
Summary
- കുറഞ്ഞ കാലത്തേക്ക് കൂടുതല്‍ പലിശ
- ലോണ്‍ ടു വാല്യൂ റേഷ്യോ നോക്കും
- വായ്പാ തുകയും ഘടകം
വായ്പ എളുപ്പത്തില്‍ ലഭിക്കാന്‍ ഗോള്‍ഡ് ലോണുകളേക്കാള്‍ നല്ലൊരു ഓപ്ഷനില്ല. പ്രത്യേകിച്ചും സ്വര്‍ണത്തിന് തീപോലെ...
വായ്പ എളുപ്പത്തില്‍ ലഭിക്കാന്‍ ഗോള്‍ഡ് ലോണുകളേക്കാള്‍ നല്ലൊരു ഓപ്ഷനില്ല. പ്രത്യേകിച്ചും സ്വര്‍ണത്തിന് തീപോലെ വില ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍. എന്നാല്‍ നിമിഷങ്ങള്‍ക്കകം പാസാകും എന്നതുകൊണ്ട് തന്നെ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് വലിയ പലിശയ്ക്ക് വായ്പയെടുക്കുന്നത് മണ്ടത്തരമാണ്. ബാങ്കുകളും എന്‍ബിഎഫ്‌സികളുമൊക്കെ എത്ര ശതമാനം പലിശ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ആദ്യമേ അറിഞ്ഞിരിക്കണം. സ്വര്‍ണ വായ്പകളില്‍ പലിശ നിരക്ക് നിശ്ചയിക്കുന്നത് എന്തിന്റെയൊക്കെ അടിസ്ഥാനത്തിലാണെന്ന് നോക്കാം.
വായ്പാ തുക
സ്വര്‍ണ വായ്പയുടെ പലിശ നിരക്കിനെ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണിത്. വലിയ തുക വായ്പയെടുത്താല്‍ വലിയ പലിശ നല്‍കേണ്ടി വരും. ചെറിയ തുക വായ്പയെടുക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പലിശയാണ് നിശ്ചയിക്കുന്നത്. പണം കൂടുന്തോറും അത് തിരിച്ചുകിട്ടാതിരിക്കാനുള്ള സാഹചര്യം പരിഗണിച്ചാണ് സ്ഥാപനങ്ങള്‍ പലിശ നിരക്ക് ഉയര്‍ത്തി നിശ്ചയിക്കുന്നത്.
കാലാവധി
വായ്പയുടെ കാലാവധി നോക്കിയും പലിശ നിശ്ചയിക്കാറുണ്ട്. സ്വര്‍ണ വായ്പ എടുക്കുന്നത് എത്ര കാലത്തേക്കാണ് എന്നാണ് നോക്കുന്നത്. ദീര്‍ഘകാല വായ്പകളെ അപേക്ഷിച്ച് ചെറിയ കാലയളവിലുള്ള വായ്പകള്‍ക്ക് വലിയ പലിശ നിരക്കാണ് സാധാരണ ഗതിയില്‍ ഈടാക്കുനനത്.
ലോണ്‍ ടു വാല്യൂ റേഷ്യോ:
വായ്പാക്കാരന്‍ ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ ശതമാനമാണ് എല്‍ടിവി റേഷ്യോ. നേരത്തെ എല്‍ടിവി 75 ശതമാനമായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ 2023 മാര്‍ച്ച് 31 വരെ ആര്‍ബിഐ എല്‍ടിവി 90 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
കുറഞ്ഞ എല്‍ടിവി അനുപാതത്തേക്കാള്‍ ഉയര്‍ന്ന എല്‍ടിവിക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കാം. സ്വര്‍ണ വായ്പ സുരക്ഷിതമായ വായ്പയായതിനാല്‍ സുരക്ഷിതമല്ലാത്ത വായ്പകളേക്കാള്‍ പലിശ നിരക്ക് കുറയാറാണ് പതിവ്.
മാസവരുമാനം: സ്വര്‍ണ വായ്പ സാധാരണ ഈടിന്മേലുള്ളതാണെങ്കിലും വായ്പ എടുക്കുന്നയാള്‍ക്ക് വരുമാനമുണ്ടോ എന്നുകൂടി ചില സ്ഥാപനങ്ങള്‍ അന്വേഷിക്കാറുണ്ട്. മികച്ച ശമ്പളം വാങ്ങുന്നയാള്‍ തിരിച്ചടക്കാനുള്ള സാധ്യത കൂടുന്നതിനാല്‍ പലിശ നിരക്കും കുറയാറുണ്ട്.
വിപണി സാഹചര്യം
വിപണിയിലെ അസ്ഥിരത സ്വര്‍ണ വായ്പയുടെ പലിശ നിരക്കുകളെയും ബാധിക്കാറുണ്ട്. പണപ്പെരുപ്പവും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളും സ്വര്‍ണത്തിന്റെ ഡിമാന്റും സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളുമൊക്കെ പലിശ നിരക്കിനെ ബാധിക്കുന്നുണ്ട്. കൂടാതെ ആര്‍ബിഐയുടെ റിപ്പോ നിരക്ക് വ്യത്യാസപ്പെടുമ്പോള്‍ സ്ഥാപനങ്ങളും അതിന് അനുസരിച്ചായിരിക്കും വായ്പകളില്‍ പലിശ ഈടാക്കുക.