4 April 2023 11:40 AM GMT
ബാങ്കിലെ നിക്ഷേപങ്ങളില്‍ നമ്മള്‍ പൊതുവേ താല്‍പ്പര്യപ്പെടുന്നത് പലിശയില്‍ നിന്നുള്ള വരുമാനമാണ്. ദീര്‍ഘകാല സേവിങ്‌സുകളിലും ഹ്രസ്വകാല സേവിങ്‌സുകളിലുമൊക്കെ കിട്ടുന്ന പലിശയുടെ തോതിന് തന്നെയാണ് പ്രധാനം. മികച്ച നിരക്കുകളാണ് ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. സേവിങ്‌സ് അക്കൗണ്ടുകളില്‍ നമ്മള്‍ സൂക്ഷിക്കുന്ന ബാലന്‍സിന് ലഭിക്കുന്ന പലിശയില്‍ വലിയ സ്വാധീനമുണ്ടെന്ന് പറയാം. പ്രതിദിനം അക്കൗണ്ടുകളിലുള്ള ബാലന്‍സ് തുക എത്രയെന്ന് ഓരോ ദിവസവും നോക്കി അതിന് പലിശ വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കുന്ന ബാങ്കുകളുണ്ട്. ഇത്തരത്തില്‍ ഡെയ്‌ലി ബാലന്‍സ് പരിശോധിച്ച് ഓരോ ദിവസത്തെയും ബാലന്‍സ് തുക അടിസ്ഥാനമാക്കി പോസ്റ്റ് ഓഫീസും പലിശ നല്‍കുന്നുണ്ട്. രണ്ടര ശതമാനം മുതല്‍ ഏഴര ശതമാനം വരെ വര്‍ഷത്തില്‍ സേവിങ്‌സ് അക്കൗണ്ടിന് പലിശ നല്‍കുന്നു. ഇത് ഒരു വര്‍ഷത്തേക്ക് നോക്കിയാല്‍ നല്ലൊരു സമ്പാദ്യമായി മാറിയിട്ടുണ്ടാകും. സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് നമ്മള്‍ ദിവസവും ചെലവിടുന്ന പണം വെട്ടിക്കുറച്ച ശേഷമുള്ള തുകയ്ക്കാണ് പലിശ നിശ്ചയിക്കുക. ഈ തുക എത്രത്തോളം വലുതാണോ അത്രത്തോളം പലിശ നിരക്കും ഉയരും. അതുകൊണ്ട് ഓരോ ദിവസവും മിനിമം ബാലന്‍സായി നല്ലൊരു തുക ഉറപ്പുവരുത്താന്‍ നോക്കുന്നത് നല്ലതാണ്.
മിനിമം നാല് ശതമാനം മുതല്‍ പലിശ നല്‍കുന്ന ചില ബാങ്കുകള്‍ പരിചയപ്പെടാം
ആര്‍ബിഎല്‍ ബാങ്ക്
സ്വകാര്യബാങ്കായ ആര്‍ബിഎല്ലില്‍ സേവിങ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഡെയ്‌ലി ബാലന്‍സിന് ഏറ്റവും കുറഞ്ഞത് നാലര ശതമാനം പലിശയാണ് ലഭിക്കുന്നത്. ഡെയ്‌ലി ബാലന്‍സ് നോക്കി വാര്‍ഷികാടിസ്ഥാനത്തില്‍ നാലര ശതമാനം മുതല്‍ ഏഴ് ശതമാനം വരെ പലിശ ലഭിക്കും. 2023 മാര്‍ച്ച് ഒന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാണ്.
ഒരു ലക്ഷം രൂപാവരെ ഡെയ്‌ലി ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് നാലര ശതമാനവും പത്ത് ലക്ഷം രൂപാവരെയുള്ളവര്‍ക്ക് അഞ്ചര ശതമാനവും പലിശ ലഭിക്കും.25 ലക്ഷം രൂപാവരെ ഡെയ്‌ലി ബാലന്‍സ് ഉണ്ടാകുന്ന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ആറ് ശതമാനവും അതിന മുകളിലോട്ട് 25 കോടി വരെ ബാലന്‍സുള്ളവര്‍ക്ക് 7%വും പലിശ ലഭിക്കും.
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
സേവിങ്‌സ് അക്കൗണ്ടിസിന് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ചെറുകിട സ്വകാര്യബാങ്കാണിത്. ഒരു ലക്ഷം രൂപാവരെ ഡെയ്‌ലി ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് 4.11% ആണ് വാര്‍ഷിക പലിശ. 2023 ജനുവരി ഒന്ന് മുതല്‍ പുതുക്കിയ നിരക്കിലാണ് പലിശ നല്‍കുന്നത്. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ബാലന്‍സിന് 6.11%വും അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ 7.11%വും പലിശ ലഭിക്കും.
പോസ്റ്റ്ഓഫീസ് സേവിങ്‌സ് അക്കൗണ്ട്
പോസ്റ്റ്ഓഫീസും ഡെയ്‌ലി ബാലന്‍സ് നോക്കി സേവിങ്‌സ് അക്കൗണ്ടുകളില്‍ പലിശ നല്‍കുന്നുണ്ട്. പോസ്റ്റ്ഓഫീസില്‍ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാന്‍ മിനിമം 500 രൂപ വേണം. എല്ലാ മൂന്ന് മാസം കൂടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ സേവിങ്‌സ് സ്‌കീമുകളിലെ പലിശ പ്രഖ്യാപിക്കും. ഡെയ്‌ലി ബാലന്‍സിന്മേല്‍ നാലുശതമാനമാണ് പോസ്റ്റ്ഓഫീസ് പലിശ നല്‍കുന്നത്.
യൂനിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
സേവിങ്‌സ് അക്കൗണ്ടിന് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കാണിത്. ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് പലിശ നിരക്ക്. ഒരു ലക്ഷം രൂപാവരെ ഡെയ്‌ലി ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് ആറ് ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷത്തിന് മുകളില്‍ ബാലന്‍സുള്ള അക്കൗണ്ട് ഹോള്‍ഡര്‍ക്ക് ഏഴ് ശതമാനമാണ് പലിശ നല്‍കുന്നത്. 2023 ജനുവരി 22 മുതലാണ് പുതിയ നിരക്കുകളില്‍ പലിശ നല്‍കി വരുന്നത്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും നാല് ശതമാനം സേവിങ്‌സ് അക്കൗണ്ടിലെ ഡെയ്‌ലി ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ പലിശ നല്‍കുന്നുണ്ട്. ഒരു ലക്ഷം രൂപാ മുതല്‍ അഞ്ച് ലക്ഷം വരെ പ്രതിദിന ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് ആറ് ശതമാനമാണ് ബന്ധന്‍ ബാങ്കിന്റെ വാര്‍ഷിക നിരക്ക്.