8 March 2023 3:15 PM IST
Summary
- കഴിഞ്ഞ ദിവസം കോസ് വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണം യാത്രക്കാരാണ് അതിര്‍ത്തി കടന്നതെന്ന് അധികൃതര്‍ അറിയിച്ചു
സൗദി അറേബ്യയ്ക്കും ബഹ്റൈനുമിടയിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാമാര്‍ഗമായ കിങ് ഫഹദ് കോസ് വേ വികസിപ്പിക്കാനുള്ള പദ്ധതികള്‍ നടക്കുന്നതായി അധികൃതര്‍. കോസ് വേയിലൂടെയുള്ള യാത്രക്കാരുടെ ശേഷി കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതിനിടെ കഴിഞ്ഞ ദിവസം കോസ് വേ വഴി യാത്ര ചെയ്തവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു.
കോസ് വേ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. കോസ്വേ ജനറല്‍ കോര്‍പ്പറേഷനാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്. തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം മൂന്ന് മാസത്തിനകം തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്യും.
ഇതിനിടെ കഴിഞ്ഞ ദിവസം കോസ് വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണം യാത്രക്കാരാണ് അതിര്‍ത്തി കടന്നതെന്ന് അധികൃതര്‍ അറിയിച്ചു. 136498 പേര്‍ കഴിഞ്ഞ ദിവസം മാത്രം പാലം കടന്നതായി കോസ് വേ അതോറിറ്റി അറിയിച്ചു.
മണിക്കൂറില്‍ 5000 ആളുകള്‍ എന്ന തോതിലും മിനുട്ടില്‍ 94 ആളുകള്‍ എന്ന തോതിലും യാത്രക്കാര്‍ പാലം വഴി കടന്നുപോയതായി അതോറിറ്റി വിശദീകരണം നല്‍കി.
കോസ് വേയിലൂടെ മുന്‍പ് 2020 ജനുവരിയില്‍ ഒറ്റ ദിവസം 13,1000 പേര്‍ സഞ്ചരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോര്‍ഡ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക ഉംറ വിസ നടപടികള്‍ ലഘൂകരിച്ചതാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിനിടയാക്കിയിരിക്കുന്നത്.