1 Sep 2022 5:05 AM GMT
Summary
കാലാവസ്ഥ വ്യതിയാനം ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കഠിനമായ ചൂടും, മേഘവിസ്‌ഫോടനവും, ചക്രവാത ചുഴിയും മലയാളിയുടെ ജീവിതത്തിലെ നിത്യസാനിധ്യമാണ്. മുമ്പ് ചുരുങ്ങിയത് ഒരു ജില്ലയിലെങ്കിലും സമാന സ്വാഭാവത്തോടെ വ്യാപകമായി ലഭിച്ചിരുന്ന മഴയുടെ സ്ഥാനത്ത് ഇന്ന് പഞ്ചായത്ത് വാര്‍ഡ് തിരിച്ചാണ് അതിശക്തമഴ പെയ്യുന്നത്. ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്ന അതിശക്തമായ മഴ രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും കഠിനമായ വെള്ളക്കെട്ടിനും കാരണമാകുന്നു. അതായത്, ഇന്ന് കേരളത്തില്‍ ഒരു പ്രദേശവും ആ നിലയ്ക്ക് നോക്കിയാല്‍ […]
കാലാവസ്ഥ വ്യതിയാനം ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കഠിനമായ ചൂടും, മേഘവിസ്‌ഫോടനവും, ചക്രവാത ചുഴിയും മലയാളിയുടെ ജീവിതത്തിലെ നിത്യസാനിധ്യമാണ്. മുമ്പ് ചുരുങ്ങിയത് ഒരു ജില്ലയിലെങ്കിലും സമാന സ്വാഭാവത്തോടെ വ്യാപകമായി ലഭിച്ചിരുന്ന മഴയുടെ സ്ഥാനത്ത് ഇന്ന് പഞ്ചായത്ത് വാര്‍ഡ് തിരിച്ചാണ് അതിശക്തമഴ പെയ്യുന്നത്. ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്ന അതിശക്തമായ മഴ രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും കഠിനമായ വെള്ളക്കെട്ടിനും കാരണമാകുന്നു.
അതായത്, ഇന്ന് കേരളത്തില്‍ ഒരു പ്രദേശവും ആ നിലയ്ക്ക് നോക്കിയാല്‍ 'സേയ്ഫ'് അല്ല. രാവിലെ പോര്‍ച്ചിലിട്ട് പോകുന്ന വണ്ടി മണിക്കൂറുകള്‍ക്കകം മുങ്ങി പോകുന്ന അവസ്ഥ ഇന്ന് നഗര- ഗ്രാമ വ്യത്യസമില്ലാതെ നിത്യസംഭവങ്ങളായി മാറുന്നു. മുമ്പ് മണ്‍സൂണ്‍ കാലത്ത് , അതും വാഹനം റോഡിലിറക്കിയാല്‍ മാത്രം അനുഭവിക്കേണ്ടിയിരുന്ന പ്രതിസന്ധി വീട്ടകങ്ങളിലേക്ക് വരെ എത്തിയിട്ടുണ്ടിന്ന്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പുനരാലോചന അത്യാവശ്യമാണ്.INS
മഴക്കാലത്ത് മനസമാധാനത്തോടെ വാഹനമോടിക്കാന്‍ ( പാര്‍ക്ക് ചെയ്യാനും) ആവശ്യമായ ഇന്‍ഷൂറന്‍സ് കവറേജ് സ്വന്തമാക്കുക എന്നുള്ളതാണ് പ്രധാനം. ഒപ്പം വെള്ളത്തില്‍ പെട്ടുപോയാല്‍ എന്തു ചെയ്യണമെന്നും അറിയണം. കാരണം വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ അധിക ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പോക്കറ്റ് കാലിയാകും.
എല്ലാ പോളിസിയും കവര്‍ ചെയ്യില്ല
നിങ്ങളുടെ വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും എല്ലാ പോളിസികളും ഇതിന് പരിരക്ഷ നല്‍കുന്നില്ല. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമുള്ള വാഹനങ്ങളാണ് നിങ്ങളുടേത് എങ്കില്‍ ഇത്തരം പ്രതിസന്ധിയില്‍ കവറേജ് ഉണ്ടാകില്ല. ഇനി കോംപ്രിഹെന്‍സിവ് കവറേജുള്ള പോളിസികളാണെങ്കില്‍ തന്നെ ഡാമേജിന്റെ കാരണങ്ങളാകും പരിഗണിക്കുക. ഉദാഹരണത്തിന് വെള്ളപ്പൊക്കം നിങ്ങളുടെ വാഹനത്തെ നശിപ്പിച്ചുവെങ്കില്‍ കോംപ്രിഹെന്‍സീവ് കവറേജിന്റെ പരിധിയില്‍ പെടും. എന്നാല്‍ ആ വെള്ളക്കെട്ട് മനുഷ്യ നിര്‍മിതമാണെങ്കില്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ട് പോളിസി എടുക്കുന്നതിന് മുമ്പ് നിബന്ധനകള്‍ കൃത്യമായി മനസിലാക്കണം.
ആഡ് ഓണ്‍ പരിഗണിക്കണം
വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയിലോ നഗരത്തിലോ ആണ് നിങ്ങള്‍ വസിക്കുന്നതെങ്കില്‍/ തീര്‍ച്ചയായും ഇതിനുള്ള മുന്‍ കരുതല്‍ എടുക്കണം. അപകട ഇന്‍ഷൂറന്‍സിന് പുറമേ വാഹനത്തിന്റെ എഞ്ചിന് എല്ലാ തരത്തലുമുളള പരിരക്ഷ ഉറപ്പാക്കുന്ന 'ആഡ് ഓണു'കള്‍ നിലവിലെ ഇന്‍ഷൂറന്‍സിനോട് കൂട്ടി ചേര്‍ക്കണം. നിലവില്‍ ഈ പരിരക്ഷ ഇല്ലെങ്കില്‍ പോളിസി പുതുക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണം. വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വരുമ്പോള്‍ അക്സസറികള്‍ക്കും നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ട്. നിലവിലെ പോളിസിയിലേക്ക് പരിരക്ഷ കൂട്ടിചേര്‍ക്കുമ്പോള്‍ ഇതും പരിഗണിക്കാം. സാധാരണയായി വെള്ളം കയറി എഞ്ചിന്‍ നിന്നുപോയതിനെ തുടര്‍ന്നുണ്ടാകുന്ന ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ മഴക്കാലത്ത് കൂടും. ഇത് ഒരു അപകടമല്ലാത്തതിനാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ക്ലെയിം നിരസിക്കുകയും ചെയ്യും.
സ്റ്റാര്‍ട്ട് ബട്ടണ്‍ വേണ്ട
വെള്ളം കയറി എഞ്ചിന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെയാണ് സാങ്കേതികമായ 'ഹൈഡ്രോളിക് ലോക'് എന്നു പറയുന്നത്. മഴക്കാലത്തെ ക്ലെയിമുകളില്‍ അപകടം മാറ്റി നിര്‍ത്തിയാല്‍
ഭൂരിഭാഗവും ഇതാണ്. മുങ്ങിയ വാഹനം സറ്റാര്‍ട്ട് ചെയ്യുമ്പോഴാണ് എഞ്ചില്‍ ലോക്കാവുന്നത്. വെള്ളക്കെട്ടിലൂടെ ഓടുന്ന വാഹനം നിന്നുപോയതിന് ശേഷം രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യുന്നതും അപകടകരമാണ്. ചിലര്‍ തുടര്‍ച്ചയായി സ്റ്റാര്‍ട്ടിംഗ് ബട്ടണ്‍/ കീ അമര്‍ത്തികൊണ്ടേയിരിക്കും. ഇങ്ങനെ ചെയ്താല്‍ ക്ലെയിം ലഭിക്കില്ല. കാരണം ഇതൊന്നും ഇന്‍ഷൂറന്‍സ് കമ്പനിയുടെ കണക്കില്‍ അപകടമല്ല.മറിച്ച് ബോധപൂര്‍വമുള്ള ചെയ്തിയാണ്. ഉടമയുടെ അശ്രദ്ധയായിട്ടാണ് ഇതിനെ വിലയിരുത്തുക. അതേസമയം ജലനിരപ്പിനെ കുറിച്ച് ഡ്രൈവര്‍ക്ക് അറിയില്ലാതിരുന്ന സാഹചര്യമാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഇതൊരു അപകടമായി മാറും. അപ്പോഴും നിന്നു പോയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ ശ്രദ്ധക്കുറവാകും. ഇവിടെ അപകടവും, ശ്രദ്ധക്കുറവും, അറിവില്ലയമയും പോളിസി കവറേജിന്റ് പരിധിയും കെട്ടുപിണഞ്ഞ് കിടക്കുന്ന 'േ്രഗ ഏരിയ' ധാരാളം ഉള്ളതിനാല്‍ വാഹന ഉടമയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ തര്‍ക്കത്തിന് 'സ്‌പേസ്' ഏറെയാണ്.
കാര്‍ മുങ്ങിയാല്‍
ഇനി നിങ്ങളുടെ കാര്‍ ഓടിക്കുമ്പോള്‍ വെള്ളത്തില്‍ മുങ്ങി പോയി എന്ന് കരുതുക. ചില മുന്‍കരുതല്‍ ഇവിടെ എടുക്കാവുന്നതാണ്. കാര്‍ മുങ്ങിപോവുന്ന സാഹചര്യമുണ്ടായാല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കാതെ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടി വരും. കഴിയുന്നതും ലോക്കല്‍ വര്‍ക്ക്ഷോപ്പ് ഒഴുവാക്കുന്നതാണ് നല്ലത്. പിന്നീട് കമ്പനി പറയുന്ന തൊട്ടടുത്തുള്ള ഗ്യാരേജില്‍ വാഹനമെത്തിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ടത് റോഡ് സൈഡ് അസിസ്റ്റന്‍സ് നിങ്ങളുടെ പോളിസിയുടെ ഭാഗമല്ലെങ്കില്‍ വാഹനം ഗ്യാരേജില്‍ എത്തിക്കാനുള്ള ചെലവ് സ്വയം വഹിക്കേണ്ടി വരും. സീറ്റ് വരെ മുങ്ങിയെങ്കില്‍ സെന്‍സറുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ക്ക് ഡാമേജ് സംഭവിക്കാം. ഇന്‍ഷൂറന്‍സ് കമ്പനി ഫാക്ടറിയില്‍ നിന്ന് ഫിറ്റ് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ക്കേ പരിരക്ഷ നല്‍കൂ.