image

19 Jan 2023 11:30 AM GMT

NRI

വിമാന ടിക്കറ്റെടുത്താല്‍ നാലു ദിവസത്തെ ടൂറിസ്റ്റ് വിസ; സഞ്ചാരികള്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി

MyFin Bureau

4 days saudi tourist visa on ticket
X

Summary

  • 96 മണിക്കൂറിനിടയി സന്ദര്‍ശകര്‍ക്ക് ഉംറ നിര്‍വഹിക്കാനും, രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാനും അവസരമൊരുങ്ങും


സൗദിയിലേക്ക് ഇനി ഒരു വിമാന ടിക്കറ്റെടുത്താല്‍ മതി, കൂടെ നാലു ദിവസത്തെ ടൂറിസ്റ്റ് വിസയും ലഭിക്കും. ഉംറ നിര്‍വഹിക്കാനാഗ്രഹിക്കുന്ന തീര്‍ത്ഥാടകരക്കമുള്ള സഞ്ചാരികള്‍ക്ക് വലിയ നേട്ടമാകുന്ന വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദിയിലെ ഒരു വിമാനക്കമ്പനി. സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ സൗജന്യ സന്ദര്‍ശന വിസ നല്‍കുന്ന സേവനം കമ്പനി ഉടന്‍ ആരംഭിക്കുന്നത്.

ഈ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 96 മണിക്കൂര്‍ അഥവാ നാല് ദിവസമാണ് രാജ്യത്ത് ചെലവഴിക്കാന്‍ അവസരമൊരുങ്ങുക. ഈ വിസ കൈയിലുള്ളവര്‍ക്ക് പുണ്യകര്‍മ്മമായ ഉംറ നിര്‍വഹിക്കാനും ഇതിലൂടെ സൗദിയിലുടനീളം സഞ്ചരിച്ച് രാജ്യത്തിന്റെ വൈവിധ്യവും മറ്റും ആസ്വദിക്കാനും യാത്രക്കാര്‍ക്ക് അവസരമൊരുങ്ങും.

ടിക്കറ്റ് തന്നെ ഒരു വിസയായി മാറുന്ന പദ്ധതിയിലൂടെ വമ്പന്‍ മാറ്റമാണ് സൗദിയുടെ യാത്രാ മേഖലയില്‍ സംഭവിക്കാനിരിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ സൗദിയിലെത്താനായി ടിക്കറ്റെടുക്കുന്ന സന്ദര്‍ശകര്‍ക്ക് ടിക്കറ്റിനൊപ്പം തന്നെ സൗജന്യ സന്ദര്‍ശന വിസയും ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.

രാജ്യത്ത് പ്രവേശിച്ചത് മുതല്‍ നാല് ദിവസമാണ് വിസയുടെ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയപരിധിക്കുള്ളില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും ഇവര്‍ക്ക് സഞ്ചരിക്കാം. കൂടാതെ മറ്റു വിനോദ-കലാ-സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനും ഇവര്‍ക്ക് യാതൊരു തടസവുമുണ്ടാകില്ല. ഇതിലെല്ലാമുപരിയായി സന്ദര്‍ശകര്‍ക്ക് മുസ്ലിംകളുടെ പുണ്യകേന്ദ്രമായ മക്കയിലെത്തി ഉംറ ചെയ്യാനും മദീന സന്ദര്‍ശനത്തിനും അവസരം ലഭിക്കുകയും ചെയ്യും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടുകൂടെ തന്നെ ഈ പ്രത്യേക വിസക്ക് കൂടി അപേക്ഷിക്കാനുള്ള സൗകര്യം സൗദിയയുടെ പുതിയ ടിക്കറ്റിംഗ് സംവിധാനത്തില്‍ ഉടന്‍ ഉള്‍പ്പെടുത്തും. മറ്റുള്ള വിസാ നടപടിക്രമങ്ങള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ട ആവശ്യകത ഈ വിസയ്ക്ക് ആവശ്യമായി വരില്ല.

വെറും മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ വിസ ആവശ്യമുള്ളവര്‍ക്ക് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നും സൗദി എയര്‍ലൈന്‍സ് വക്താവ് അബ്ദുല്ല അല്‍ശഹ്റാനി പറയുന്നു. കൂടാതെ, ഉംറ നിര്‍വഹിക്കാനായി സൗദിയിലെത്താന്‍ ആഗ്രഹിക്കുന്ന ഇസ്ലാം മത വിശ്വാസികളുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് ടിക്കറ്റുമായി ബന്ധിപ്പിച്ചുള്ള പുതിയ വിസാ സംവിധാനം ആരംഭിക്കാന്‍ തങ്ങള്‍ തയാറായതെന്നും അബ്ദുല്ല അല്‍ശഹ്റാനി വ്യക്തമാക്കി.

ഈ പ്രത്യേക വിസാ പദ്ധതിയിലൂടെ രാജ്യത്തെത്തുന്നവര്‍ക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങാന്‍ അനുവാദമുണ്ടായിരിക്കും. മാത്രമല്ല, സൗകര്യപ്രദമായ വിമാനത്താവളത്തില്‍നിന്ന് തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഇവര്‍ക്ക് അനുവാദമുണ്ടായിരിക്കും.