9 Dec 2022 6:54 AM GMT
യുഎസില്‍ പിരിച്ചുവിടല്‍ ശക്തം, ഇന്ത്യക്കാര്‍ക്കിടയില്‍ ഇബി 5 വിസയ്ക്ക് ഡിമാന്‍ഡ് ഏറുന്നു
MyFin Desk
Summary
- വിദേശ നിക്ഷേപകര്‍ക്കുള്‍പ്പടെ യുഎസിലേക്ക് കുടിയേറാന്‍ സഹായിക്കുന്നതാണ് ഇബി-5 വിസ.
- ഇബി-5 വിസയുള്ളവര്‍ക്ക് യുഎസില്‍ സ്ഥിര താമസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിനും അപേക്ഷിക്കാം.
യുഎസില്‍ ടെക്ക് മേഖലയിലടക്കം പിരിച്ചുവിടല്‍ ശക്തമായതോടെ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്കിടയില്‍ ഇബി-5 വിസയ്ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നുവെന്ന് സൂചന. ട്വിറ്റര്‍, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികളില്‍ നിന്നും അടുത്തിടെ ആയിരക്കണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടത്. ഇവരെല്ലാം തന്നെ എച്ച് 1 ബി വര്‍ക്ക് പെര്‍മിറ്റിലാണ് അവിടെ തുടര്‍ന്നിരുന്നത്. എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ 60 ദിവസത്തിനകം മറ്റൊരു ജോലിയില്‍ പ്രവേശിക്കുകയോ പുതിയ വിസ കാറ്റഗറിയിലേക്ക് സ്റ്റാറ്റസ് മാറ്റുകയോ വേണം.
മറ്റൊരു ജോലി കണ്ടെത്താനാവാതെ ഒട്ടേറെ പേര്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ മികച്ച ശമ്പളത്തില്‍ ജോലി ചെയ്തിരുന്നവര്‍ എങ്ങനെയും യുഎസില്‍ തുടരാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇബി-5 വിസയ്ക്ക് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
വിദേശ നിക്ഷേപകര്‍ക്കുള്‍പ്പടെ യുഎസിലേക്ക് കുടിയേറാന്‍ ആവശ്യമായ ഇബി-5 വിസയുമായി (എംപ്ലോയ്മെന്റ് ബേസ്ഡ് 5 വിസ) ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ചുവെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അടുത്തിടെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ഇബി-5 റിഫോം ആന്‍ഡ് ഇന്റഗ്രിറ്റി ആക്ട് 2022 ഈ വര്‍ഷം ആദ്യം യുഎസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഇന്ത്യയിലുള്‍പ്പടെ ഏറെ പ്രചാരം നേടിയ ഇബി-5 വിസ സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ യുഎസില്‍ വന്‍ നിക്ഷേപം നടത്തുന്നവര്‍ക്കടക്കം ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കുമെന്നും യുഎസ്സിഐഎസ് അധികൃതര്‍ വ്യക്തമാക്കി.
ഇബി-5 വിസയുള്ളവര്‍ക്ക് യുഎസില്‍ സ്ഥിര താമസത്തിന് (പെര്‍മനെന്റ് റെസിഡന്‍സ്) അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിനും അപേക്ഷിക്കാന്‍ സാധിക്കും. യുഎസില്‍ തങ്ങുന്ന വിദേശികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാതെ തന്നെ റസിഡന്റ് സ്റ്റാറ്റസ് മാറുന്നതിനുള്ള സംവിധാനവും പുതിയ ചട്ടപ്രകാരം നടപ്പിലാക്കും. യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി 1990ല്‍ ആരംഭിച്ചതാണ് ഇബി വിസ. കുറഞ്ഞത് 10 വര്‍ഷക്കാലാവധിയുള്ളതാണിത്. ഇത്തരം വിസയ്ക്ക് സ്പോണ്‍സര്‍ഷിപ്പിന്റെ ആവശ്യവുമില്ല. അപേക്ഷ സമര്‍പ്പിച്ച് പരമാവധി ആറ് മാസത്തിനകം ഇബി വിസ ഇഷ്യു ചെയ്യാറുണ്ട്.
ഇബി -5 വിസ ലഭിക്കണമെങ്കില്‍ ഇബി 5 പ്രോജക്ടുകളിലേക്ക് നിക്ഷേപം നടത്തണം. യുഎസിലെ ഗ്രാമീണ മേഖലകളിലേക്ക് നിക്ഷേപം എത്തിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് ഇത്തരം ഇബി 5 പ്രോജക്ടുകള്‍. എട്ട് ലക്ഷം ഡോളറാണ് കുറഞ്ഞ നിക്ഷേപമായി വേണ്ടത്. സാധാരണയായി പ്രോജക്ടുകളുമായി ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും ബിസിനസിലേക്കോ ആണ് ഇത്തരത്തില്‍ നിക്ഷേപം നടത്തുക.