10 March 2023 9:00 AM GMT
Summary
- വനിതാ ജീവനക്കാരില്‍ 93 ശതമാനം വര്‍ധനവ്
സര്‍വ്വ മേഖലയിലും സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ ഫലം കാണുന്നു. സൗദി അറേബ്യയിലെ വ്യാവസായിക മേഖലയില്‍ ജോലിയെടുക്കുന്ന വനിതകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സൗദിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ രംഗത്തുള്ള വനിതാ ജീവനക്കാരുടെ എണ്ണം തൊണ്ണൂറ്റിമൂന്ന് ശതമാനം എന്ന തോതിലാണ് വര്‍ധിച്ചിരിക്കുന്നതെന്ന് വ്യവസായ-ധാതുവിഭവ മന്ത്രാലയം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യവസായ-ധാതുവിഭവ മന്ത്രാലയം കണക്കുകള്‍ പുറത്ത് വിടുകയായിരുന്നു.
രാജ്യത്തെ വ്യവസായിക മേഖലയില്‍ ജോലിയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് വന്നിട്ടുണ്ടെന്ന് ഓരോ കണക്കുകളില്‍ നിന്നും വ്യക്തമാണ്.
രാജ്യത്തെ വ്യവസായിക മേഖലയില്‍ മാത്രം 2019ല്‍ 33000 സ്ത്രീ ജീവനക്കാരാണ് തൊഴിലെടുത്തിരുന്നത്. 2022 അവസാനത്തോടെ സ്ത്രീ ജീവനക്കാരുടെ എണ്ണം 63800 കവിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ തൊഴിലെടുക്കുന്നത്. ആകെ 28100 പേരാണ് റിയാദ് പ്രവിശ്യയില്‍ ജോലി ചെയ്യുന്നത്. അതേ സമയം മക്കയില്‍ 15600 സ്ത്രീ ജീവനക്കാരും കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം 10900 സ്ത്രീ ജീവനക്കാരും ഈ മേഖലയില്‍ ജോലിയെടുക്കുന്നുണ്ട്.