image

2 Dec 2022 6:44 AM GMT

Visa and Emigration

തൊഴിലില്‍ മിടുമിടുക്കരാണോ? ജര്‍മ്മനിയിലേക്ക് കുടിയേറാം, നൂലാമാലകളില്ലാതെ

MyFin Desk

germany immigration skilled workers
X

Summary

  • കാനഡ നിലവില്‍ നടപ്പിലാക്കിയിരിക്കുന്ന വിധം ദീര്‍ഘകാലത്തേക്ക് രാജ്യത്ത് താമസാനുമതി നല്‍കുന്ന പ്രോഗ്രാമുകളും ജര്‍മ്മനി തയാറാക്കിയേക്കും.


നിങ്ങള്‍ ഒരു തൊഴിലില്‍ മികവുള്ള ആളാണോ? ആ തസ്തിക ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള യോഗ്യത നേടിയിട്ടുണ്ടോ ? അതാത് മേഖലയെ പറ്റി കൃത്യമായ വീക്ഷണമുള്ള സ്ഥാപനത്തില്‍ ജോലി ചെയ്ത് മികവിന് മൂര്‍ച്ഛ കൂട്ടിയിട്ടുണ്ടെന്ന് ആത്മവിശ്വാസവും അത് തെളിയിക്കാനുള്ള പ്രാപ്തിയുമുണ്ടോ ? എങ്കില്‍ ജര്‍മ്മനിയില്‍ നിങ്ങള്‍ക്ക് തൊഴില്‍ അവസരം ലഭിക്കാനുള്ള സാധ്യത ഏറെയാണ്‌. തൊഴില്‍ നൈപുണ്യമുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ കൂടിയായ ജര്‍മ്മനി.

രാജ്യത്തെ തൊഴില്‍ദാതാക്കള്‍ക്ക് വിദേശത്ത് നിന്നുള്ളവരെ കമ്പനിയില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്ന് ചാന്‍സലറായ ഒലാഫ് സ്‌കോള്‍സ് അറിയിച്ചു. ജര്‍മ്മനിയില്‍ ഇപ്പോള്‍ തൊഴില്‍ നൈപുണ്യമുള്ള ജീവനക്കാരുടെ അഭാവം രൂക്ഷമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു കമ്പനിയ്ക്ക് ജീവനക്കാരെ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചുവെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

കാനഡ നിലവില്‍ നടപ്പിലാക്കിയിരിക്കുന്ന വിധം ദീര്‍ഘകാലത്തേക്ക് രാജ്യത്ത് താമസാനുമതി നല്‍കുന്ന പ്രോഗ്രാമുകളും ജര്‍മ്മനി തയാറാക്കിയേക്കും. നിലവിലെ കണക്കുകള്‍ പ്രകാരം സേവന മേഖലയിലാണ് ഏറ്റവുമധികം തൊഴിലാളി ക്ഷാമം നേരിടുന്നത്. ഉത്പാദനം, ചില്ലറ വ്യാപാരം, കെട്ടിടനിര്‍മ്മാണം, മൊത്തവ്യാപാരം എന്നീ മേഖലകളിലും തൊഴിലാളികളുടെ എണ്ണം കുറയുന്നുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മനിയില്‍ ജനസംഖ്യ തന്നെ കുറയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തൊഴില്‍ നൈപുണ്യമുള്ളവരെ കിട്ടാത്തതിനാല്‍ രാജ്യത്തെ കമ്പനികളില്‍ പകുതിയും സമ്മര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

തൊഴില്‍ അവസരങ്ങളുമായി കാനഡയും

കാനഡയിലെ പ്രധാന രണ്ട് പ്രവിശ്യകളിലായി ഒരു മാസം കൊണ്ട് നാലു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഏതാനും ദിവസം മുന്‍പ് വന്നിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കാനഡയിലെ ഒണ്‍ടേറിയോയിലും സാസ്‌കാറ്റ്ച്ചെവാനിലുമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. ഇതോടെ ഒണ്‍ടേറിയോയിലെ തൊഴില്‍ അവസരങ്ങളുടെ എണ്ണം 7.4 ശതമാനം വര്‍ധിച്ച് 3,75,700 ആയും, സാസ്‌കാറ്റ്ച്ചെവാനിലേത് 12.2 ശതമാനം വര്‍ധിച്ച് 26,700 ആയും വര്‍ധിച്ചുവെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കും നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്‍പ്പടെ കാനഡയിലേക്ക് കുടിയേറുന്നവര്‍ക്കും ഇത് ഗുണകരമായേക്കും. കാനഡയിലെ തൊഴില്‍ മേഖലയില്‍ ആകെയുള്ള അവസരങ്ങളുടെ എണ്ണം 3.8 ശതമാനമായി (ഏകദേശം 36,300 അവസരങ്ങള്‍) ആയി ഉയര്‍ന്നു. സെപ്റ്റംബറിലെ കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 9,94,800 തൊഴില്‍ അവസരങ്ങളാണ് കാനഡയില്‍ നിലവിലുള്ളത്.

ആരോഗ്യം, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ സര്‍വീസസ്, കെട്ടിടനിര്‍മ്മാണം എന്നീ മേഖലകളില്‍ തൊഴിലസവരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ മേഖലയില്‍ മാത്രം സെപ്റ്റംബറില്‍ 1,52,400 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ആരോഗ്യ സംരക്ഷണം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിലായി 1,59,500 തൊഴിലവസരങ്ങള്‍ സെപ്റ്റംബറില്‍ സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.