image

13 March 2023 9:45 AM GMT

NRI

സൗദിയില്‍ വീണ്ടും മിച്ചബജറ്റ്; 103 ബില്യണ്‍ റിയാലിന്റെ മിച്ചം

Gulf Bureau

surplus budget in saudi again
X

Summary

  • കഴിഞ്ഞ ദിവസം രാജ്യത്തെ ധനമന്ത്രാലയമാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്


എണ്ണയിതര മേഖലകളില്‍നിന്നുള്ള വരുമാനത്തില്‍കൂടി ശ്രദ്ധകേന്ദ്രീകരിച്ച സൗദി അറേബ്യയ്ക്ക് മികച്ച നേട്ടം. കഴിഞ്ഞ വര്‍ഷം സൗദി ബജറ്റില്‍ 103 ബില്യണ്‍ റിയാലിന്റെ മിച്ചം കൈവരിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം രാജ്യത്തെ ധനമന്ത്രാലയമാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. എണ്ണയിതര മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ എണ്ണ വരുമാനത്തില്‍ 52 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതാണ് ബജറ്റ് മിച്ചം ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്.

പോയ വര്‍ഷം ബജറ്റില്‍ സൗദിക്ക് പ്രതീക്ഷിച്ചതിലുമധികം വരുമാന നേട്ടമുണ്ടാക്കാന്‍ സാധിച്ചതായാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബജറ്റവലോകന റിപ്പോര്‍ട്ട് ധനമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 1.27 ട്രില്യണ്‍ റിയാല്‍ വരുമാനം നേടിയ ബജറ്റില്‍ 1.16 ട്രില്യണ്‍ റിയാലാണ് ചിലവ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ കാലയളവില്‍ സൗദിയുടെ എണ്ണ വരുമാനം 52 ശതമാനം എന്ന തോതില്‍ വര്‍ധിച്ച് 857 ബില്യണ്‍ റിയാലിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വരുമാനത്തിലും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എണ്ണ ഇതര വരുമാനം രണ്ട് ശതമാനം എന്ന തോതില്‍ വര്‍ധിച്ച് 411 ബില്യണ്‍ റിയാലായാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ജീവനക്കാരുടെ വേതന നഷ്ടപരിഹാര ഇനത്തിലാണ് ഏറ്റവും കൂടുതല്‍ ചിലവ് (513 ബില്യണ്‍ റിയാല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം ചരക്ക് സേവനങ്ങളുടെ ഉപയോഗത്തിനായി 258 ബില്യണ്‍ റിയാലും വിവിധ സാമൂഹിക ആനുകൂല്യങ്ങള്‍ക്കായി 79 ബില്യണ്‍ റിയാലും, സാമ്പത്തികേതര ആസ്തികള്‍ക്കായി 143 ബില്യണ്‍ റിയാലും സൗദി ചിലവഴിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.