7 Jun 2023 6:26 AM GMT
Summary
- കൃത്യമായ ആസൂത്രണവും ലക്ഷ്യവും ഉണ്ടെങ്കിൽ വിദ്യാഭ്യാസ വായ്പ
- പ്രതിമാസ അടവ് കൂടാതെ അധിക പേയ്‌മെന്റുകൾ നടത്താം
- റീഫിനാൻസ് ചെയ്യുന്നതിലൂടെ പലിശ കുറയാം
വിദ്യാഭ്യാസം ഏറ്റവും വലിയ സമ്പത്താണ്. ഭാവിയിലേക്കുള്ള നിക്ഷേപം ആണ്. എന്നാൽ ദിവസം കഴിയും തോറും വിദ്യാഭ്യാസം കൂടുതൽ ചെലവേറിയതായി വരുന്നു. ഭാവി സ്വപ്നങ്ങൾക്ക് പണം ഒരു വിലങ്ങുതടി ആയി മാറുന്നു. വിദ്യാഭ്യാസ കാലത് പണത്തെ പറ്റി ആശങ്കപ്പെടാതെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടിയെടുക്കാൻ വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥികളെ വളരെയധികം സഹായിക്കുന്നു. പല വിദ്യാർത്ഥികളും വിദ്യാഭ്യാസ വായ്പ എടുക്കാൻ മടി കാണിക്കാറുണ്ട്.എന്നാൽ കൃത്യമായ ആസൂത്രണവും ലക്ഷ്യവും ഉണ്ടെങ്കിൽ വിദ്യാഭ്യാസ വായ്പ ഒരു ബാധ്യത ആവാതെ എളുപ്പത്തിൽ അടച്ചു തീർക്കാൻ കഴിയും
തിരിച്ചടവിനു കൃത്യമായ പ്ലാൻ
വായ്പ നൽകുന്ന ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി അറിഞ്ഞിരിക്കണം.പ്രതിമാസം എത്ര രൂപ അടവ് വരുമെന്നും തിരിച്ചടവ് പൂർത്തിയാക്കേണ്ട സമയത്തെപറ്റിയും ഒക്കെ കൃത്യമായ ധാരണ ഉണ്ടാവണം. ഇതിനായി ഓൺലൈൻ ടൂളുകളോ ലോൺ കാൽക്കുലേറ്ററോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഇതനുസരിച്ചു തിരിച്ചടവിനു ഒരു കൃത്യമായ പ്ലാൻ ഉണ്ടാക്കുന്നത് കൊണ്ട് സമ്മർദ്ദങ്ങളില്ലാതെ തിരിച്ചടവ് പൂർത്തിയാക്കാൻ സഹായിക്കും
അധികപേയ്‌മെന്റുകൾ നടത്താം
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുമ്പോൾ പ്രതിമാസ അടവ് കൂടാതെ അധിക പേയ്‌മെന്റുകൾ നടത്താം.വളരെ ചെറിയ അധിക പേയ്മെന്റ് നടത്തുമ്പോൾ പ്രിൻസിപ്പൽ തുകയിൽ അത് കാര്യമായ കുറവ് വരുത്തും. മൊത്തം അടക്കുന്ന പലിശയിലും കുറവ് വരും. വളരെ വേഗം തന്നെ കടത്തിൽ നിന്ന് പുറത്തു കടക്കാനും കഴിയും
കൂടുതൽ പലിശയുള്ള ലോണിന് മുൻതൂക്കം
ഏതെങ്കിലും കാരണവശാൽ ഒന്നിൽ കൂടുതൽ വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കിൽ കൂടുതൽ പലിശ നിരക്കുള്ള ലോണിന് മുൻഗണന നൽകാം. മിനിമം തുകയിൽ കൂടുതൽ തിരിച്ചടവ് നടത്തുമ്പോൾ പ്രിൻസിപ്പൽ തുകയിലേക്ക് വരവ് വെക്കുകയും ഭാവിയിൽ കൂടുതൽ പലിശ അടക്കുന്നത് കുറക്കാനും കഴിയും.എന്നാൽ എല്ലാ ലോണിലും മിനിമം അടക്കേണ്ട തുക കൃത്യമായി തിരിച്ചടവ് നടത്തണം. അതെ സമയം കൂടുതൽ പലിശനിരക്കുള്ളവക്ക് അധിക പേയ്മെന്റ് നടത്തുന്നതിന് മുൻഗണന നൽകാം. ഇങ്ങനെ ദീർഘകാലാടിസ്ഥാനത്തിൽ ലോൺ ബാധ്യത കുറയും.
വായ്പ റീഫിനാൻസ് ചെയ്യാം
സ്വകാര്യ ബാങ്കിൽ നിന്നുമെടുത്ത വിദ്യാഭ്യാസ വായ്പ ആണെങ്കിൽ റീഫിനാൻസ് ചെയ്യുന്നതിലൂടെ പലിശ കുറയാനും അതുവഴി പണം ലഭിക്കാനും കഴിയും. വിവിധ വായ്പ ദാതാക്കളുടെ വ്യവസ്ഥകളും പലിശ നിരക്ക് താരതമ്യം ചെയ്യുന്നതിലൂടെ ഏറ്റവും നല്ല റീഫിനാൻസിങ് ഓപ്ഷൻ കണ്ടെത്താൻ സാധിക്കും.
വരുമാനം വർധിപ്പിക്കുക
വായ്പ തിരിച്ചടവ് കാലത്തു വരുമാനമാർഗം കൂട്ടാൻ ശ്രമിക്കുന്നതിലൂടെ വായ്പാതിരിച്ചടവിനു കൂടുതൽ പണം ലഭിക്കും.പാർടൈം ജോലി ചെയ്യുന്നതിലൂടെയോ ഫ്രീലാൻസ് വർക്ക് ഏറ്റെടുക്കുന്നതിലൂടെയോ ഒക്കെ ഈ അധിക വരുമാനം കണ്ടെത്താവുന്നതാണ്.ഇതിലൂടെ അധിക പേയ്മെന്റ് നടത്തി തിരിച്ചടവ് വേഗത്തിലാക്കാം.
മിതവ്യയം ശീലിക്കാം
മാസം തോറുമുള്ള ചെലവുകൾ വിലയിരുത്തിയശേഷം അനാവശ്യചെലവുകൾ വെട്ടിക്കുറക്കാവുന്നതിലൂടെ തിരിച്ചടവിനായി കൂടുതൽ പണം കണ്ടെത്താം.ഉദാഹരണത്തിന് സ്ഥിരം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറക്കുന്നതിലൂടെയോ ചെലവ് കുറഞ്ഞ രീതിയിൽ ഉള്ള വിനോദോപാധികൾ കണ്ടെത്തുന്നതിലൂടെയുമൊക്കെ അനാവശ്യ ചെലവുകൾ കുറക്കാവുന്നതാണ്. ഇതിലൂടെ ലഭിക്കുന്ന പണം തിരിച്ചടവിനായി ഉപയോഗിക്കണം.
തിരിച്ചടവ് കൃത്യമായി ട്രാക്ക് ചെയ്യാം
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് നടത്തുമ്പോൾ സാമ്പത്തിക അച്ചടക്കം അത്യാവശ്യമാണ്.തിരിച്ചടവ് ട്രാക്ക് ചെയ്യുന്നതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്നത് വിലയിരുത്താൻ കഴിയും.വായ്പയിലേക്ക് അടക്കുന്ന ഓരോ അധിക രൂപയും സാമ്പത്തികസ്വാതന്ത്ര്യത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു.