image

27 Jun 2023 4:57 AM GMT

Loans

അടിയന്തിര ഘട്ടങ്ങളിൽ ലൈഫ് ഇൻഷുറൻസ് പോളിസിയ്‌ക്കു മേൽ വായ്പ എടുക്കാം;അറിയാം വിശദമായി

MyFin Desk

loan against life insurance policy
X

Summary

  • പോളിസി സറണ്ടർ വാല്യൂവിന്റെ 80 മുതൽ 90 ശതമാനം വരെ വായ്പ
  • 9 മുതൽ12 ശതമാനം വരെ മാത്രമേ പലിശ
  • വായ്പ എടുത്തതിനു ശേഷവും പോളിസി പ്രീമിയം അടവ്


ലൈഫ് ഇൻഷുറൻസ് പോളിസി ഒരു വ്യക്തിയെയും അയാളുടെ കുടുംബത്തെയും അപകടഘട്ടങ്ങളിൽ സാമ്പത്തികമായി സംരക്ഷിക്കുന്നു. സാമ്പത്തികമായി അത്യാവശ്യം വരുന്ന ഘട്ടങ്ങളിൽ ആണ് ഒരാൾ വ്യക്തിഗത വായ്പ അല്ലെങ്കിൽ പേർസണൽ ലോണിനെപ്പറ്റി ആലോചിക്കുക. ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ വൻപലിശ നിരക്കുള്ള പേർസണൽ ലോൺ എടുക്കാതെ തന്നെ നമ്മുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാം. ഇത്തരം സാഹചര്യത്തിൽ സ്ഥിരനിക്ഷേപത്തിനു മേൽ വായ്പ എടുക്കുന്നതുപോലെ തന്നെ ലൈഫ് ഇൻഷുറൻസ് പോളിസികളും പോളിസി ഉടമകളെ സഹായിക്കുന്നു. പരമ്പരാഗത ഇഷുറൻസ് പദ്ധതികളായ എൻഡോവ്മെന്റ് ലൈഫ് ഇൻഷുറൻസ് പോളിസിക്കു മേൽ വായ്പ എടുക്കാൻ സാധിക്കും. എന്നാൽ ടെം ഇൻഷുറൻസ് പോളിസിയ്‌ക്കു മേൽ വായ്പ ലഭിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. എന്നാൽ ചില ഇൻഷുറൻസ് കമ്പനികൾ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനിനു (Ulips ) മേലും ലോൺ അനുവദിക്കാറുണ്ട്.

വായ്പ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ

ലൈഫ് ഇൻഷുറൻസ് പോളിസി ഈടായി വെച്ച് വായ്പ എടുക്കാൻ ചില മാനദണ്ഡങ്ങൾ ഉണ്ട്. മൂന്ന് വർഷം തുടർച്ചയായി പ്രീമിയം അടച്ച ഒരാൾക്ക് മാത്രമേ ഇത്തരം ലോണിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

വായ്പ തുകയും പലിശ നിരക്കും

എത്ര തുക ലോൺ ലഭിക്കും എന്നത് ഇൻഷുറൻസ് കമ്പനിക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പോളിസി സറണ്ടർ വാല്യൂവിന്റെ 80 മുതൽ 90 ശതമാനം വരെ വായ്പ ആയി ലഭിക്കും. ഉദാഹരണത്തിന് ഒരു പോളിസി ഉടമ 10 ലക്ഷം രൂപയുടെ പോളിസി എടുക്കുക്കുന്നു. പോളിസി സറണ്ടർ വാല്യൂ 3 ലക്ഷം രൂപ ആണെങ്കിൽ 2.4 ലക്ഷം മുതൽ 2.7 ലക്ഷം രൂപ വരെ ലോണിന് അർഹത ഉണ്ട്.

വായ്പ കൊണ്ടുള്ള മെച്ചം

ഇൻഷുറൻസ് കമ്പനികൾക്ക് അനുസരിച്ച് പലിശ നിരക്കും വ്യത്യാസപ്പെട്ടിരിക്കും. പേർസണൽ ലോണിനെക്കാൾ പലിശ നിരക്ക് കുറവായിരിക്കും എന്നതാണ് ഇത്തരം വായ്പകൾ കൊണ്ടുള്ള മെച്ചം. സാധാരണപേർസണൽ ലോണുകൾക്ക് 16 മുതൽ 18 ശതമാനം വരെ പലിശ നിരക്ക് ഈടാക്കാറുണ്ട്. എന്നാൽ ഈ വായ്പകൾക്ക് 9 മുതൽ12 ശതമാനം വരെ മാത്രമേ പലിശ ഈടാക്കൂ .വായ്പ ലഭിക്കുന്നതിനുള്ള ഡോക്യൂമെന്റേഷൻ വളരെ ലളിതമാണ്. ഒറിജിനൽ ഇൻഷുറൻസ് ബോണ്ടിനൊപ്പം നിർദിഷ്ട ഫോമും പൂരിപ്പിച്ച് നൽകേണ്ടതാണ്.

വായ്പ തിരിച്ചടവും പ്രീമിയവും

വായ്പ എടുത്തതിനു ശേഷവും പോളിസി പ്രീമിയം അടവ് തുടരേണ്ടതുണ്ട്. പോളിസി കാലയളവിനുള്ളിൽ വായ്പ അടച്ച് തീർക്കേണ്ടതുണ്ട്. പലിശ ഉൾപ്പെടെ തുക കാലാവധിക്കുള്ളിൽ അടക്കാം. വായ്പ തിരിച്ചടക്കുമ്പോൾ പലിശ മാത്രം അടക്കാനുള്ള സൗകര്യവുമുണ്ട്. പോളിസി ക്ലെയിം ചെയ്യുമ്പോൾ വായ്പ തുകയുടെ പ്രിൻസിപ്പൽ തുക കിഴിച്ച് ബാക്കി തുക ലഭിക്കും

പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ

ഏതെങ്കിലും കാരണവശാൽ പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ പലിശ അടച്ചിട്ടുണ്ടെങ്കിൽ വായ്പ തുക കഴിച്ച് നോമിനിക്ക് ലഭിക്കും. പോളിസി ഉടമ വായ്പ പലിശ അടക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ വായ്പയുടെ മൂല്യം പണ മൂലത്തെക്കാൾ കൂടുതലാണെങ്കിൽ പോളിസി കാലഹരണപ്പെടും.

അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം

വായ്പ എടുക്കുന്നതിനു മുമ്പ് ഇൻഷുററുമായി ബന്ധപ്പെട്ട പലിശ നിരയ്ക്കും പേയ്‌മെന്റ് കാലാവധിയും പരിശോധിക്കേണ്ടതാണ് . ഇത് അടിയന്തിര ഘട്ടങ്ങളിൽ മാത്രം ആശ്രയിക്കേണ്ട വായ്പ സൗകര്യം ആണ് . ദീർഘകാലത്തേക്ക് ഇത്തരം വായ്പകൾ എടുക്കരുത്. വായ്പ വളരെ നേരത്തെ തന്നെ അടച്ചു തീർക്കാൻ ശ്രദ്ധിക്കേണ്ടതാണ്