image

16 Feb 2023 5:43 AM GMT

Pension

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാന ശമ്പളത്തിൻറെ 50 ശതമാനം എന്‍പിഎസ് പെന്‍ഷന്‍ പരിഗണനയിൽ

MyFin Desk

Pension
X

Summary

വലിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കുന്ന പഴയ പെന്‍ഷന്‍ സ്‌കീമിലേക്ക് തിരിച്ച് പോകാതെ എന്‍പിഎസില്‍ തന്നെ കൂടുതല്‍ പെന്‍ഷന്‍ നല്‍കി ജീവനക്കാരെ പിടിച്ച് നിര്‍ത്താനാണ് ശ്രമം



സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കുന്ന തരത്തില്‍ എന്‍പിഎസ് സ്‌കീമുകള്‍ പരിഷ്‌കരിക്കാനുള്ള സാധ്യത തേടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ മികച്ച പെന്‍ഷന്‍ വരുമാനം ഉറപ്പാക്കുന്ന തരത്തിലുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാര്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും പെന്‍ഷന്‍ ഉറപ്പാക്കുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

വലിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കുന്ന പഴയ പെന്‍ഷന്‍ സ്‌കീമിലേക്ക് തിരിച്ച് പോകാതെ എന്‍പിഎസില്‍ തന്നെ കൂടുതല്‍ പെന്‍ഷന്‍ നല്‍കി ജീവനക്കാരെ പിടിച്ച് നിര്‍ത്താനാണ് ശ്രമം. എന്‍പിഎസ് പെന്‍ഷന്‍ സ്‌കീം ആകര്‍ഷകമല്ലാത്തതിനാല്‍ പല സംസ്ഥാനങ്ങളും അത് ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ സ്‌കീമിലേക്ക് തിരച്ച് പോയത്. എന്നാല്‍ ഇത് കേന്ദ്ര-സംസ്ഥാന ഖജനാവുകള്‍ക്ക് വലിയ ബാധ്യത വരുത്തും എന്നതാണ് പ്രധാന വിമര്‍ശനം.

പല സംസ്ഥാനങ്ങളും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ച് പോയതോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് വലിയ സമര്‍ദമായി. ഈ സാഹചര്യത്തിലാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ തന്നെ അവസാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 2004 ഏപ്രില്‍ 1 മുതലാണ് പുതിയ പെന്‍ഷന്‍ സ്‌കീം നിലവില്‍ വന്നത്.

പഴയ പെന്‍ഷന്‍ അവസാനം വാങ്ങിയ ശമ്പളം അനുസരിച്ചാണ് നിശ്ചയിച്ചിരുന്നതെങ്കില്‍ എന്‍പിഎസ് പെന്‍ഷന്‍ ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ റിട്ടേണ്‍ അനുസരിച്ചാണ് നല്‍കുക. ഇവിടെ ഇത്ര പെന്‍ഷന്‍ എന്ന് ഉറപ്പില്ല. മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലുകള്‍ പെന്‍ഷണറെയും ബാധിക്കും. നിലവില്‍ രാജസ്ഥാന്‍, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ച് പോയത്.