image

1 July 2023 8:15 PM IST

Banking

ബാങ്കിന് ഉത്തരവാദിത്തങ്ങൾ കുറച്ച് പുതിയ ലോക്കർ കരാറുകൾ വരുന്നു

MyFin Desk

ബാങ്കിന് ഉത്തരവാദിത്തങ്ങൾ കുറച്ച് പുതിയ ലോക്കർ കരാറുകൾ വരുന്നു
X

Summary

  • പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് 2021ലെ സുപ്രീം കോടതി വിധിയെ തുടർന്ന്
  • പാസ്‍വേർഡോ കീയോ ദുരുപയോ​ഗം ചെയ്യപ്പെട്ടാല്‍ ഉത്തരവാദിത്വം ഉപഭോക്താക്ക്
  • അനധികൃത വസ്തുക്കൾ ലോക്കറിൽ സൂക്ഷിക്കുന്നതിന് വിലക്ക്


ബാങ്കുകളിലെ ലോക്കർ ചട്ടങ്ങൾ മാറുകയാണ്. 50 ശതമാനം ഉപയോക്താക്കളുടെയെങ്കിലും ലോക്കർ എഗ്രിമെന്റുകൾ പുതുക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച സമയപരിധി ജൂൺ 30ന് അവസാനിച്ചു. ഒരു ഉപഭോക്താവെന്ന നിലയിൽ ലോക്കർ നിയമങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം അറിഞ്ഞിരിക്കേണ്ടതുണ്ട്. ബാങ്കുകളുടെയും ലോക്കർ ഉപയോക്താക്കളുടെയും ലോക്കർ ഉത്തരവാദിത്തങ്ങളെ പറ്റിയുള്ള 2021ലെ സുപ്രധാനമായ സുപ്രീം കോടതി വിധിയെ തുടർന്നാണ് ആർബിഐ പുതിയ മാർ​ഗനിര്‍ദേശങ്ങള്‍ കൊണ്ടു വന്നത്. മുമ്പ്, ബാങ്കുകൾ ലോക്കറുകളുടെ സംരക്ഷകരായി പ്രവർത്തിക്കുകയും സംഭരിച്ച വസ്തുക്കൾക്ക് എന്തെങ്കിലും കേടുപാടുകൾ വന്നാല്‍ വലിയ തോതില്‍ അതിന്‍റെ ബാധ്യത ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ പുതിയ ചട്ടങ്ങൾ പ്രകാരം, ബാങ്കും ലോക്കര്‍ ഉപയോക്താവും തമ്മിലുള്ള ബന്ധം വാടകക്കാരനും പാട്ടക്കാരനും തമ്മിലുള്ള കരാർ മാത്രമാണ്. ലോക്കർ സ്‌പേസ് ദുരുപയോഗം ചെയ്യരുതെന്ന നിബന്ധനയോടെ ബാങ്കുകൾ ലോക്കർ ഉപയോ​ഗിക്കാൻ നൽകുന്നു എന്നാണ് പുതിയ കരാർ.

നിരോധിതവസ്തുക്കൾ, മയക്കുമരുന്ന്, ആയുധങ്ങൾ, റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ, അല്ലെങ്കിൽ നശിക്കുന്ന വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ ലോക്കറുകളിൽ സൂക്ഷിക്കുന്നതിന് ഉപഭോക്താക്കൾക്ക് വിലക്കുണ്ട്. കൂടാതെ, മറ്റേതെങ്കിലും രാജ്യത്തു നിന്നുള്ള കറൻസികൾ, പണം എന്നിവ സൂക്ഷിക്കുന്നത് കർശനമായി നിരോധിക്കുന്നുണ്ട്. രേഖകളും ആഭരണങ്ങളും സൂക്ഷിക്കുന്നതിന് മാത്രമായിരിക്കണം ലോക്കറുകൾ ഉപയോഗിക്കേണ്ടത്. കൂടാതെ ലോക്കറുകൾ ഉപയോ​ഗിക്കേണ്ടത് വാടക നൽകി മാത്രമാണ്.

ഉപഭോക്താക്കളുടെ വ്യക്തിഗത ഉപയോഗത്തിന് മാത്രമുള്ളതാണ് ലോക്കറുകളെന്നും. ലോക്കർ ലൈസൻസ് കൈമാറ്റം ചെയ്യാനാകില്ലെന്നും ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. ലോക്കർ വാടകയ്‌ക്കെടുക്കുന്നയാൾ മരണപ്പെട്ടാൽ, ലോക്കറിലുള്ള വസ്തുക്കൾ ലഭിക്കുന്നത് നോമിനികൾക്കായിരിക്കും. നോമിനിക്ക് വസ്തുകൾ നൽകുന്നതിന് മുൻപ് മരണ സർട്ടിഫിക്കറ്റ് പരിശോധിക്കുകയും നോമിനിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും ചെയ്യും. ലോക്കർ വസ്തുകൾ എളുപ്പത്തിൽ നോമിനിക്ക് കൈമാറ്റം ചെയ്യുന്നതിന് അക്കൗണ്ട് ഉടമകൾ നോമിനേഷൻ നൽകുകയും അവ അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്.

നിയമങ്ങളിൽ മാറ്റം വരുത്തിയെങ്കിലും അനധികൃത വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് സംശയം തോന്നിയാൽ ലോക്കർ പരിശോധിക്കാനുള്ള അധികാരം ബാങ്കിനുണ്ട്. അത്തരം സന്ദർഭങ്ങളിൽ, ബാങ്കിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാമെങ്കിലും ഉപഭോക്താവിന്റെ സാന്നിധ്യത്തിൽ മാത്രമേ ലോക്കർ തുറക്കാൻ കഴിയൂ. ലോക്കറിന്റെ പാസ്‍വേർഡോ കീയോ ദുരുപയോ​ഗം ചെയ്യപ്പെട്ടാല്‍ ഉത്തരവാദിത്വം ഉപഭോക്താക്കളാണ്. ഉപഭോക്താക്കൾക്ക് ലോക്കർ ഉപയോ​ഗ വേളയിൽ ഇമെയിലിലൂടെയും എസ്എംഎസും വഴിയും അറിയിപ്പുകൾ ലഭിക്കും.

ലോക്കറിന്റെ അനധികൃത ഉപയോഗത്തിന് ബാങ്ക് ഉത്തരവാദിയല്ല. കൂടാതെ, ഭൂകമ്പം, വെള്ളപ്പൊക്കം, അല്ലെങ്കിൽ തീവ്രവാദ ആക്രമണങ്ങൾ പോലുള്ള മനുഷ്യ നിർമിത ദുരന്തങ്ങൾ, ഉപഭോക്തൃ അശ്രദ്ധ, പ്രകൃതിദുരന്തങ്ങൾ എന്നിയ്ക്കും ബാങ്ക് ബാധ്യത വഹിക്കുന്നില്ല. കെട്ടിട തകർച്ച, മോഷണം, തീപിടിത്തം, കവർച്ച, ജീവനക്കാരോ ബാങ്കോ നടത്തുന്ന വഞ്ചനാപരമായ പ്രവൃത്തികൾ എന്നിവയുടെ കാര്യത്തില്‍ ബാങ്കിന് ബാധ്യത ഉണ്ടായിരിക്കും.

പുതിയ ലോക്കർ കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. 2023 ജൂൺ 30-നകം, നിലവിലുള്ള ഉപഭോക്താക്കളുടെ കരാറുകളുടെ 50% എങ്കിലും പുതുക്കണം എന്നായിരുന്നു നിര്‍ദേശം., 2023 സെപ്റ്റംബർ 30നുള്ളിൽ ഇത് 75% ആയി വർധിപ്പിക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.