10 July 2023 12:49 PM GMT
Summary
- അടിയന്തിരഘട്ടങ്ങൾ വ്യക്തിഗത വായ്പ എടുക്കാറുണ്ട്
- ഈടില്ലാതെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് മെച്ചം
- ഉയര്ന്ന പലിശ നിരക്ക് ഈടാക്കാറുണ്ട്
പണത്തിന്റെ അത്യാവശ്യം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. സാമ്പത്തിക പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളി തന്നെയാണ്. ക്രെഡിറ്റ് ഹിസ്റ്ററി, വരുമാനം, വായ്പാ ദാതാവുമായുള്ള സാമ്പത്തിക ബന്ധങ്ങൾ എന്നിവയൊക്കെ അടിസ്ഥാനമാക്കി ഫണ്ട് ലഭിക്കാൻ സഹായിക്കുന്ന വായ്പയാണ് വ്യക്തിഗത വായ്പ. ജീവിതത്തിലെ ഏതു ആവശ്യങ്ങൾക്കും ഗുണകരമാവുന്ന വ്യക്തിഗത വായ്പ ഇപ്പോഴും ജനപ്രിയമാണ്.
വലിയ നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ വളരെ വേഗത്തിൽ ലഭിക്കുന്ന വായ്പകൾ ആണ് പേർസണൽ ലോൺ അഥവാ വ്യക്തിഗതവായ്പ. നേരിട്ട് ബാങ്ക് സന്ദർശിക്കാതെ തന്നെ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ചെറിയ ഫണ്ട് ലഭിക്കുന്നതിനു നിരവധി ഓപ്ഷനുകൾ ഉണ്ട്. ഇത്തരം വായ്പകൾക്ക് അപേക്ഷിക്കും മുമ്പ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണെന്നു അറിയേണം.
വ്യക്തിഹത്യ വായ്പ കൊണ്ടുള്ള ഗുണങ്ങളെ ആദ്യം പരിശോധിക്കാം.
.ആവശ്യം എന്താണെന്നത് വിഷയമല്ല
മറ്റു വായ്പകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത വായ്പകൾ ഏതാവശ്യത്തിനും ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ മെച്ചം. ആശുപത്രി ചികിത്സാ ആവശ്യങ്ങൾക്കോ ചെലവുകൾക്കോ അവധിക്കാലം ചെലവഴിക്കാനോ, അങ്ങനെ ആവശ്യങ്ങൾ എന്തായാലും ഫണ്ട് ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം വായ്പ എടുത്ത ആളിനുണ്ട്.
കിട്ടാൻ ഏറെ എളുപ്പം
വ്യക്തിഗത വായ്പ കുറഞ്ഞ സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ. ലഭിക്കും. ധനകാര്യ സ്ഥാപനങ്ങളും മറ്റു ഓൺലൈൻ വയ്പ്പാ ദാതാക്കളുമെല്ലാം വ്യക്തിഗത വായ്പയുടെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കി.
ഈട് ആവശ്യമില്ല
വ്യക്തിഗത വായ്പ ലഭിക്കുന്നതിനായി യാതൊരു ഈടും ആവശ്യമില്ല. അതുകൊണ്ട് തന്നെ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടു പോവുമെന്ന ആശങ്കയും വേണ്ട.
സ്ഥിര പലിശ നിരക്കുകൾ
ഭൂരിഭാഗം വ്യക്തിഗത വായ്പകളും സ്ഥിരമായ പലിശ നിരക്കോട് കൂടിയാണ് ലഭിക്കുന്നത്. ലോൺ കാലയളവിൽ പ്രതിമാസം എത്ര തുക തിരിച്ചടക്കണമെന്ന് കൃത്യമായി അറിയാവുന്നതിനാൽ സാമ്പത്തിക ആസൂത്രണം നടത്താവുന്നതാണ്.
വ്യക്തിഗത വായ്പ എടുക്കുന്നത് കൊണ്ട് ചില ഗുണങ്ങൾ ഉണ്ടെങ്കിലും ശരിയായ രീതിയിൽ മനസിലാക്കിയില്ലെങ്കിൽ അതിനു ഒട്ടേറെ പോരായ്മകളും ഉണ്ട്.
ഉയർന്ന പലിശ നിരക്ക്
മറ്റു വായ്പകളെ അപേക്ഷിച്ച് പലപ്പോഴും ഉയർന്ന പലിശ നിരക്ക് ഈടാക്കിയാണ് വ്യക്തിഗത വായ്പകൾ ലഭിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് പലിശ നിരക്ക് സാധാരണയിലും കൂടുതലാവാനും സാധ്യത ഉണ്ട്. ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നത് കൊണ്ട് വായ്പ തിരിച്ചടക്കുമ്പോൾ വലിയ ഒരു തുക അധികമായി അടക്കേണ്ടി വന്നേക്കാം.
കടബാധ്യത
വിവേക പൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ വ്യക്തിഗത വായ്പകൾ വലിയ കടബാധ്യതയിലേക്ക് നയിച്ചേക്കാം. ലളിതമായ നടപടിക്രമങ്ങൾ ഉള്ള വ്യക്തിഹത്യ വായ്പയിലേക്ക് ആളുകൾ പെട്ടെന്ന് തന്നെ ആകൃഷ്ടരാവും. ഇത് ദീർഘാകാലാടിസ്ഥാനത്തിൽ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുന്നു.
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ
വ്യക്തിഹത്യ വായ്പകൾ നൽകുന്നത് വായ്പക്കാരന്റെ ക്രെഡിറ്റ് യോഗ്യതയെ അടിസ്ഥാനമാക്കിയാണ്. വായ്പ എടുക്കുമ്പോൾ വായ്പക്കാരൻ യാതൊരു ഈടും നല്കുന്നില്ല. ഒരുപക്ഷെ കടം വാങ്ങുന്ന ആളുടെ വരുമാനം നിലച്ചു പോവുകയോ സാമ്പത്തിക ബുദ്ധിമുട്ടുകളോ നേരിട്ടാൽ വായ്പയുടെ തിരിച്ചടവ് വെല്ലുവിളിയായേക്കാം. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ കുറയുകയും നിയമനടപടികളും ഉണ്ടായേക്കാം