17 Nov 2022 11:48 AM IST
IT act for moonlighting
Summary
ആദായ നികുതി നിയമം സെക്ഷന്‍ 194സി പ്രകാരം ഇന്ത്യയില്‍ അധികവരുമാനം ലഭിക്കുന്നവര്‍ക്ക് ഉറവിട നികുതി ബാധകമാണ് എന്നുള്ളതിനാല്‍ ഒരു പക്ഷെ മൂണ്‍ലൈറ്റിംഗും ആദായ നികുതിയുടെ പരിധിയില്‍ വന്നേക്കും.
ഡെല്‍ഹി: മൂണ്‍ലൈറ്റിംഗ് വഴി ലഭിക്കുന്ന വരുമാനം പ്രതിമാസം 30,000 രൂപയിലോ ആകെ വരുമാനം പ്രതിവര്‍ഷം ഒരു ലക്ഷം രൂപയിലോ അധികമാണെങ്കില്‍ ആദായ നികുതി അടയ്‌ക്കേണ്ടി വരുമെന്നാണ് ചട്ടം. 30,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ആകെ തുകയുടെ 10 ശതമാനം നികുതിയായി നല്‍കേണ്ടി വരും. ഒരു സ്ഥാപനത്തിലെ മുഴുവന്‍ സമയ ജീവനക്കാരനായിരുന്നുകൊണ്ട് തന്നെ തൊഴില്‍ സമയം കഴിഞ്ഞ് അധികവരുമാനത്തിന് ചെയ്യുന്ന ജോലിയേയാണ് മൂണ്‍ലൈറ്റിംഗ് എന്ന് പറയുന്നത്.
ആദായ നികുതി നിയമം സെക്ഷന്‍ 194സി പ്രകാരം ഇന്ത്യയില്‍ അധികവരുമാനം ലഭിക്കുന്നവര്‍ക്ക് ഉറവിട നികുതി ബാധകമാണ് എന്നുള്ളതിനാല്‍ ഒരു പക്ഷെ മൂണ്‍ലൈറ്റിംഗും ആദായ നികുതിയുടെ പരിധിയില്‍ വന്നേക്കും. ഇത്തരത്തില്‍ മൂണ്‍ലൈറ്റിംഗിനായി വേതനം നല്‍കുന്നത് ഒരു സ്ഥാപനമോ, ട്രസ്റ്റോ, കമ്പനിയോ ആകാം.
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 28(വി എ) പ്രകാരം റോയല്‍റ്റി, പ്രൊഫഷണല്‍ സേവന ഫീസ്, സാങ്കേതിക സേവന ഫീസ് അല്ലെങ്കില്‍ മത്സര-ഇതര ഫീസ് എന്നീ രീതിയില്‍ നല്‍കുന്ന പ്രതിഫലത്തിനും ടിഡിഎസ് ഈടാക്കും. മൂണ്‍ലൈറ്റിംഗ് വഴി അധിക വരുമാനം നേടുന്നവരുടെ ബാങ്ക് വിവരങ്ങള്‍ വരെ ഒരുപക്ഷേ ആദായ നികുതിയുടെ നിരീക്ഷണത്തില്‍ വന്നേക്കാം.
മൂണ്‍ലൈറ്റിംഗ് നടത്തുന്നതിനെതിരെ നിലപാട് വ്യക്തമാക്കി ആഗോളതലത്തിലുള്ള ഐടി കമ്പനികള്‍ മുന്നോട്ട് വന്നിരുന്നു. ഇതിന്റെ ഭാഗമായി വിപ്രോയിലുള്‍പ്പടെ പിരിച്ചുവിടലുകളും നടന്നിരുന്നു. ഐടി മേഖലയിലാണ് താരതമ്യേന മൂണ്‍ലൈറ്റിംഗിന് വന്‍ പ്രതിഫലം ലഭിക്കുന്നത്.
എന്നാല്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് രീതികളുടെ സ്വകാര്യതയെ വരെ മൂണ്‍ലൈറ്റിംഗ് ബാധിക്കുന്നുവെന്ന വാദവും ഈയടുത്തിടെ ഉയരുകയുണ്ടായി. മൂണ്‍ലൈറ്റിംഗ് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങളും പല കമ്പനികളും ഇറക്കിയിരുന്നു.
ഐടി കമ്പനിയായ വിപ്രോ മൂണ്‍ലൈറ്റിംഗ് നടത്തിയെന്ന് പറഞ്ഞ് 300 തൊഴിലാളികളെ അടുത്തിടെ പിരിച്ചു വിട്ടിരുന്നു. എതിരാളികളായ കമ്പനികള്‍ക്ക് വേണ്ടിയാണ് വിപ്രോയില്‍ നിന്ന് ശമ്പളം വാങ്ങിക്കൊണ്ട് തൊഴിലാളികള്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു കമ്പനി ചെയര്‍മാന്‍ അസിം പ്രേംജിയുടെ വിശദീകരണം.
മുഴുവന്‍ സമയം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഷിഫ്റ്റ് കഴിഞ്ഞ് രാത്രി സമയത്താണ് ആളുകള്‍ ഇത്തരം ജോലികളില്‍ മുഴുകുന്നത്. ചന്ദ്രന്റെ വെളിച്ചത്തില്‍ ചെയ്യുന്ന ജോലി എന്ന നിലക്കാണ് ഇതിന് 'മൂണ്‍ലൈറ്റിങ്' എന്ന പേരും വന്നത്.