9 March 2023 3:45 AM GMT
Summary
- വികസന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി വരും ദിവസങ്ങളില്‍ കോസ് വേയില്‍ യാത്രാ തടസം നേരിടാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു
തിരക്ക് വര്‍ധിച്ചതും നവീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായതും സൗദി-ബഹ്റൈന്‍ കോസ് വേയിലെ എമിഗ്രേഷന്‍ നടപടികളില്‍ കാലതാമസം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തന്നെ കോസ് വേയില്‍ എമിഗ്രേഷന്‍ നടപടികള്‍ മന്ദഗതിയിലായിരുന്നു. സൗദിയില്‍ നിന്നും ബഹ്റൈനിലേക്ക് പോകുന്നതിനുള്ള നടപടികള്‍ക്കാണ് നിലവില്‍ സമയദൈര്‍ഘ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.
കോസ് വേ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതും നിര്‍മ്മാണ നവീകരണ പ്രവര്‍ത്തികളാരംഭിച്ചതുമാണ് ഈ റൂട്ടിലെ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. കോസ് വേ വഴിയുള്ള യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിച്ചത്. നിലവിലെ കോസ് വേയുടെ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
വികസന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി വരും ദിവസങ്ങളില്‍ കോസ് വേയില്‍ യാത്രാ തടസം നേരിടാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയില്‍ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട പല യാത്രക്കാരും നടപടികള്‍ പൂര്‍ത്തിയാക്കാനായി കഴിഞ്ഞ ദിവസം ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പുറമേ കോസ് വേ വഴിയുളള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും തിരിക്ക് വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്.
നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുന്നതിനാല്‍ വാരാന്ത്യ അവധികളിലും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസം 136000 ത്തിലധികം പേരാണ് കോസ് വേ വഴി യാത്ര ചെയ്തത്. കോസ് വേയുടെ ചരിത്രത്തിലെ റെക്കോഡ് എണ്ണമാണിത്.