24 April 2023 9:36 AM GMT
വ്യക്തിഗത സാമ്പത്തികം എങ്ങനെ നന്നായി കൈകാര്യം ചെയ്യാം?- ചെയ്യേണ്ടതും ചെയ്യരുതാത്തതും
സിഎ എബ്രഹാം പിജെ
Summary
- സാമ്പത്തിക ലക്ഷ്യങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുക
- വളരെ പൊടുന്നനെ നിക്ഷേപ തീരുമാനങ്ങൾ എടുക്കാതിരിക്കുക
- ബജറ്റുകളുടെ താളം തെറ്റിക്കുന്ന വില്ലനാണ് ആസൂത്രിതമല്ലാത്ത ചിലവുകൾ.
ഇന്ത്യയില്‍ സാമ്പത്തികവര്‍ഷം എന്നത് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷ കാലയളവാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെയാണ് നമ്മുടെ നികുതി കാര്യങ്ങള്‍ക്കും അടിസ്ഥാനം. അതുകൊണ്ട് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക പ്ലാനിങ് നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക വിജയവും അച്ചടക്കവും ഉറപ്പുവരുത്തി നിശ്ചയിച്ചു വെച്ച സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എന്തൊക്കെ ചെയ്യണം? എന്തൊക്കെ ചെയ്യാന്‍ പാടില്ല? എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളത് നല്ലതാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
എന്തൊക്കെ ചെയ്യണം?
a. സാമ്പത്തിക ലക്ഷ്യങ്ങള്‍ പുനഃപരിശോധിക്കുക: ഓരോ വര്‍ഷത്തിന്റെയും അദ്യം തന്നെ, മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇപ്പോഴത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കുന്നത് നന്നായിരിക്കും. ഇത് ബിസിനസില്‍ ആയാലും വ്യക്തിഗതമായാലും വളരെ പ്രധാനമാണ്.
അങ്ങനെ പുനഃപരിശോധിച്ചതിനു ശേഷം ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവ വ്യത്യാസപ്പെടുത്തണമെങ്കില്‍ അങ്ങനെ ചെയ്ത് പുനര്‍നിര്‍ണയിക്കണം. അങ്ങനെ പുനര്‍നിര്‍ണയിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാവുന്നതും (achievable), വ്യക്തവും (specific), അളക്കാവുന്നതും (measurable), ഉചിതമായതും (relevant), സമയാധിഷ്ഠിതവും (time bound) ആയിരിക്കണം.
b. ബജറ്റ് ഉണ്ടാക്കുക: സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ബജറ്റ് തയ്യാറാക്കുന്നത് സാമ്പത്തിക ലക്ഷ്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇങ്ങനെ തയ്യാറാക്കുന്ന ബജറ്റ് യാഥാര്‍ഥ്യമായതും (realistic), വഴക്കമുള്ളതും (flexible), മുന്‍കൂട്ടി കാണാത്ത ചിലവുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്നതും ആയിരിക്കണം.
c. നികുതി ആസൂത്രണം: വര്‍ഷ ആദ്യം തന്നെ വരുമാനത്തിന് അനുസൃതമായി നികുതി ബാധ്യത മനസ്സിലാക്കുകയും, അത് കുറക്കാനുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ ആരായുകയും അതിനായി പദ്ധതി തയാറാക്കുകയും ചെയ്യണം. മുന്‍കൂര്‍ നികുതി അടക്കാനുള്ള ബാധ്യത ഉണ്ടോ എന്ന് മനസ്സിലാക്കി സമയാ സമയങ്ങളില്‍ അവ ഒടുക്കുകയും ചെയ്യണം.
d. ഇന്‍ഷുറന്‍സ് പരിധി പുനഃപരിശോധിക്കുക: ലൈഫ്, മെഡിക്കല്‍, വീട്, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ഇന്‍ഷുറന്‍സ് കഴിയുന്ന സമയവും അവയുടെ പരിധിയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമുണ്ടോ എന്നും വര്‍ഷ ആരംഭത്തില്‍ തന്നെ നോക്കി മനസ്സിലാക്കി വെക്കുക.
e. കരുതലും നിക്ഷേപവും: വര്‍ഷത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ, ലഭിക്കാനിടയുള്ള വരുമാനം, അത്യാവശ്യ സമയങ്ങളില്‍ വേണ്ടത്, ഇടക്കാലത്തേക്ക് വേണ്ടത്, ദീര്‍ഘ കാല ലക്ഷ്യങ്ങള്‍ക്കായുള്ളത് എന്നിങ്ങനെ തരം തിരിച്ച് വെച്ച് നിക്ഷേപത്തിനായി ഒരു ലക്ഷ്യം വെയ്ക്കുക. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്ന രീതിയില്‍ അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കുക.
f. സാമ്പത്തിക രേഖകള്‍: എല്ലാവിധ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ സൂക്ഷിക്കുകയും അവ ക്രോഡീകരിച്ച് സൂക്ഷിച്ചു വെക്കുകയും അത് നമ്മുടെ വീട്ടിലെ ഏറ്റവും വേണ്ടപ്പെട്ടവരോട് പറയുകയും ചെയ്യുക.
g.വിദഗ്ധ അഭിപ്രായം തേടുക: ശരിയായ അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സാമ്പത്തിക ഉപദേഷ്ടാക്കളുടെ വിദഗ്ധ അഭിപ്രായം തേടുകയും, അവരുടെ അഭിപ്രായത്തിന് അനുസരിച്ച് സ്വയം തീരുമാനം എടുക്കുകയും ചെയ്യുക.
ഈ വിധ തീരുമാനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ എടുക്കുന്നതിലൂടെ ഒരാള്‍ക്ക് തങ്ങളുടെ വ്യക്തിഗതവും ബിസിനെസ്സ് പരവുമായ സാമ്പത്തിക ഉന്നമനത്തിന് ശ്രമിക്കാന്‍ സാധിക്കും.
എന്തൊക്കെ ചെയ്യരുത്?
എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് അറിഞ്ഞിരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് അറിഞ്ഞിരിക്കുന്നതും.
a. ആസൂത്രിതമല്ലാത്ത ചിലവുകള്‍: ബജറ്റുകളുടെ താളം തെറ്റിക്കുന്ന ഏറ്റവും വലിയ വില്ലനാണ് ആസൂത്രിതമല്ലാത്ത ചിലവുകള്‍. എത്രയൊക്കെ ശ്രമിച്ചാലും ഈ വിധ ചിലവുകള്‍ വന്നു കൊണ്ടേ ഇരിക്കും. ഇങ്ങനെ വരുന്നവയില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റുന്നവയെല്ലാം ഒഴിവാക്കി, വരുമാനത്തിനനുസരിച്ച്, വളരെ അത്യാവശ്യം ആയവ മാത്രം തിരഞ്ഞെടുത്ത് ചിലവാക്കാന്‍ ശ്രമിക്കുക.
b. തിടുക്കത്തിലുള്ള നിക്ഷേപ തീരുമാനങ്ങള്‍: വളരെ പൊടുന്നനെ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. നിക്ഷേപത്തിനായി മുതിരുമ്പോള്‍, സാധ്യമായ എല്ലാ നിക്ഷേപ മാര്‍ഗ്ഗങ്ങളെയും കുറിച്ച് മനസ്സിലാക്കി, താങ്കളുടെ സാമ്പത്തിക ലക്ഷ്യങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുക. മറ്റൊരാള്‍ തിരഞ്ഞെടുത്തത് കൊണ്ടോ അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത് കൊണ്ടോ മാത്രം നിക്ഷേപങ്ങള്‍ നടത്താതിരിക്കുക.
c. നികുതി വെട്ടിക്കല്‍: നികുതി വെട്ടിക്കാന്‍ ശ്രമിക്കുകയോ, നിയമപരമല്ലാത്തതോ ആയ ഒരു മാര്‍ഗ്ഗങ്ങളും അവലംബിക്കാതിരിക്കുക. ഇവയൊക്കെ താല്‍ക്കാലിക സാമ്പത്തിക നേട്ടങ്ങള്‍ നേടി തന്നേക്കാം.
എന്നാല്‍, അവ പിടിക്കപ്പെട്ടാല്‍, ഉണ്ടാക്കിയ നേട്ടത്തിന്റെ പതിന്മടങ് മുടക്കിയാല്‍ പോലും ചിലപ്പോള്‍ അതില്‍ നിന്ന് രക്ഷ നേടാന്‍ പറ്റിയില്ലെന്ന് വരാം. ഇന്നത്തെ സാമ്പത്തിക നേട്ടത്തേക്കാള്‍ പ്രധാനം നാളത്തെ മനസ്സമാധാനം ആണ്.
ഈ വിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് മുന്‍പോട്ട് പോയാല്‍ സുസ്ഥിരമായ ഒരു സാമ്പത്തിക അടിത്തറ ഉണ്ടാക്കാനും വേണ്ട വിധം സംരക്ഷിക്കാനും സാധിക്കും.