19 Nov 2022 7:08 AM GMT
Summary
വിസ പ്രൊസസിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് യുഎസ് ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്.
വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും വിസ അപേക്ഷകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുഎസ് വിസ പ്രൊസസിംഗ് നടപടികള്‍ വേഗത്തിലാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും ഇത് കോവിഡ് വ്യാപനത്തിന്് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വിസ പ്രൊസസിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് യുഎസ് ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. യുഎസ് വിസയ്ക്കായി അപേക്ഷകര്‍ നേരിട്ട് ഹാജരാകണമെന്ന നിയമമുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അതില്‍ പരിമിതികളുണ്ടായിരുന്നതിനാലാണ് കാലതാമസമുണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി മൂലം വിസ പ്രൊസസിംഗ് വൈകുന്നതിന് കാരണമായിട്ടുണ്ട്.
സാധാരണയായി ടൂറിസ്റ്റ് വിസ (ബി 1/ ബി 2) ഇന്റര്‍വ്യൂവിനുളള കാലാവധി രണ്ട് മാസമാണ്. ഉടനടി യാത്ര നടത്തേണ്ട അപേക്ഷകര്‍ക്ക് അടിയന്തിര അപ്പോയിന്റ്മെന്റിന് അപേക്ഷിക്കുകയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും.
സെപ്തംബറില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകളുടെ പ്രൊസസിംഗിനെക്കുറിച്ചുള്ള വിഷയം ഉന്നയിച്ചിരുന്നു. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ബ്ലിങ്കന്‍ അന്ന് വ്യക്തമാക്കിയിരുന്നു.