18 Jan 2023 11:45 AM IST
Summary
- കോഴിയിറച്ചിക്കും മുട്ടക്കും 40 ശതമാനം വിലവര്‍ധിച്ചു
- ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏലം, കുരുമുളക്, വിവിധ പച്ചക്കറിയിനങ്ങള്‍ എന്നിവക്ക് വില കുറഞ്ഞു
സൗദി അറേബ്യയില്‍ വിലക്കയറ്റം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഡിസംബറിലും സൗദിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു.
ദൈനംദിന സാധനങ്ങളായ കോഴിയിറച്ചിക്കും മുട്ടക്കും നാല്‍പത് ശതമാനം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. കൂടാതെ അലക്കിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, രാജ്യത്ത് പണപ്പെരുപ്പം തുടരുന്നതും വിലയേറ്റം സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിത്യോപയോഗ സാധനങ്ങളെ പത്ത് ഇനങ്ങളാക്കി തിരിച്ചാണ് സ്റ്റാറ്റിറ്റിസ്റ്റിക്സ് അതോറിറ്റി കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. പ്രധാന ഭക്ഷ്യ ഇനമായ കോഴിമുട്ടക്ക് 30 എണ്ണത്തിന് 2021ല്‍ 16 റിയാല്‍ വരെയായിരുന്നു വില. എന്നാല്‍ ഈ വര്‍ഷം 30 കോഴിമുട്ടക്ക് 22 റിയാല്‍ പിന്നിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 41 ശതമാനം വരെയാണ് മുട്ടയുടെ വിലവര്‍ധനവ്.
രാജ്യത്ത് പ്രാദേശികമായി കൃഷി ചെയ്യുന്ന കോഴിയിറച്ചി 900 ഗ്രാമിന് 14 റിയാലായിരുന്നു 2021 ഡിസംബറിലെ വിലയെങ്കില്‍, 2022 ഡിസംബറില്‍ അഞ്ച് റിയാല്‍ വര്‍ധിച്ച് 19 റിയാലാണ് കോഴിയിറച്ചി 900 ഗ്രാമിന് വില രേഖപ്പെടുത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസണ്‍ കോഴിയിറച്ചിക്കും സമാന രീതിയില്‍ തന്നെ വില വര്‍ധിച്ചിട്ടുണ്ട്.
63 റിയാല്‍ വരെയായിരുന്ന 1.75 കിലോ പാല്‍പൊടിക്ക് വില ഇപ്പോള്‍ 81 റിയാല്‍ വരെയാണ്. വെജിറ്റബിള്‍ ഓയിലിന്റെ വിലയിലും 24 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. അലക്കു പൊടികള്‍ക്കും ദ്രാവകങ്ങള്‍ക്കും 17 ശതമാനമാണ് വില കൂടിയത്. കുട്ടികള്‍ക്കുള്ള നിത്യോപയോഗ വസ്തുക്കളിലും വില വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന പ്ലൈവുഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ സമാഗ്രികള്‍ക്കും വില കൂടിയെന്നാണ് വിലയിരുത്തല്‍. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഓയില്‍, അപാര്‍ട്ട്മെന്റുകള്‍ എന്നിവയ്ക്ക് ആറ് ശതമാനം വരെയാണ് വിലകൂടിയത്.
അതേ സമയം ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഏലം, കുരുമുളക് വിവിധ പച്ചക്കറിയിനങ്ങള്‍ എന്നിവക്ക് വില കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. കാര്‍ റിപ്പയിറിംഗിനുള്ള ചാര്‍ജിലും രണ്ട് ശതമാനം നിരക്ക് കുറഞ്ഞെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങളള്‍ക്കും വിലകുറഞ്ഞിട്ടുണ്ട്.
കൂടാതെ, സ്റ്റീലിന് വിലകുറഞ്ഞത് നിര്‍മാണ രംഗത്ത് ഗുണം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉക്രൈന്‍-റഷ്യ യുദ്ധമാണ് ഇറക്കുമതി നിരക്ക് വര്‍ധിക്കാനും അതിലൂടെ വിലവര്‍ധനവിനും കാരണമായത്. കൂടാതെ, മൂല്യ വര്‍ധിത നികുതി അഞ്ചില്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ സൗദിയില്‍ പണപ്പെരുപ്പം പ്രകടമായതും വില വര്‍ധനവില്‍ പ്രതിഫലിച്ചു.