29 March 2023 10:45 AM GMT
യുഎസ് സന്ദര്‍ശക വിസ ഇനി കുറഞ്ഞ സമയത്തിനുള്ളില്‍, ഈ വര്‍ഷം 10 ലക്ഷം വിസ നല്‍കും
MyFin Desk
Summary
- വിമാനയാത്രാ വിലക്കുകള്‍ നീങ്ങിയതോടെ അപേക്ഷകളുടെ എണ്ണവും വര്‍ധിച്ചു.
വാഷിംഗ്ടണ്‍: യുഎസ് സന്ദര്‍ശക വിസയ്ക്കുള്ള കാത്തിരിപ്പ് സമയം കഴിഞ്ഞ രണ്ട് മാസങ്ങളില്‍ 60% കുറഞ്ഞുവെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അ്‌പേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയതുമാണ് ഇതിന് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ യാത്രാ വിലക്കുകള്‍ എടുത്ത് കളഞ്ഞതോടെ യുഎസിലേക്കുള്ള വിസാ അപേക്ഷകളുടെ എണ്ണം വര്‍ധിച്ചിരുന്നു.
ആദ്യമായി വിസ അപേക്ഷിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ബി1 (ബിസിനസ്), ബി2 (ടൂറിസ്റ്റ്) വിഭാഗങ്ങള്‍ക്ക് കീഴില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് വിസ ലഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ട വരുന്നുവെന്് പരാതി ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ആദ്യമായി ബി1/ബി2 വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം 1,000 ദിവസത്തിനടുത്തായിരുന്നു.
വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനൊപ്പം ഈ വര്‍ഷം 10 ലക്ഷം വിസ ഇഷ്യു ചെയ്യാനാണ് ലക്ഷ്യമിടന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ടെക് മേഖലയിലെ കൂട്ടപിരിച്ചുവിടലുകള്‍ക്കിടയില്‍, എച്ച്-1 ബി വിസ കൈവശമുള്ള തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് യുഎസില്‍ തുടരാന്‍ ഒന്നിലധികം ഓപ്ഷനുകള്‍ ഉണ്ടെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പിരിച്ചുവിട്ട എച്ച്-1 ബി വിസ ഉടമകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസ് (എഫ്‌ഐഐഡിഎസ്) അടുത്തിടെ സാങ്കേതിക മേഖലയിലെ പിരിച്ചുവിടലുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎസ്സിഐഎസിന് കത്തെഴുതുകയും യുഎസില്‍ തുടരാനുള്ള കാലയളവ് 60 ദിവസത്തേക്ക് കൂടി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബിസിനസ് അല്ലെങ്കില്‍ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികള്‍ക്ക് (ബി1, ബി2 വിസ) പുതിയ ജോലികള്‍ക്ക് അപേക്ഷിക്കാമെന്നും അഭിമുഖങ്ങളില്‍ പോലും പങ്കെടുക്കാമെന്നും അധികൃതര്‍ അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ ജോലി ലഭിക്കുകയാണെങ്കില്‍ അതില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് വിസയുടെ സ്റ്റാറ്റസ് മാറ്റിയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.