13 March 2023 8:46 AM GMT
യുഎസ് തൊഴില്‍ വിസയിലെ 'വിവേചനം' ഇനിയുണ്ടാകില്ല, പാര്‍ലമെന്റില്‍ ബില്ലുമായി ഇന്ത്യന്‍ വംശജന്‍
MyFin Desk
Summary
- നിലവിലുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം തൊഴില്‍ വിസ അനുവദിച്ച് നല്‍കുന്ന രീതി കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.
ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് യുഎസില്‍ തൊഴില്‍ വിസ ലഭിക്കുന്നത് സംബന്ധിച്ച വിവേചനം ഇനി ഉണ്ടായേക്കില്ല. ഓരോ വര്‍ഷവും വിവിധ രാജ്യങ്ങള്‍ക്കായി തൊഴില്‍ വിസ അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് കൃത്യത വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ സമര്‍പ്പിച്ചു.
നിലവിലുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം തൊഴില്‍ വിസ അനുവദിച്ച് നല്‍കുന്ന രീതി കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം. നിലവില്‍ വിതരണം ചെയ്യാന്‍ കാത്തുകിടക്കുന്ന വിസകളുടെ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കണമെന്നും ബില്ലിലുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗം രാജ കൃഷ്ണമൂര്‍ത്തി, ജിഓപി അംഗം ലാറി ബുക്ഷന്‍ എന്നിവരാണ് ബില്‍ സമര്‍പ്പിച്ചത്.
യുഎസിലെ തൊഴില്‍ വിസ വിതരണം ചെയ്യുമ്പോള്‍ ഓരോ രാജ്യം അനുസരിച്ച വേര്‍തിരിവ് കാണിയ്ക്കുന്നുണ്ടെന്നും, ചില രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിസ വിതരണം തടസ്സപ്പെടുന്നുണ്ടെന്നും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ യുഎസിലെ മിക്ക കമ്പനികളിലും തൊഴില്‍നൈപുണ്യമുള്ളവരെ ആവശ്യമുണ്ട്. ഇതില്‍ ഐടി മേഖലയിലാണ് കൂടുതല്‍ അവസരങ്ങളുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ നിന്നും ഒട്ടേറെ ടെക്കികള്‍ യുഎസില്‍ ജോലി ചെയ്യുന്നുണ്ട്. വമ്പന്‍ കോര്‍പ്പറേറ്റുകളില്‍ അടുത്തിടെ നടന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് പിന്നാലെ കുറേയധികം ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ എത്രത്തോളം പേര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താനായി എന്നത് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടുകള്‍ ഇനിയും വന്നിട്ടില്ല.