ് ആലോചിക്കേണ്ടത്. ഈ തുക സ്വരുക്കൂട്ടി ബുദ്ധിപൂര്‍വ്വം ചിലവിട്ടാല്‍ പല സാമ്പത്തിക ലക്ഷ്യങ്ങളും നിറവേറ്റാന്‍ സാധിക്കും. ഈ തുക പൂര്‍ണമായും തീര്‍ത്തുകളയുന്നതിന് പകരം സമ്പാദ്യമാക്കി വളര്‍ത്തിയെടുക്കാനും ഭാവിയില്‍ പലവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും സഹായിക്കും.

വാര്‍ഷിക ബോണസ് കിട്ടിയാല്‍ അത് അങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്ന് നമുക്കൊന്നാലോചിക്കാം


സാമ്പത്തിക ലക്ഷ്യങ്ങള്‍ സജ്ജമാക്കുക

കുറച്ച് പണം മിച്ചമുണ്ടായാല്‍ ആദ്യം ചെയ്യേണ്ട കാര്യം സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും അതിന്റെ മുന്‍ഗണന തീരുമാനിക്കുകയുമായിരിക്കണം. ചുരുങ്ങിയ കാലത്തിനുള്ളിലോ ദീര്‍ഘകാലത്തിലോ പണം ആവശ്യമായി വരാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയുക. ഇതിന്റെ മുന്‍ഗണന നോക്കിവേണം പണം നീക്കിവെക്കാന്‍. വാര്‍ഷിക ബോണസായി നല്ലൊരു തുക കിട്ടിയാല്‍ ചിലപ്പോള്‍ ഹൗസിങ് ലോണ്‍ നോക്കുന്നുണ്ടെങ്കില്‍ ഡൗണ്‍ പേയ്‌മെന്റ് നല്‍കാനായി ഉപയോഗിക്കാം. അതുപോലെ പലവിധത്തിലുള്ള ആവശ്യങ്ങളില്‍ ആ തുക വകയിരുത്തേണ്ടത് എങ്ങിനെയാണെന്ന് തീരുമാനിക്കുക. ഇതൊക്കെ ഒന്ന് ആദ്യം എഴുതിതയ്യാറാക്കുക. ശേഷം വേണം മുന്‍ഗണന എങ്ങിനെയായിരിക്കണമെന്ന് നിശ്ചയിക്കാന്‍.


നഷ്ടം സഹിക്കാനുള്ള ശേഷി തിരിച്ചറിയുക

വാര്‍ഷിക ബോണസ് പോലുള്ള വരുമാനം ലഭിച്ചാല്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് ആലോചനയെങ്കില്‍ റിസ്‌ക് ടോളറന്‍സ് എത്രയാണെന്ന് സ്വയം ബോധ്യപ്പെട്ടിരിക്കണം. കാരണം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കിട്ടുന്ന ഈ തുക ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള ഫലമായാണ് കമ്പനികള്‍ നല്‍കുന്നത്. അതുകൊണ്ട് റിട്ടേണ്‍ നൂറ് ശതമാനം ഉറപ്പില്ലാത്ത നിക്ഷേപങ്ങളിലേക്ക് നീങ്ങുമ്പോള്‍ നഷ്ടം സഹിക്കാനുള്ള സാഹചര്യം നിലവില്‍ ഉണ്ടോ എന്ന് കൂടി മനസിലാക്കുക.


പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാം

വാര്‍ഷിക ബോണസ് കിട്ടിയാല്‍ സറ്റോക്കുകളിലോ ബോണ്ടുകളിലോ റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിക്കുന്നത് നല്ലതാണ്. ഭാവിയില്‍ മികച്ച വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള സമ്പാദ്യം വര്‍ധിപ്പിക്കാന്‍ ഈ തുക കൂടി നിക്ഷേപിക്കുന്നത് സഹായിക്കും. എന്നാല്‍ നഷ്ട സാധ്യത കുറയ്ക്കാനും മികച്ച വരുമാനത്തിനും വിവിധ അസറ്റ് ക്ലാസുകളിലായി നിക്ഷേപം വൈവിധ്യവത്കരിക്കുക. പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നത് നിക്ഷേപത്തിന്റെ നഷ്ടസാധ്യത കുറയ്ക്കും. തിരഞ്ഞെടുക്കുന്ന അസറ്റ് ക്ലാസ് ഏതാണെങ്കിലും അതിന്റെ മുന്‍കാല പ്രകടനവും ഫീസും മറ്റും അറിഞ്ഞിരിക്കുക. മുന്‍കാലങ്ങളില്‍ നല്‍കിയ റിട്ടേണ്‍ എത്രയായിരുന്നുവെന്ന് അറിഞ്ഞിരിക്കുകയും വേണം.


ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സ്വരൂപിക്കാം

വാര്‍ഷിക ബോണസ് ദീര്‍ഘകാലത്തില്‍ ഉപകാരപ്പെടുംവിധം നിക്ഷേപിക്കുകയാണ് വേണ്ടത്. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനോ വീടുവാങ്ങുന്നത് പോലുള്ള ആവശ്യങ്ങള്‍ക്കോ വേണ്ടി മാറ്റിവെക്കാം. എല്ലാ വര്‍ഷവും കിട്ടുന്ന ഈ തുക താത്കാലിക ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച് തീര്‍ക്കാതെ സേവിങ്‌സ് അക്കൗണ്ട് ആരംഭിച്ച് സേവ് ചെയ്യാം.

ഓഹരി, മ്യൂച്വല്‍ഫണ്ട് നിക്ഷേപം

റിസ്‌ക് എടുക്കാനുള്ള ധൈര്യവും ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാനുള്ള താല്‍പ്പര്യവും ഉണ്ടെങ്കില്‍ ഓഹരിയോ മ്യൂച്വല്‍ഫണ്ടോ പരിഗണിക്കാം. വാര്‍ഷിക ബോണസ് ആയി ലഭിക്കുന്ന തുക എത്ര ചെറുതാണെങ്കിലും അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ കണ്ടെത്തുക. സറ്റോക്കിലേക്കോ മ്യൂച്വല്‍ഫണ്ടിലേക്കോ നിക്ഷേപിക്കുകയാണെങ്കില്‍ ദീര്‍ഘകാലത്തില്‍ നല്ലൊരു റിട്ടേണ്‍ പ്രതീക്ഷിക്കാം. സമാനമായ നിക്ഷേപ പദ്ധതികളേക്കാളൊക്കെ ചിലപ്പോള്‍ ദീര്‍ഘകാലത്തില്‍ ഇവ വലിയ വരുമാനം തന്നെ നല്‍കും. എന്നാല്‍ മ്യൂച്വല്‍ഫണ്ടും ഓഹരിയുമൊക്കെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമാണ് എന്ന ഓര്‍മ വേണം.

എപ്പോഴും വാര്‍ഷിക ബോണസ് പോലെ ലഭിക്കുന്ന അധിക വരുമാനങ്ങള്‍ അടിച്ചുപൊളിച്ചു തീര്‍ക്കുന്നതിന് പകരം നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മുതല്‍ക്കൂട്ടാക്കുകയാണ് വേണ്ടത്.