image

21 Dec 2022 11:15 AM GMT

NRI

സെപ കരാര്‍ യുഎഇ-ഇസ്രയില്‍ വ്യാപാരത്തിന് ഗുണകരമാകുന്നു; ഈ വര്‍ഷം നവംബര്‍ വരെയുള്ള വ്യാപാരം ഇരട്ടിയായി

MyFin Bureau

cepa agreement good trade between uae israel
X

Summary

  • യുഎഇയിലെ ഇസ്രയില്‍ അംബാസഡര്‍ അമീര്‍ ഹയേക് ആണ് ഉഭയകക്ഷി വ്യാപാരത്തിലെ പുതിയ റെക്കോര്‍ഡ് വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്


സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) യുഎഇ- ഇസ്രയില്‍ വ്യാപാരത്തിന് ഗുണകരമാകുന്നു. 2022 ലെ ആദ്യ 11 മാസത്തിനുള്ളില്‍ യുഎഇ-ഇസ്രായേല്‍ വ്യാപാരം ഇരട്ടിയിലധികമായി വര്‍ധിച്ചതോടെയാണ് ഈ വിലയിരുത്തല്‍. യുഎഇയിലെ ഇസ്രയില്‍ അംബാസഡര്‍ അമീര്‍ ഹയേക് ആണ് ഉഭയകക്ഷി വ്യാപാരത്തിലെ പുതിയ റെക്കോര്‍ഡ് വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്.

2022 ലെ ആദ്യ 11 മാസത്തില്‍ തങ്ങള്‍ സോഫ്റ്റ് വെയര്‍ ഒഴികെയുള്ള മേഖലയിലെ വ്യാപാരത്തില്‍ തന്നെ 2.357 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 115.1 ശതമാനം വര്‍ധനവാണിത് കാണിക്കുന്നതെന്നും ഹയേക് ട്വിറ്ററില്‍ കുറിച്ചു.

ഇരു രാജ്യങ്ങള്‍ക്കിടയിലേയും ബന്ധം സാധാരണ നിലയിലാക്കാനും വ്യാപാര ബന്ധം മെച്ചപ്പെടുത്താനുമായി 2020 സെപ്റ്റംബറിലാണ് യുഎഇയും ഇസ്രയിലും അബ്രഹാം കരാറില്‍ ഒപ്പുവച്ചിരുന്നു.

ഈ വര്‍ഷമാദ്യം ഇരുരാജ്യങ്ങളും തമ്മില്‍ സെപ കരാറില്‍ കൂടി ഒപ്പുവച്ചതോടെ നിക്ഷേപത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടാവുകയും വ്യാപാരം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. 2020 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ, യുഎഇ-ഇസ്രയില്‍ എണ്ണ ഇതര വ്യാപാരം 2.5 ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടുണ്ട്. അതേസമയം 2022 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 1.06 ബില്യണ്‍ ഡോളറിലെത്തി. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം അഞ്ചിരട്ടിയാണിത് കാണിക്കുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളറിലധികമാക്കി ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഉഭയകക്ഷി വ്യാപാരത്തിനപ്പുറം ഇരു രാജ്യങ്ങളും തങ്ങളുടെ സൗഹൃദ ബന്ധവും വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.