image

22 March 2023 8:45 AM GMT

NRI

'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതി ഈ വര്‍ഷവും നടത്താനൊരുങ്ങി യുഎഇ

Gulf Bureau

uae with one billion meals in ramadan
X

Summary

  • വരും ദശകത്തിലേയും ഭക്ഷണസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം


കാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന യുഎഇയുടെ 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതി ഈ വര്‍ഷവും നടത്താനൊരുങ്ങുകയാണ് അധികൃതര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്് അന്നമെത്തിക്കുന്നതാണ് യുഎഇയുടെ 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതി. എല്ലാ വര്‍ഷവും ഈ പദ്ധതിയിലൂടെ അനേകായിരങ്ങളാണ് ആശ്വാസം കണ്ടെത്തുന്നത്.

റമദാനിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി യുഎഇ നടപ്പിലാക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാശിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. റമദാന്‍ ഒന്നു മുതലാണ് പദ്ധതി ആരംഭിക്കുക.

ലോകത്തെ ആകെ ജനങ്ങളിലെ പത്തിലൊരാളും പട്ടിണിയെ അഭിമുഖീകരിക്കുന്നുണ്ട്. മാനുഷികവും ധാര്‍മികപരവും മതപരവുമായ ദൗത്യമെന്ന നിലയിലാണ് പദ്ധതി തുടരുന്നതെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

വരും ദശകത്തിലേയും ഭക്ഷണസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയില്‍ 50 രാജ്യങ്ങളിലേക്കാണ് ആകെ സഹായമെത്തിച്ചിട്ടുള്ളത്.

2030 ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യുഎന്നിന്റ ലക്ഷ്യത്തെ പിന്തുണക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികള്‍ക്കുമെല്ലാം പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ അവസരമുണ്ട്.

സംഭാവനകള്‍ ഭക്ഷണ പൊതികളുടേയും വൗച്ചറുകളുടേയും രൂപത്തിലാണ് ആളുകളിലേക്ക് എത്തിക്കുക. ജോര്‍ദന്‍, സുഡാന്‍, യമന്‍, പലസ്തീന്‍, ലബനന്‍, ടുണീഷ്യ, ഇറാഖ്, ഈജിപ്ത്, കൊസോവോ, ബ്രസീല്‍, നേപ്പാള്‍, കെനിയ, സെനഗല്‍, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയുടെ സഹായങ്ങള്‍ എത്തിച്ചിരുന്നു.

2020ല്‍ 10 മില്യണ്‍ മീല്‍സ് പദ്ധതിയും 2021ല്‍ 100 മില്യണ്‍ മീല്‍സ് കാമ്പയിനും രാജ്യം വിജയകരമായി നടപ്പാക്കിയിരുന്നു. എല്ലാ പദ്ധതികള്‍ക്കും വലിയ പിന്തുണയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.