29 Jun 2023 2:30 PM GMT
Summary
- മൂന്ന് വർഷം വരെയുള്ള ഓപ്പൺ വർക്ക് പെർമിറ്റ്
- കൂടുതല്‍ ഡിജിറ്റല്‍ പ്രതിഭകളെ ആകര്‍ഷിക്കുക ലക്ഷ്യം
- ഡിജിറ്റൽ നോമാഡ് പ്രോഗ്രാം അടുത്തിടെ കാനഡ പ്രഖ്യാപിച്ചു
യുഎസിന്‍റെ എച്ച്1 - ബി വിസയുള്ളവര്‍ക്ക് ജൂലൈ 16 മുതല്‍ കാനഡയിലെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളും സ്വന്തമാക്കാം. അമേരിക്കയില്‍ അവസരങ്ങള്‍ തേടിയെത്തുന്ന നിരവധി ഇന്ത്യക്കാര്‍ക്കും പ്രയോജനകരമായ മാറ്റമാണ് കാനഡയുടെ കുടിയേറ്റകാര്യ മന്ത്രി ജീന്‍ ഫ്രേസര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 16 മുതൽ, യുഎസിലെ 10,000 എച്ച്-1ബി വിസ ഉടമകൾക്ക് കാനഡയിൽ വന്ന് ജോലി ചെയ്യാൻ അനുവദിക്കും. നിലവില്‍ യുഎസിൽ ഏകദേശം 400,000 എച്ച്-1ബി വിസ ഉടമകളുണ്ട് എന്നതു കണക്കിലെടുത്താണ് പുതിയ സ്ട്രീമിലൂടെ എത്തുന്നവര്‍ക്ക് പരിധി നിശ്ചയിച്ചിട്ടുള്ളത്.
കാനഡയിലേക്ക് കൂടുതല്‍ ഡിജിറ്റൽ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള നയത്തിന്‍റെ ഭാഗമായാണ് വിസ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ വിദേശികളെ കാനഡയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഡിജിറ്റൽ നോമാഡ് പ്രോഗ്രാം അടുത്തിടെ കാനഡ പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ തൊഴിലുകള്‍ക്കായി കുടിയേറുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി സ്വയം അവതരിപ്പിക്കാനാണ് കാനഡ ശ്രമിക്കുന്നത്. ലോകത്തെവിടെ നിന്നും വിദൂരമായി തങ്ങളുടെ ജോലി നിർവഹിക്കാൻ കഴിയുന്ന ഒരു വ്യക്തിയെയാണ് ഡിജിറ്റൽ നൊമാഡ് അഥവാ ഡിജിറ്റല്‍ നാടോടി എന്ന് വിശേഷിപ്പിക്കുന്നത്. നിലവിലെ കനേഡിയൻ ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം, ഒരു ഡിജിറ്റൽ നാടോടി ഒരു വിദേശ തൊഴിലുടമയ്‌ക്കായി വിദൂരമായി ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പ്രവേശിച്ച് ആറുമാസം വരെ തങ്ങുന്നതിന് സന്ദര്‍ശക വിസ മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഇവര്‍ക്ക് പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.
എച്ച്-1ബി വിസയുള്ള അംഗീകൃത അപേക്ഷകർക്ക് മൂന്ന് വർഷം വരെയുള്ള ഓപ്പൺ വർക്ക് പെർമിറ്റ് ഇനി കാനഡയില്‍ ലഭിക്കും, കൂടാതെ അവർക്ക് കാനഡയിലെ ഏത് തൊഴിലുടമയ്ക്കും വേണ്ടി പ്രവർത്തിക്കുന്നതിനും അനുമതിയുണ്ടായിരിക്കും. അപേക്ഷകരുടെ പങ്കാളികൾക്ക് താൽക്കാലിക റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനും അവസരം നല്‍കും. ഈ നടപടി ഒരു വർഷത്തേക്ക് അല്ലെങ്കിൽ 10,000 അപേക്ഷകൾ ലഭിക്കുന്നത് വരെ തുടരും. അപേക്ഷകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള 10,000 എന്ന പരിധിയിൽ പ്രധാന അപേക്ഷകരെ മാത്രമേ കണക്കാക്കൂ. അവരുടെ ഒപ്പമുള്ള കുടുംബാംഗങ്ങളെ ഈ പരിധി കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തില്ല.
ടെക്നോളജി ഉള്‍പ്പടെയുള്ള ചില പ്രത്യേക മേഖലകളില്‍ വിദേശ പൗരന്മാരെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നതിന് യുഎസ് നല്‍കുന്ന വിസയാണ് എച്ച്1 - ബി വിസ. ഈ വിസയുടെ ചട്ടങ്ങള്‍ ലളിതമാക്കുമെന്നും ഉദാരമാക്കുമെന്നും അടുത്തിടെ യുഎസ് പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞ് യുഎസില്‍ നിന്നു തന്നെ പുതുക്കാവുന്ന എച്ച്-1ബി വിസകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ പ്രധാന വിപണിയാണ് യുഎസ്. പുതിയ പ്രഖ്യാപനത്തിന്‍റെ ഫലമായി യുഎസിലേക്കുള്ള ഐടി കയറ്റുമതി വളര്‍ച്ച 13-15 ശതമാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസിലെ ടെക് കമ്പനികള്‍ എച്ച്-1ബി വിസയെയാണ് ആശ്രയിക്കുന്നത്. വിസാകാലാവധി മൂന്നു വര്‍ഷമായിരിക്കും. നിലവില്‍, യുഎസിനുള്ളില്‍ എച്ച്-1ബി വിസ പുതുക്കുന്നത് സാധ്യമല്ല. കാരണം ഈ വിസ പുതുക്കുമ്പോള്‍, വിസ ഉടമയുടെ പാസ്പോര്‍ട്ടില്‍ പുതുക്കല്‍ തീയതി സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്, ഏതെങ്കിലും യുഎസ് കോണ്‍സുലേറ്റില്‍ മാത്രമേ റീസ്റ്റാമ്പിംഗ് ചെയ്യാന്‍ കഴിയൂ. ചില പ്രത്യേക സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി മാത്രമാണ് താല്‍ക്കാലിക തൊഴില്‍ വിസകളുടെ ആഭ്യന്തര പുതുക്കലുകള്‍ ആദ്യ ഘട്ടത്തില്‍ അനുവദിക്കുക. അടുത്തവര്‍ഷം ഈ പദ്ധതി വിപുലീകരിക്കും.