7 April 2023 3:30 AM GMT
Summary
- വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ ബാങ്കുകള്‍ പലപ്പോഴും തയ്യാറാകാറില്ല
- വിവരങ്ങൾ പരിശോധിക്കാൻ ഉപഭോക്താവിന്റെ സമ്മതം നിര്‍ബന്ധം
വായ്പാ ഇടപാടില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടിനുള്ള പ്രാധാന്യം വലുതാണ്. വായ്പക്കായി ഒരാള്‍ അപേക്ഷിക്കുമ്പോള്‍ അയാള്‍ അര്‍ഹനാണോ എന്ന് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഒന്നായി ക്രെഡിറ്റ് റിപ്പോര്‍ട്ട് മാറിയിട്ടുണ്ട്. ക്രെഡിറ്റ് റിപ്പോര്‍ട്ട് മികച്ചതാണെങ്കില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ കുറയും.
ഓരോരുത്തരുടെയും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ തയ്യാറാക്കുന്ന ഈ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണോ എന്ന് അറിയാനുള്ള ബാധ്യത ഓരോ ഉപഭോക്താക്കള്‍ക്കും ഉണ്ട്. നമ്മള്‍ വായ്പയെടുക്കാന്‍ പോകുമ്പോള്‍ മാത്രം പരിശോധിക്കേണ്ട ഒന്നല്ല ക്രെഡിറ്റ് റിപ്പോര്‍ട്ട്.
ചിലപ്പോഴൊക്കെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നല്‍കുന്ന ഈ റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് വായ്പ നല്‍കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകാതെ വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സിഐഎസുകള്‍ക്ക് ഉണ്ടെന്നാണ് ആര്‍ബിഐ പറയുന്നത്. പുതിയ നിര്‍ദേശം അനുസരിച്ച് ക്രെഡിറ്റ് വിവര റിപ്പോര്‍ട്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിലും ശരിയാക്കുന്നതിലും കാലതാമസം നേരിടുന്ന ക്ലയന്റുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനമുണ്ടാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്കാണെന്ന് ആര്‍ബിഐ അറിയിച്ചു.
പുതിയ ഉത്തരവ്
ക്രെഡിറ്റ് സ്‌കോര്‍ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വൈകിയാല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് ആര്‍ബിഐ ഉത്തരവ്. അതുപോലെ ക്രെഡിറ്റ് വിവര റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്താലും സിഐസികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ആര്‍ബിഐ വ്യക്തമാക്കി. വായ്പക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ സംബന്ധിച്ച വിവരങ്ങള്‍ സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ വായ്പ ലഭിക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. ഇതിന് പരിഹാരമായാണ് പുതിയ നിര്‍ദേശങ്ങള്‍ .
സിഐസികള്‍ക്കെതിരായ ഏത് പരാതികളും സൗജന്യമായി തീര്‍പ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്ക്-ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ പ്രോഗ്രാം ഉപയോഗിക്കാനാകുമെന്ന് നേരത്തെ തന്നെ ആര്‍ബിഐ അറിയിച്ചിരുന്നു. വിവിധ തരത്തിലുള്ള ബാങ്കുകളും സാമ്പത്തിക ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള നിയന്ത്രിത ബിസിനസുകള്‍ ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടും.
സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം. ഇതിനായി ഓംബുഡ്സ്മാനെ നിയോഗിക്കുകയും വേണം. ഉപഭോക്താക്കളുടെ പരാതികള്‍ സിഐസി തള്ളുംമുമ്പ് ഓംബുഡ്‌സ്മാന്‍ പരിശോധിക്കണം.
നിലവില്‍ വായ്പയെടുക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ അറിയാനായി ക്രെഡിറ്റ് ബ്യൂറോയെ സമീപിക്കുമ്പോള്‍ ബാങ്കുകളുമായി ബന്ധപ്പെടാനാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും തിരുത്താനും ബാങ്കുകള്‍ പലപ്പോഴും തയ്യാറാകില്ല. പുതിയ നയം മാറുന്നതോടെ ഇതിന് മാറ്റമുണ്ടാകും.
കടക്കാരുടെ ക്രെഡിറ്റ് ചരിത്രം അവരുടെ സമ്മതമില്ലാതെ ഇടയ്ക്കിടെ പരിശോധിക്കാനും ഇനി സാധിക്കില്ല. റിപ്പോര്‍ട്ട് ആര് പരിശോധിച്ചാലും ഉപഭോക്താവിന് എസ്എംഎസ് സന്ദേശമായോ ഇമെയില്‍ വഴിയോ മുന്നറിയിപ്പുകള്‍ ലഭിക്കും