16 Dec 2022 8:30 AM GMT
Summary
- അവസാന മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ധനവിനിയോഗമാണിത്
സൗദി അറേബ്യയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം വിനോദ സഞ്ചാരികളുടെ ധനവിനിയോഗത്തില്‍ 74 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 71.2 ബില്യണ്‍ റിയാലാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം വിനോദ സഞ്ചാരികള്‍ സൗദിയില്‍ ചെലവഴിച്ചത്.
കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് 74 ശതമാനം വര്‍ധനവാണിത്. അവസാന മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ധനവിനിയോഗമാണിത്.62 ശതമാനം പേര്‍ ആഭ്യന്തര ടൂറിസ്റ്റുകളും, 38 ശതമാനം വിദേശികളുമാണ്.
സൗദി പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ ടൂറിസത്തിനായി ചെലവഴിക്കുന്ന തുകയും അഞ്ചിരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. ആദ്യ ആറു മാസത്തിനിടെ വിദേശ ടൂറിസ്റ്റുകള്‍ 26.7 ബില്യണ്‍ റിയാലും ആഭ്യന്തര ടൂറിസ്റ്റുകള്‍ 44.ബില്യണ്‍ റിയാലും ചെലവഴിച്ചു. വിനോദസഞ്ചാരത്തിനിടെ ഒരു രാത്രിയെങ്കിലും രാജ്യത്തെ ഹോട്ടലുകളിലോ അപ്പാര്‍ട്ട്മെന്റുകളിലോ താമസിക്കുന്ന സന്ദര്‍ശകരെയാണ് ടൂറിസ്റ്റുകളായി പരിഗണിക്കുന്നത്.
അവസാന വര്‍ഷം ആദ്യ പകുതിയില്‍ 4.3 ബില്യണ്‍ റിയാലായിരുന്നു സൗദി പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ വിനോദയാത്രയ്ക്കായി ചെലവഴിച്ചത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പകുതിയോടെ അത് അഞ്ചിരട്ടിയായും വര്‍ധിച്ചിട്ടുണ്ട്.