image

28 May 2023 1:45 PM

Banking

സ്ഥിര നിക്ഷേപം ; പലിശ പരിഷ്‌കരിച്ച് എച്ച്ഡിഎഫ്‌സി

MyFin Desk

സ്ഥിര നിക്ഷേപം ; പലിശ പരിഷ്‌കരിച്ച് എച്ച്ഡിഎഫ്‌സി
X

Summary

  • മുതിര്‍ന്ന പൗരന്മാര്‍ക്കും നേട്ടം
  • രണ്ട് കോടിയോ അതില്‍ മുകളിലോ നിക്ഷേപം
  • പുതുക്കിയ നിരക്കുകള്‍ മെയ് 27 മുതല്‍


സ്ഥിര നിക്ഷേപങ്ങളില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിച്ച് സ്വകാര്യ ബാങ്ക് എച്ച്ഡിഎഫ്‌സി. രണ്ട് കോടി രൂപ മുതല്‍ അഞ്ച് കോടി രൂപാവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പലിശ പരിഷ്‌കരിച്ച് ബാങ്ക് ഉത്തരവിറക്കിയത്. നിലവില്‍ ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 4.75 ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് സാധാരണ ഉപഭോക്താവിന് പലിശ . മുതില്‍ന്ന പൗരന്മാര്‍ക്ക് 5.25 ശതമാനം മുതല്‍ 7.75 ശതമാനം വരെയും പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ പതിനഞ്ച് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി പലിശ നിരക്ക് സാധാരണ പൗരന്മാര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവുമാണ്.

പുതിയ തീരുമാനം അനുസരിച്ച് വലിയ നിക്ഷേപങ്ങള്‍ക്ക് ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ള കാലയളവിലേക്ക് 4.75 ശതമാനം ആണ് പലിശ നല്‍കുക. മുപ്പത് ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50% വും പലിശ നല്‍കും. 46 ദിവസം മുതല്‍ 60 ദിവസം വരെയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 5.75 ശതമാനവും 61 മുതല്‍ 89 ദിവസം വരെ ആറ് ശതമാനവും പലിശ ലഭിക്കും. അതുപോലെ 90 ദിവസം മുതല്‍ ആറ് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനവും ആറ് മാസവും ഒരു ദിവസവും മുതല്‍ ഒമ്പത് മാസക്കാലയളവിലേക്ക് നിക്ഷേപിച്ചാല്‍ 6.65 ശതമാനമായിരിക്കും പലിശ .

ബാങ്ക് ഒമ്പത് മാസവും ഒരു ദിവസവും മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മെച്യുറാകുന്ന സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ വലിയ തുക ഒരു വര്‍ഷം മുതല്‍ 15 മാസം വരെയുള്ള കാലായളവിലേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 7.25 ശതമാനമാണ് പലിശ നല്‍കുക. രണ്ട് വര്‍ഷവും ഒരു ദിവസവും മുതല്‍ പത്ത് വര്‍ഷത്തേക്ക് അതായത് ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ക്ക് ഏഴ് ശതമാനം പലിശയും ബാങ്ക് നല്‍കും. ഇതൊക്കെ സാധാരണ പൗരന്മാര്‍ക്കുള്ള നിരക്കുകളാണ്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരക്കുയര്‍ത്തിയിട്ടുണ്ട്. ഏഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷത്തേക്ക് 0.50% അധിക നിരക്കിലും അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 0.25 ശതമാനവും അധിക നിരക്ക് ലഭിക്കും. പുതുക്കിയ നിരക്കുകള്‍ മെയ് 27 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.