2 May 2023 12:36 PM
Summary
- അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കുക വഴി ഈ അധിക ചെലവ് ഒഴിവാക്കാൻ സാധിക്കും
- ഈ വർഷം ജനുവരി 10 നു പുറത്തിറങ്ങിയ സർക്കുലർ പ്രകാരം ആദ്യ ഘട്ടത്തിൽ 10 രാജ്യങ്ങൾ
- ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം
പ്രവാസികൾക്ക് ഇനി അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ചും യു പി ഐ ഇടപാടുകൾ നടത്താം. 2023 ഏപ്രിൽ 30 നകം എല്ലാ അംഗങ്ങളോടും നിർദ്ദേശം പാലിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു . ഒരു എൻ ആർ ഇ (Non-Resident External -NRE) അല്ലെങ്കിൽ (Non-Resident Ordinary -NRO) അക്കൗണ്ടുകൾ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് 10 രാജ്യങ്ങളിൽ നിന്ന് ഇടപാടുകൾ നടത്താനാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ അനുമതി നൽകുന്നത്
സജീവമായ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പ്രവാസികൾ ഇതുവരെ യു പി ഐ ഇടപാടുകൾ നടത്തിയിരുന്നത്. ഒരു യുപിഐ ഐ ഡി രജിസ്റ്റർ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്കു നമ്പർ സ്ഥിരീകരണത്തിനായി ഒരു എസ് എം എസ് പോകും അതിനാൽ ഒരു പ്രവാസിക്കു ഇടപാടുകൾ നടത്താൻ ഒരു മൊബൈൽ നമ്പർ റീചാർജ് ചെയ്തു സജീവമാക്കി വെക്കേണ്ടതായുണ്ട്. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കുക വഴി ഈ അധിക ചെലവ് ഒഴിവാക്കാൻ സാധിക്കും.
ഏതൊക്കെ പ്രവാസികൾക്ക് ആനുകൂല്യം ലഭിക്കും
ഈ വർഷം ജനുവരി 10 നു പുറത്തിറങ്ങിയ സർക്കുലർ പ്രകാരം ആദ്യ ഘട്ടത്തിൽ സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള എൻആർഐ മൊബൈൽ നമ്പറുകൾക്ക് യുപിഐ ഉപയോഗിക്കാം
വ്യവസ്ഥകൾ
അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്തണമെങ്കിൽ പ്രവാസികളുടെ മൊബൈൽ നമ്പർ ബാങ്ക് എൻ ആർ ഇ അല്ലെങ്കിൽ എൻആർ ഓ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഈ അക്കൗണ്ടുകൾ കെവൈസി ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കൂടാതെ അക്കൗണ്ടുള്ള ബാങ്ക് ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം
എങ്ങനെ പ്രയോജനപ്പെടും
പ്രവാസികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ യു പി ഐ ഉപയോഗിച്ച് എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ ഇടപാടുകൾ നടത്താൻ കഴിയും. കൂടാതെ അവർക്കു താമസ സ്ഥലത്തും ഇതേ രീതിയിൽ യു പി ഐ ഇടപാടുകൾ നടത്താൻ കഴിയും