image

11 Jan 2023 7:00 AM GMT

NRI

യുഎഇയിലെ ടൂറിസം വികസനം ഇനി ഗ്രാമങ്ങളിലേക്കും

MyFin Bureau

uae emirates villages project
X

Summary

  • ഫുജൈറയിലെ ഖിദ്ഫയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്


ദുബായിയും അബൂദാബിയുമടക്കം ജിസിസി രാജ്യങ്ങള്‍ക്കിടയിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളാണ് യുഎഇക്ക് സ്വന്തമായുള്ളത്. ലോക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ തലസ്ഥാനമായാണ് നിലവില്‍ ദുബായ് എന്ന അത്യാധുനിക നഗരത്തെ ലോക സഞ്ചാരികള്‍ വിലയിരുത്തുന്നത്.

മികച്ച അടിസ്ഥാന സൗകര്യങ്ങളും നവീന വികസന കാഴ്ചപ്പാടുകളും ഭരണാധികാരികളുടെ ശക്തമായ പിന്തുണയും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമാണ് യുഎഇയുടെ ഈ കുതിപ്പിന് ചാലക ശക്തിയാകുന്നത്.

ദുബായിക്കും അബൂദാബിക്കും പുറമേ ഷാര്‍ജയും ഫുജൈറയും റാസല്‍ഖൈമയുമെല്ലാം ഇത്തരം വികസനക്കുതിപ്പിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി ഗ്രാമങ്ങളിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് ഫുജൈറയില്‍ എമിറേറ്റ്സ് വില്ലേജസ് പദ്ധതി എന്ന പേരില്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കാനിരിക്കുന്നത്.

ഫുജൈറയിലെ ഖിദ്ഫയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതോടെ, വര്‍ഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഖിദ്ഫയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

യുഎഇയുടെ ഗ്രാമങ്ങളിലെ വിനോദ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഗ്രാമവികസനത്തിനൊപ്പം ഗ്രാമവാസികളുടെ ജീവിതനിലവാരം കൂടി മെച്ചപ്പെടുത്താനായി യുഎഇ നടപ്പാക്കുന്ന എമിറേറ്റ്സ് വില്ലേജസ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഫുജൈറയിലെ ഖിദ്ഫയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.

ബിസി 2000 ആണ്ടു മുതല്‍ 1300 വരെ കാലപ്പഴക്കമുള്ള ശ്മശാനങ്ങളും ശവകുടീരങ്ങളും പുരാതന കേന്ദ്രങ്ങളും വരം കണ്ടെത്തിയ പ്രദേശമാണ് ഖിദ്ഫ. നൂറുകണക്കിന് പുരാവസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ഒരു സാധ്യത വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ വിനോദ സഞ്ചാരികള്‍ നഗരങ്ങള്‍വിട്ട് ഗ്രാമങ്ങളിലേക്ക് കൂടി ഒഴുകുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ തന്നെ 200 ഓളം യുവാക്കളെയാണ് പരിശീലിപ്പിച്ചെടുക്കുക. കൂടാതെ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി പത്ത് ബില്യണ്‍ ദിര്‍ഹം ചെലവില്‍ ഇവിടെ വൈദ്യുതി ഉത്പാദന കേന്ദ്രം നിര്‍മിക്കാനും പദ്ധതിയുണ്ട്. അതിനെല്ലാം പുറമേ, യുവതി-യുവാക്കളെ മാത്രം ലക്ഷ്യമിട്ട് അമ്പതിലധികം വികസന പദ്ധതികളും ഇവിടെ നടപ്പിലാക്കും.