image

2 March 2023 7:45 AM GMT

NRI

യുഎഇ കുടുംബവിസ ലഭിക്കാന്‍ പുതിയ നിബന്ധന

Gulf Bureau

uae family visa
X

Summary

  • ആറ് അംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ 15,000 ദിര്‍ഹം മാസ ശമ്പളം


യുഎഇയില്‍ ഇനി കുടുംബ വിസയെടുക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ അയാള്‍ക്ക് കുറഞ്ഞത് 10,000 ദിര്‍ഹമെങ്കിലും മാസശമ്പളം വേണമെന്ന പുതിയ നിര്‍ദേശമാണ് നിലവില്‍ വന്നിരിക്കുന്നത്.

ആറ് കുടുംബാംഗങ്ങളുണ്ടെങ്കില്‍ അവരെ സ്പോണ്‍സര്‍ ചെയ്യാന്‍ 15,000 ദിര്‍ഹം ശമ്പളം വേണമെന്നും പുതിയ നിബന്ധനയില്‍ പറയുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ഷംസിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കുടുംബവിസ ലഭിക്കാന്‍ കുറഞ്ഞത് 4000 ദിര്‍ഹമോ, താമസം ഉള്‍പ്പെടെ 3500 ദിര്‍ഹമോ മാസ ശമ്പളം മതി എന്നാണ് യുഎഇയില്‍ ഇതുവരെയുണ്ടായിരുന്ന നിയമം.

ഇനി പുതിയ നിബന്ധപ്രകാരം കുടുംബാംഗങ്ങളിലെ അഞ്ചുപേരെ സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം സാലറി വേണമെന്നാണ് നിബന്ധന. മാത്രമല്ല, ആറ് പേരെയാണ് സ്പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ 15,000 ദിര്‍ഹവും ശമ്പളം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഒക്ടോബറില്‍ നിലവില്‍ വന്ന യുഎഇ കാബിനറ്റ് നിര്‍ദേമനുസരിച്ചാണ് പുതിയ മാറ്റം. അതിലെല്ലാമുപരി കുടുംബാംഗങ്ങളില്‍ ആറ് പേരില്‍ കൂടുതലാളുകളുണ്ടെങ്കില്‍, ഡയറക്ടറേറ്റ് ജനറല്‍ പ്രത്യേകമായി അപേക്ഷ വിലയിരുത്തിയ ശേഷമേ സ്പോണ്‍സര്‍ഷിപ്പിന് അനുവാദം നല്‍കുകയുള്ളു.

പുതിയ ഉത്തരവില്‍ യുഎഇ അടുത്തിടെ അനുമതി നല്‍കിയ 15ഓളം വിസകളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടാകും. എങ്കിലും, വിസകളുടെ കാറ്റഗറിയനുസരിച്ച് ഇതിന്റെ നിബന്ധനകളില്‍ വ്യത്യാസങ്ങളുണ്ടായേക്കാം. ഈ തരത്തിലുള്ള വിസക്കാര്‍ക്ക് 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ താമസിക്കാന്‍ കഴിയില്ല.

ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ ഉടമകളും ഇവരുടെ കുടുംബാംഗങ്ങളും ഒഴികെയുള്ളവര്‍ രാജ്യത്തിന് പുറത്ത് 180 ദിവസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ വിസ റദ്ദാകുമെന്നും വ്യവസ്ഥയുണ്ട്. എങ്കിലും പുതിയ നിയമമനുസരിച്ച് യുഎഇക്ക് പുറത്ത് ആറ് മാസത്തില്‍ കൂടുതല്‍ തങ്ങേണ്ടി വന്നാല്‍ പ്രത്യേക സാഹചര്യം വിശദീകരിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ അവര്‍ക്ക് വീണ്ടും പ്രവേശനം അനുവദിക്കുന്നതായിരിക്കും.