image

27 March 2023 5:30 PM GMT

Income Tax

നികുതി ഇളവുകള്‍ എന്തിനൊക്കെ? അവസാന നിമിഷമെങ്കിലും അറിയൂ

MyFin Desk

tax exemptions
X

Summary

  • എന്തൊക്കെ ഇളവുകള്‍ ലഭിക്കുമെന്നറിയാം
  • എന്‍പിഎസില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം നികുതി ആനുകൂല്യം ലഭിക്കും
  • മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ നികുതി ആനുകൂല്യം ലഭിക്കും


സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ നികുതി പരമാവധി കുറച്ചുകിട്ടാനായി എന്തൊക്കെ ചെയ്യാമെന്ന ചിന്തയിലാണ് ആളുകള്‍. യഥാര്‍ത്ഥത്തില്‍ നികുതിയിളവുകള്‍ നേടാന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ ആസൂത്രണം നടത്തുകയാണ് വേണ്ടത്. എന്നാലും അവസാന നിമിഷം വെച്ച് കാര്യങ്ങള്‍ ആലോചിക്കുന്ന ഒരു പ്രവണതയുള്ളവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ പഴയ നികുതി നയമായിരുന്നുവെങ്കില്‍ എങ്ങിനെ നികുതി ലാഭിക്കാമെന്നാണ് പലരും പരിശോധിക്കുന്നത്.

പഴയ നികുതി നിയമങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിക്ക് നികുതി ഇളവും ആനുകൂല്യങ്ങളും ഒക്കെ സെക്ഷന്‍ 80സി,80ഡി,80സിസിഡി(1b),80ടിടിഎ,എച്ച്ആര്‍എ,എല്‍ടിഎ എന്നിവയ്ക്ക് കീഴിലാണ് വരുന്നത്. എന്നാല്‍ പുതിയ നികുതി നിയമങ്ങള്‍ക്ക് കീഴിലാണെങ്കില്‍ ഒരു വ്യക്തിക്ക് മേല്‍പ്പറഞ്ഞ ഇളവുകള്‍ക്കൊന്നും സാധ്യതയില്ല. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഇളവുകള്‍ 1.5 ലക്ഷത്തില്‍ കൂടാന്‍ പാടില്ല. പുതിയതായി നികുതി ഇളവിന് വേണ്ടി എന്തെങ്കിലും നിക്ഷേപിക്കും മുമ്പ് ഈ സാമ്പത്തിക വര്‍ഷം നിലവില്‍ കിട്ടാവുന്ന പരമാവധി ഇളവുകള്‍ എന്തൊക്കെ കാര്യത്തിനാണെന്ന് പരിശോധിച്ച് കണ്ടെത്തണം. കുട്ടികളുടെ ട്യൂഷന്‍ ഫീസ് മുതല്‍ ഹോം ലോണ്‍ ഇഎംഐ വരെ നികുതി ഇളവിന് അര്‍ഹമാണ്.

എന്തൊക്കെ ഇളവുകള്‍

കുടുംബത്തിന്റെ പേരിലോ സ്വന്തമായോ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ നികുതി ആനുകൂല്യം ലഭിക്കും. സെക്ഷന്‍ 80 ഡി അനുസരിച്ച് പരമാവധി കാല്‍ ലക്ഷം രൂപാവരെ ക്ലെയിം ചെയ്യാം. മുതിര്‍ന്ന പൗരന്മാരുടെ പേരിലാണെങ്കില്‍ ഒരു ലക്ഷം രൂപാവരെ കിഴിവ് ചോദിക്കാം.

വിദ്യാഭ്യാസലോണ്‍ തിരിച്ചടക്കുന്നവര്‍ക്ക് സെക്ഷന്‍ 80 ഇ പ്രകാരം അടച്ച പലിശ നികുതി ഇളവായി ലഭിക്കും. ഇനി ഭവന വായ്പ എടുത്ത ഒരാള്‍ക്ക് പലിശ അടച്ചിട്ടുണ്ടെങ്കില്‍ സെക്ഷന്‍ 80 ഇഇ അനുസരിച്ച് അരലക്ഷം രൂപാ കിഴിവായി ലഭിക്കും. മറ്റൊരു സെക്ഷനായ 24 അനുസരിച്ച് രണ്ട് ലക്ഷം രൂപാവരെയും നികുതി ഇളവായി ഭവന വായ്പയുടെ പലിശയിന്മേല്‍ ക്ലെയിം ചെയ്യാം.

ചില സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ക്കും വ്യക്തികള്‍ക്ക് നികുതിയിളവ് ലഭിക്കും. സെക്ഷന്‍ 80 ജിജിഎയും 80 ജിയും അനുസരിച്ച് ഗ്രാമീണ വികസനത്തിനോ സയന്റിഫിക്ക് റിസര്‍ച്ചിനോ ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കോ സ്ംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ നികുതി ഇളവിന് തേടാം. ഇനി ബാങ്ക് നിക്ഷേപങ്ങളോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനത്തിന് പരമാവധി 10,000 രൂപാവരെ നികുതി ആനുകൂല്യം ലഭിക്കുന്നുണ്ട്.

ചില കമ്പനികള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ എച്ച്ആര്‍എ അലവന്‍സ് കൂടി ഉള്‍പ്പെടുത്താറുണ്ട്. നിങ്ങള്‍ വാടക വീട്ടിലാണ് താമസിക്കുന്നതെങ്കില്‍ ശമ്പളത്തിലുള്ള എച്ച്ആര്‍എയ്ക്ക് നികുതിയിളവ് ലഭിക്കും.

ഇതിനൊക്കെ പുറമേ നികുതിയിളവിനായി തെരഞ്ഞെടുക്കാവുന്ന ചില നിക്ഷേപങ്ങള്‍ ഇവിടെ പറയാം

നാഷനല്‍ പെന്‍ഷന്‍ സ്‌കീം

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എന്‍പിഎസില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം നികുതി ആനുകൂല്യം ലഭിക്കും. ഈ സ്‌കീമില്‍ റിട്ടയര്‍മെന്റ് വരെ ലോക്-ഇന്‍ പിരീഡ് തീരുമാനിച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇതില്‍ നിന്നുള്ള വരുമാനത്തിന് ഒരു സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം രൂപാവരെ നികുതി ഇളവ് ലഭിക്കും.ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരമാണിത്. 80സിസിഡി (1b) അനുസരിച്ചാണെങ്കില്‍ അരലക്ഷം രൂപാ കൂടി അധികം ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.

യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍

ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ യൂലിപില്‍ ഇക്വിറ്റി ഫണ്ടിലോ ഡെബ്റ്റ് ഫണ്ടിലോ പണം നിക്ഷേപിച്ചാല്‍ നികുതി ആനുകൂല്യം ലഭിക്കും. അതുപോലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലുള്ള നിക്ഷേപത്തിനും നികുതി ഇളവുകളുണ്ട്.ഒന്നര ലക്ഷം രൂപാവരെയാണ് ഇളവുള്ളത്.കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയില്‍ അംഗമായവര്‍ക്കും ഒരു വര്‍ഷം പരമാവധി ഒന്നര ലക്ഷമാണ് ഇളവായി കിട്ടുന്നത്.