image

14 Jun 2023 4:22 PM IST

NRI

പണം ഒരു പ്രശ്‌നമല്ല: സ്‌പോര്‍ട്‌സില്‍ സൗദിക്ക് എന്താണ് കാര്യം?

MyFin Desk

whats up with saudi in sports
X

Summary

  • സൗദിയുടെ പ്രധാന വരുമാനം എന്ന ഉൽപ്പാദനം
  • 2021ല്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ മികച്ച ക്ലബ്ബായ ന്യൂകാസിലിനെ വില കൊടുത്ത് സൗദി വാങ്ങി
  • ലോകോത്തര ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാനൊരുങ്ങുന്ന വാര്‍ത്ത വന്നതും ഇക്കൊല്ലം


കായിക ലോകത്ത് ഇപ്പോഴൊരു വിവാദം നടക്കുകയാണ്. അഴിമതിയോ തട്ടിപ്പോ ഒന്നുമല്ല. ഒരു ലയനം. ഗോള്‍ഫിന്റെ ഫിഫയായ പിജിഎയെ ലയിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളും പൊട്ടിത്തെറികളും. വലിയ കോലാഹങ്ങളൊന്നും ഇല്ലാതെ നൈസായാണ് പിജിഎ ലയിപ്പിക്കല്‍ ഡീല്‍ നടന്നത്. അതാരും അറിഞ്ഞതേയില്ല. അതാണ് വിവാദവും. പിജിഎയുടെ എതിരാളി LIV നെ ആണ് തങ്ങളോട് ചേര്‍ത്തിരിക്കുന്നതെന്നാണ് ഡീലിലെ ഐറണി. ആരാണ് LIV ന് പിന്നില്‍? സംശയമെന്ത്, സൗദി അറേബ്യ തന്നെ!

മരുഭൂമിയാല്‍ ചുറ്റപ്പെട്ടൊരു രാജ്യം പുല്‍മൈതാനിയിലെ ഗെയിം മൊത്തത്തില്‍ വാങ്ങുകയോ? അത്ഭുതപ്പെടേണ്ട, സൗദിയുടെ പ്ലാന്‍ അങ്ങനെയാണ്. വിഷന്‍ 2030 എന്ന പ്ലാന്‍.

എണ്ണയില്ലാതെ ചലിക്കാന്‍

എണ്ണയിട്ട യന്ത്രം പോലെയാണ് സൗദി ഭാവിയിലേക്ക് ചലിക്കുന്നത്. എല്ലാം എണ്ണയുടെ പണം കൊണ്ട്. പക്ഷെ, സൗദിക്കറിയാം കാലാക്കാലം എണ്ണപ്പൈസയില്‍ മുന്നോട്ടുപോകാനാവില്ലെന്ന്. അതാണ് ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങളും വമ്പന്‍ ഏറ്റെടുക്കലുകളും നിക്ഷേപങ്ങളും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകളെ സൗദിയിലേക്ക് ആകര്‍ഷിക്കണം. അവരില്‍ നിന്ന് നിക്ഷേപം എത്തിക്കണം. ടൂറിസ്റ്റുകളായി വരുന്നവരില്‍ നിന്ന് വരുമാനമുണ്ടാക്കണം. അങ്ങനെ പുതിയ പുതിയ പദ്ധതികളാണ് സൗദിക്ക്. അതിനായി സ്‌പോര്‍ട്‌സില്‍ മാത്രം വമ്പന്‍ പണമാണ് സൗദി ഒഴുക്കുന്നത്. ഒന്നും പുതുതായി ഉണ്ടാക്കുന്നല്ല, ഏറ്റവും മികച്ചതിനെ തന്നെ തങ്ങളുടെ ഭാഗമാക്കുകയാണ് സൗദി ചെയ്യുന്നത്.

2021ല്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ മികച്ച ക്ലബ്ബായ ന്യൂകാസിലിനെ വില കൊടുത്ത് സൗദി വാങ്ങി. പിന്നീട് സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തന്നെ സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നസ്‌റിനു വേണ്ടി വാങ്ങി.

ഇക്കൊല്ലം വേറൊരു വാര്‍ത്തയുണ്ടായിരുന്നു. അമേരിക്കന്‍ ഉടമകളില്‍ നിന്ന് ഫോര്‍മുല 1 നെ സൗദി വാങ്ങാനൊരുങ്ങുന്നുവെന്ന്. ലോകത്തെ ഏറ്റവും വലിയ ഹൈ പ്രൊഫൈല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പും സൗദി നടത്തിക്കഴിഞ്ഞു.

ഐപിഎല്ലിനെയും വെല്ലുന്ന ലോകോത്തര ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാനൊരുങ്ങുന്ന വാര്‍ത്ത വന്നതും ഇക്കൊല്ലമാണ്. ഐപിഎല്‍ നല്‍കുന്നതിലും എത്രയോ മടങ്ങ് കൂടുതല്‍ പണമാണ് താരങ്ങള്‍ക്ക് ലഭിക്കുകയെങ്കില്‍ അത് അസാധ്യമല്ലല്ലോ. അങ്ങനെയൊന്ന് നടന്നാലും ഇല്ലെങ്കിലും, ഐപിഎല്ലിലെ ഓരോ സിക്‌സ് പായുമ്പോഴും 'വിസിറ്റ് സൗദി' എന്നൊരു പരസ്യം നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇതില്‍ തന്നെ സ്‌പോര്‍ട്‌സില്‍ സൗദിയുടെ താല്‍പ്പര്യം മനസിലാക്കാം.

എന്തിന് സ്‌പോര്‍ട്‌സ്?

പിആര്‍ വര്‍ക്കിന് ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്യുന്നത് സ്‌പോര്‍ട്‌സ് ആണെന്നത് ലോക സത്യമാണ്. ഒളിംപിക്‌സ് തുടങ്ങിയതു മുതല്‍ ഇതു ദൃശ്യമാണ്. സ്‌പോര്‍ട്‌സിന് രാഷ്ട്രീയമില്ല, മതമില്ല, രാജ്യാതിര്‍ത്തികളില്ല- അത്രയും ജനപ്രിയം. അതിനെ മുതലെടുക്കാന്‍ തന്നെയാണ് സൗദിയുടെ തീരുമാനം. അതാണിപ്പോള്‍ കാണുന്ന നീക്കങ്ങളെല്ലാം.