ഡെല്‍ഹി : യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നറിയിച്ച് ഇന്ത്യയിലെ യുഎസ് എംബസി....
ഡെല്‍ഹി : യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നറിയിച്ച് ഇന്ത്യയിലെ യുഎസ് എംബസി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസയും യാത്രയും സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള സഹായത്തിനായി കോണ്‍സുലാര്‍ ഓഫിസര്‍മാരുടെ സേവനം ലഭിക്കുമെന്നും രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ട്വീറ്റ് വീഡിയോയില്‍ പറയുന്നു. മാത്രമല്ല എംബസിയില്‍ നിന്നുള്ള അപ്ഡേറ്റുകളും ഇവരിലൂടെ ലഭ്യമാകും. യുഎസിലേക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ യാത്രയ്ക്ക് ഒരു ദിവസം മുന്‍പെങ്കിലും കോവിഡ് നെഗറ്റീവ് ആയിരിക്കണം. അതിന്റെ രേഖ ഹാജരാക്കുകയും വേണം. in.usembassy.gov/visas എന്ന ലിങ്കില്‍ നിന്നും വിസ സര്‍വീസുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാകുമെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം മൂലം യാത്ര സംബന്ധിച്ച കാര്യങ്ങളില്‍ യുഎസ് ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഒട്ടേറെയാളുകള്‍ക്ക് യുഎസിലേക്ക് പോകുന്നതില്‍ തടസം നേരിട്ടു. രണ്ടു വര്‍ഷം പിന്നിടന്ന വേളയില്‍ യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണ് യുഎസ്. എച്ച് 1 ബി വിസയുടെ രജിസ്ട്രേഷന്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍സുലാര്‍ സേവനങ്ങളുടെ ലഭ്യതയെ പറ്റി യുഎസ് എംബസി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ വര്‍ഷവും 65, 000 പുതിയ എച്ച് 1 ബി വിസയാണ് യുഎസ് അനുവദിക്കുന്നത്.
യുഎസിലെ ട്രാവല്‍-ഏവിയേഷന്‍ മേഖലയുടെ ഉണര്‍വിനും യാത്രാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയേ മതിയാകൂ. എന്നാല്‍ നിലവില്‍ ഒമിക്രോണ്‍ വ്യാപനവും യുഎസിനെ ആശങ്കയിലാക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന 2020-21 കാലയളവില്‍ യുഎസിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ഇടിവുണ്ടായിരുന്നു. ആകെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനം ഇടിവും രേഖപ്പെടത്തി. പത്തു ലക്ഷം വിദ്യാര്‍ത്ഥികള്‍ വന്നാല്‍ അതില്‍ ഒന്നരലക്ഷവും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.