image

26 April 2023 7:45 AM GMT

Personal Finance

പണപ്പെരുപ്പം ഉയരുമ്പോള്‍ പാപ്പരാകാതിരിക്കാന്‍ ഇതാ വഴികള്‍

MyFin Desk

പണപ്പെരുപ്പം ഉയരുമ്പോള്‍ പാപ്പരാകാതിരിക്കാന്‍ ഇതാ വഴികള്‍
X

ഒരാളുടെ നിത്യജീവിതം സമാധാനമുള്ളതാകണം. അതിന് വേണ്ട പ്രധാനപ്പെട്ട ഗുണമാണ് സാമ്പത്തിക അച്ചടക്കം. ഏത് സാഹചര്യത്തിലും മാനസിക സമ്മര്‍ദ്ദമില്ലാതെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ഈ ഗുണം ആവശ്യമാണ്. നിലവില്‍ ലോകം സാമ്പത്തിക പ്രതിസന്ധിയിലൂടെയും പണപ്പെരുപ്പത്തിലൂടെയും കടന്നുപോകുമ്പോള്‍ മുമ്പോട്ട് പോകാന്‍ പലരും ബുദ്ധിമുട്ടും. നേരത്തെ നടത്തിയ സാമ്പത്തിക ആസൂത്രണങ്ങളില്‍ പലതും പാളിപ്പോകാം. കാരണം കൂടിക്കൊണ്ടിരിക്കുന്ന പണപ്പെരുപ്പം സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വലിയ മാറ്റമുണ്ടാക്കും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത് മുതല്‍ നിക്ഷേപം നടത്തുന്നതുവരെ വലിയ ചെലവേറിയ കാര്യമായി മാറും. ഈ സാഹചര്യത്തിലൊക്കെ എങ്ങിനെ മിതമായ തോതില്‍ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ച് മുന്നേറാമെന്ന് അറിഞ്ഞിരിക്കണം.

ബജറ്റ് ഉണ്ടാക്കുക

വ്യക്തിപരമായി സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിന്റെ പ്രധാന പടി ഇത് തന്നെയാണ്. ബജറ്റ് രൂപീകരിച്ചിരിക്കണം. ബജറ്റാണ് കൈവശമുള്ള പണം എത്രയുണ്ടെന്നും എവിടെയൊക്കെ എത്രയൊക്കെ ചെലവാക്കണമെന്നും മുന്‍കൂട്ടി നിശ്ചയിക്കുന്നത്. പണപ്പെരുപ്പം കൂടികൊണ്ടിരിക്കുന്ന സാഹചര്യം മനസിലാക്കി വേണം പുതിയ ബജറ്റ് ഉണ്ടാക്കാന്‍. പരമാവധി ഒഴിവാക്കാവുന്ന ചെലവുകള്‍ ഏതൊക്കെയാണെന്ന് നോക്കി വേണം ഓരോ കാര്യങ്ങള്‍ക്കും പണം അനുവദിക്കാന്‍. ഇത് ഏത് സാഹചര്യത്തിലും അത്യാവശ്യകാര്യങ്ങള്‍ മുടങ്ങാതെ മുമ്പോട്ട് പോകാന്‍ സഹായിക്കും.

ചില ആസ്തികളില്‍ നിക്ഷേപിക്കുക

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ സാധാരണ ആളുകള്‍ ചെലവഴിക്കാന്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാല്‍ അങ്ങിനെയല്ല വേണ്ടത്. പണപ്പെരുപ്പം കാരണം നേട്ടം കൂടുതല്‍ ലഭിക്കുന്ന ആസ്തികള്‍ ഏതൊക്കെയാണെന്ന് മനസിലാക്കി നിക്ഷേപം നടത്താനാണ് പരിഗണന നല്‍കേണ്ടത്. പരമാവധി ചെലവാക്കലുകള്‍ വെട്ടിക്കുറച്ച് പണം വലിയ വരുമാനം നല്‍കാന്‍ സാധ്യതയുള്ള റിയല്‍എസ്റ്റേറ്റ്, ഗോള്‍ജ് ,മ്യൂച്വല്‍ഫണ്ട്, ഓഹരികള്‍ എന്നിവയിലൊക്കെ നിക്ഷേപിക്കുക.

ഇത് ബാങ്ക് അക്കൗണ്ട് കാലിയാക്കുന്നതിന് പകരം വലിയ വരുമാനം നേടി സമ്പാദ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പണപ്പെരുപ്പം ഉയരുമ്പോള്‍ ഓരോരുത്തരും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇത്തരം നിക്ഷേപങ്ങളിലാണ്.

നിക്ഷേപം വൈവിധ്യവത്കരിക്കുക

നിക്ഷേപിക്കാന്‍ മാറ്റിവെക്കുന്ന തുക മുഴുവന്‍ ഒരൊറ്റ ആസ്തിയിലോ ഫണ്ടിലോ കൊണ്ടുപോയി നിക്ഷേപിക്കരുത്. പണപ്പെരുപ്പം കൂടിക്കൊണ്ടിരിക്കുമ്പോള്‍ വരുമാനം നല്കാന്‍ സാധ്യതയുള്ള ആസ്തികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. എല്ലാ ആസ്തികളിലുമായി നിശ്ചിത തുക നിക്ഷേപിക്കുക. ഓഹരികള്‍, സ്ഥിര വരുമാന പദ്ധതികള്‍, റിയല്‍എസ്റ്റേറ്റ് പോലുള്ള ആസ്തികള്‍ തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളുന്ന ആസ്തികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി വേണം നിക്ഷേപിക്കാന്‍.

ഇത് മാന്യമായ വരുമാനം ലഭിക്കാന്‍ സഹായിക്കും. ഒരു ആസ്തിയില്‍ വരുമാനം കുറഞ്ഞാലും മറ്റൊന്നില്‍ കൂടുതല്‍ നേടാം.

വായ്പകള്‍ ഒഴിവാക്കുക

പണപ്പെരുപ്പം കൂടുന്ന സാഹചര്യത്തില്‍ പരമാവധി പലിശ കടങ്ങള്‍ ഒഴിവാക്കുക. ക്രെഡിറ്റ് കാര്‍ഡിലെ വായ്പകള്‍ പോലുള്ളവ നിര്‍ബന്ധമായും അകറ്റി നിര്‍ത്തണം. വ്യക്തികളില്‍ നിന്ന് കടമെടുക്കുന്നതിന് മുന്‍ഗണന നല്‍കാം. പഴയ കടം വേഗം അടച്ചുവീട്ടുകയും പുതിയവ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കുക. ഈ സാഹചര്യത്തില്‍ വായ്പയെടുക്കുന്നത് വലിയ ബാധ്യതകളിലേക്ക് തള്ളിവിടാം.