28 Feb 2023 4:30 AM GMT
Summary
- വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ക്കും വ്യവസായത്തിനുമായി കൂടുതല്‍ അവസരങ്ങളൊരുക്കുകയാണ് സൗദിയുടെ ലക്ഷ്യം
എണ്ണയിതര മേഖലകളിലെ വ്യവസായവും ഉത്പാദനവും വര്‍ധിപ്പിക്കുന്നതില്‍ സജീവമായ സൗദി അറേബ്യ സൈനിക ആയുധ നിര്‍മാണ മേഖലയിലും കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം മാത്രം സൈനിക മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളും ആയുധങ്ങളും നിര്‍മിക്കാനായി 342 ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് സൗദി അറേബ്യ അവകാശപ്പെടുന്നത്. ആയുധ വ്യവസായ രംഗത്ത് സ്വദേശ കമ്പനികള്‍ക്കു പുറമേ, വിദേശ കമ്പനികള്‍ക്കും ലൈസന്‍സും മറ്റു സൗകര്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ക്കും വ്യവസായത്തിനുമായി കൂടുതല്‍ അവസരങ്ങളൊരുക്കുകയാണ് സൗദിയുടെ ലക്ഷ്യം. 2022 അവസാനം വരെ മാത്രം സൈനിക വ്യവസായ മേഖലയില്‍ 192 കമ്പനികളാണ് സൗദിയില്‍ രംഗത്തെത്തിയത്. ഇവര്‍ക്കെല്ലാമായി ആകെ 342 ലൈസന്‍സുകളും നല്‍കിയതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4300 കോടി റിയാല്‍ നിക്ഷേപം ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതോറിറ്റി അറിയിച്ചു. ജിസിസിയിലെ പ്രമുഖ രാജ്യമായ സൗദി അറേബ്യ സൈനിക ആയുധ നിര്‍മാണ മേഖലയില്‍ സ്വയം പര്യാപ്തമാകാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണിത്.
സൗദിയുടെ അതിവേഗം വികസിക്കുന്നതും അതിശക്തവുമായ സമ്പദ് വ്യവസ്ഥയില്‍ നിന്ന് പ്രയോജനം നേടുന്നതിനായി അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷവും രാജ്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മേഖലയുടെ വികസനത്തിനായി പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള കമ്പനികളുമായി ചേര്‍ന്നെല്ലാം പ്രവര്‍ത്തിക്കാനാണ് പദ്ധതി.