image

24 Feb 2023 10:36 AM GMT

Banking

മഞ്ഞലോഹം ചില്ലറക്കാരനല്ല; വായ്പയെടുത്താൽ നികുതിയിളവും

MyFin Desk

gold loan easy procedures
X

Summary

  • ധനകാര്യവിപണിയിൽ, എന്നും മൂല്യമുള്ള ഗോൾഡിനേക്കാൾ, വായ്പക്ക് ഈട് നൽകാൻ നല്ലൊരു ഓപ്ഷനില്ലെന്ന് പറയാം.
  • സ്വർണം പലപ്പോഴും ആഭരണമായി മാത്രമല്ല കാണേണ്ടത്. ഒരുവിധം എല്ലാ നിക്ഷേപ ഓപ്ഷനുകളേക്കാളും മെറിറ്റ് നില നിർത്തുന്ന നിക്ഷേപമാണിത്.


സാമ്പത്തിക ആസൂത്രണം നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ചിലപ്പോഴെങ്കിലും പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് മതിയായ പണം ഇല്ലാതെ പോകാറില്ലേ? അപ്പോഴാണ് വായ്പകളെ കുറിച്ച് ആലോചിക്കുന്നത്. പെട്ടെന്നുള്ള ആവശ്യങ്ങളായതിനാൽ തന്നെ പെട്ടെന്ന് തന്നെ പണവും വേണ്ടിവരും. ഉടനടി പണം നൽകാൻ പേഴ്‌സണൽ ലോൺ ഉൾപ്പെടെ പലവിധ വായ്പാ പദ്ധതികൾ ഇപ്പോൾ വിപണിയിലുണ്ട്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സുരക്ഷിതമായ വായ്പകൾ ഏതാണെന്ന് തിരിച്ചറിഞ്ഞ് വേണം തീരുമാനമെടുക്കാൻ.

ധനകാര്യവിപണിയിൽ, എന്നും മൂല്യമുള്ള ഗോൾഡിനേക്കാൾ, വായ്പക്ക് ഈട് നൽകാൻ നല്ലൊരു ഓപ്ഷനില്ലെന്ന് പറയാം. സ്വർണം പലപ്പോഴും ആഭരണമായി മാത്രമല്ല കാണേണ്ടത്. ഒരുവിധം എല്ലാ നിക്ഷേപ ഓപ്ഷനുകളേക്കാളും മെറിറ്റ് നില നിർത്തുന്ന നിക്ഷേപമാണിത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 11 ശതമാനം വാർഷിക റിട്ടേണും 6.3 ശതമാനം കോമ്പൗണ്ട് സിപിഐയും ഉള്ളതിനാൽ തന്നെ പണപ്പെരുപ്പം നേരിടുമ്പോൾ പോലും മികച്ച വരുമാനം ഉറപ്പാക്കുന്ന ആസ്തിയാണിത്. അതുകൊണ്ട് തന്നെ ഏത് കാലത്തും വായ്പക്കായി ശ്രമിക്കുമ്പോൾ ഗോൾഡ് ലോണിന് അപേക്ഷിക്കാം. എന്തുകൊണ്ട് മറ്റ് വായ്പകളെ അപേക്ഷിച്ച് ഈ മഞ്ഞലോഹം മുന്നിട്ട് നിൽക്കുന്നുവെന്ന് നോക്കാം.

സമീപകാലത്തായി ഗോൾഡ് ലോണുകൾ ജനപ്രിയമേറിയ ഒരു ഫിനാൻഷ്യൽ പ്രൊഡക്ടായി മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിലെ ആകെ സ്വർണ വായ്പകളുടെ 24 ശതമാനവും എസ്ബിഐയുടേതാണ്. 2019 മുതൽ 2022 വരെ 102 ശതമാനത്തിന്റെ വളർച്ചയാണ് ഈ വായ്പകളിലുണ്ടായത്. ഫിനാൻഷ്യൽ മാർക്കറ്റിലെ നിക്ഷേപകർക്ക് സ്വർണത്തിലുള്ള താൽപ്പര്യം അത്രമാത്രം കൂടിയിട്ടുണ്ടെന്നാണ് ഫിനാൻഷ്യൽ ഇൻഡസ്ട്രി ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ ഈ കണക്കുകൾ കാണിക്കുന്നത്.

ക്രെഡിറ്റ് ഹിസ്റ്ററി പ്രശ്‌നമില്ല

ഏതൊരു വായ്പയെടുക്കുമ്പോഴും ധനകാര്യ സ്ഥാപനങ്ങൾ ആദ്യം നോക്കുന്നത് അപേക്ഷന്റെ ക്രെഡിറ്റ് ഹിസ്റ്ററിയാണ്. മുൻപ് അദേഹം എടുത്ത വായ്പകളും അതിന്റെ തിരിച്ചടവുകളുടെ സ്ഥിതിയും നിലവിലെ സാമ്പത്തിക സ്ഥിതിയുമൊക്കെ ക്രെഡിറ്റ് സ്‌കോർ നോക്കിയാൽ മനസിലാക്കാം. ഇത് അടിസ്ഥാനപ്പെടുത്തിയാണ് പുതിയ വായ്പക്ക് സ്ഥാപനങ്ങൾ അനുമതി നൽകുന്നത്.

മോശം ക്രെഡിറ്റ് സ്‌കോറുള്ള ഒരാൾക്ക് ബാങ്ക് വായ്പ ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അതുപോലെ ഇത്തരക്കാർക്ക് പലിശ നിരക്കും കൂടുതലായിരിക്കും. എന്നാൽ ഗോൾഡ് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വായ്പ ലഭിക്കാനുള്ള യോഗ്യത നിശ്ചയിക്കുന്നതിൽ ക്രെഡിറ്റ് സ്‌കോറിന് വലിയ സ്ഥാനമില്ലെന്ന് പറയാം. കാരണം ഈടായി നൽകുന്ന ഗോൾഡിന്റെ മൂല്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. പലിശ നിരക്ക് നിശ്ചയിക്കുമ്പോഴും അപേക്ഷകൻ നൽകിയ സ്വർണത്തിന്റെ അളവിനാണ് പ്രാധാന്യം.

വായ്പാ തുക ഈടാക്കാൻ മതിയായ സ്വർണമുണ്ടെങ്കിൽ മറ്റൊന്നും നോക്കാതെ സ്ഥാപനങ്ങൾ വായ്പ അനുവദിക്കും. അതുകൊണ്ട് മോശം സാമ്പത്തിക സ്ഥിതിയുള്ളവർക്ക് പോലും ഈ വായ്പ ലഭിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. തിരിച്ചടവ് ശേഷിയേക്കാൾ ഈടിനാണ് ഈ വായ്പയിൽ പ്രാധാന്യമുള്ളത്.

തിരിച്ചടവും എളുപ്പം

ഗോൾഡ് ലോൺ തിരിച്ചടക്കുന്നതിൽ മറ്റ് വായ്പകളെ അപേക്ഷിച്ചുള്ള സങ്കീർണതകൾ കുറവാണ്. വായ്പക്കാരന്റെ സൗകര്യത്തിന് അനുസരിച്ച് തിരിച്ചടവ് രീതി മുൻകൂട്ടി നിശ്ചയിക്കാനുള്ള സൗകര്യം ഈ വായ്പക്കുണ്ട്. ആറ് മാസമോ 12 മാസമോ കൊണ്ട് വായ്പ തിരിച്ചടക്കാം. ഒരോ മാസവും ഗഡുക്കൾ അടക്കുന്നതിന് പകരം വായ്പാ കാലാവധി അവസാനിക്കുന്ന അന്ന് മുതലും പലിശയും ഒരുമിച്ച് തിരിച്ചടക്കാനുള്ള സൗകര്യം പല ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്നുണ്ട്. എല്ലാ മാസവും തിരിച്ചടവ് മുടങ്ങുന്നതിന് പിഴ ഈടാക്കുന്നില്ല.

മറ്റ് വായ്പകൾക്കൊക്കെ പലിശയും മുതലും അടങ്ങുന്ന പ്രതിമാസ തവണ മുടങ്ങിയാൽ പിഴയൊടുക്കേണ്ടി വരുന്നു.


കുറഞ്ഞ പലിശ

വ്യക്തിഗത വായ്പ അടക്കമുള്ള എല്ലാവിധ വായ്പാ പദ്ധതികളിലും വലിയ പലിശ നിരക്കാണ് സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ ഇതിനെയൊക്കെ അപേക്ഷിച്ച് ഗോൾഡ് ലോണിന് പലിശ നിരക്ക് കുറവാണ്. വ്യക്തിഗത വായ്പകൾക്ക് 10.5 ശതമാനം മുതൽ 36 ശതമാനം വരെ പലിശ നൽകണം. എന്നാൽ ഈ വായ്പക്ക് പല ബാങ്കുകളിലും ഏഴ് ശതമാനത്തിലും കുറവാണ് പലിശ .

എളുപ്പം കിട്ടുന്നു

ഏതൊരു വായ്പക്ക് അപേക്ഷിച്ചാലും പാസായിക്കിട്ടാൻ ദിവസങ്ങളെടുക്കും. എന്നാൽ ഗോൾഡ് ലോണിന് അപേക്ഷകന്റെ പ്രാഥമിക വിവരങ്ങൾ സംബന്ധിച്ച രേഖകളും ഈടായി നൽകിയ ഗോൾഡിന്റെ ഗുണനിലവാരവും അളവും പരിശോധിക്കാൻ വേണ്ട സമയം മാത്രം മതി. വെറും മിനിറ്റുകൾക്കകം വായ്പ പാസാകും. ഇതാണ് ഈ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത.

എന്തെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ സമയത്തിനകം വായ്പാ തുക അക്കൗണ്ടിലെത്തുന്നു. ഡിജിറ്റൽ യുഗത്തിൽ ചില വായ്പകളൊക്കെ നിമിഷ നേരങ്ങൾ കൊണ്ട് അപേക്ഷകന് ലഭിക്കുമെങ്കിലും വലിയ പലിശയാണ് നൽകേണ്ടി വരുന്നത്. ഇത്തരം വായ്പകൾ സുരക്ഷിതമല്ലെന്ന ഘടകവും തിരിച്ചറിയേണ്ടതുണ്ട്.

നികുതി ആനുകൂല്യം

ചില കാര്യങ്ങൾക്ക് വേണ്ടി ഗോൾഡ് ലോൺ എടുത്താൽ സർക്കാർ നികുതിയിൽ ഇളവ് നൽകുന്നുണ്ട്. വീടിന്റെ അറ്റകുറ്റപ്പണികൾക്കോ റസിഡൻഷ്യൽ പ്രോപ്പർട്ടി നിർമിക്കാനോ പണം കണ്ടെത്താൻ സ്വർണവായ്പ എടുത്താൽ സെക്ഷൻ 80 സി പ്രകാരം നികുതിയിളവ് ലഭിക്കും. ബിസിനസ് ആവശ്യങ്ങൾക്ക് ഗോൾഡ് ലോൺ എടുത്താലും ഇതേ ആനുകൂല്യം നികുതിയിൽ നിന്ന് ലഭിക്കും.