27 May 2023 11:00 AM
Summary
- 750 ക്രെഡിറ്റ് സ്‌കോറുണ്ടെങ്കില്‍ 8.5% പലിശ
- റീഫിനാന്‍സിങ്ങിന് അധിക ഇളവ്
- 45 ബേസിസ് പോയിന്റിന്റെ കുറവ്
പണപ്പെരുപ്പം കൂടിയ സാഹചര്യത്തില്‍ ഒരുവിധം എല്ലാ ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭവന വായ്പയെ പറ്റി ആലോചിക്കുന്നവരൊക്കെ പിന്നോട്ട് വലിയുന്നതാണ് പതിവ്. എന്നാല്‍ നിലവില്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളിലൂടെ സാമ്പത്തിക മേഖല കടന്നുപോകുമ്പോള്‍ പലിശ നിരക്ക് പുന:പരിശോധിക്കാന്‍ ചില സ്ഥാപനങ്ങള്‍ തയ്യാറാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ്ബിഐ പുതിയ ഭവന വായ്പയെടുക്കുന്നവര്‍ക്ക് ഉള്ള ഭവന വായ്പകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് 45 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്.
ഒരു ബേസിസ് പോയിന്റ് എന്ന് പറഞ്ഞാല്‍ ഒരു ശതമാനത്തിന്റെ നൂറിലൊന്നാണ്. പുതിയ ഭവന വായ്പക്ക് അപേക്ഷിക്കുന്നയാളിന് ക്രെഡിറ്റ് സ്‌കോര്‍ 750 ഉണ്ടെങ്കില്‍ 8.70 ശതമാനമാണ് പലിശ നിരക്ക്. നിലവിലുള്ള ഇതേ യോഗ്യതയുള്ള ഉപഭോക്താവ് നല്‍കേണ്ടി വരുന്നത് 9.15 ശതമാനം പലിശയാണ്. നിലവിലുള്ള ഭവന വായ്പയിന്മേല്‍ വീണ്ടും ലോണ്‍ എടുക്കുന്നവര്‍ക്ക് പലിശയില്‍ 20 ബേസിസ് പോയിന്റിന്റെ കുറവ് അധികമായി വാഗ്ദാനം ചെയ്യുന്നുണ്ട് ബാങ്ക് . ക്രെഡിറ്റ് സ്‌കോര്‍ 750 ഉള്ള അപേക്ഷകന് റീഫിനാന്‍സിന് 8.50 ശതമാനമാണ് പലിശ നിരക്ക്.
ജൂണ്‍ മുപ്പത് മുതലാണ് ഈ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. പഴയ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പയുള്ളവര്‍ക്ക് എസ്ബിഐയിലേക്ക് മാറ്റിവെക്കാവുന്നതാണ്. പുതിയ നിരക്കുകളില്‍ വായ്പ ലഭിക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് വലിയൊരു ആശ്വാസമായിരിക്കും ലഭിക്കുക. നിലവിലുള്ള വായ്പ മാറ്റിവെക്കാന്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ചെലവായി നല്‍കേണ്ടി വരും. എന്നാലും 25 മുതല്‍ 20 ബേസിസ് പോയിന്റ് വരെ കുറവു ലഭിക്കുമെന്നതാണ് പുതിയ നിരക്കുകളെ ആകര്‍ഷകമാക്കുന്നത്.