28 Dec 2022 9:00 AM GMT
വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.
വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ സാധ്യതകള്‍ കുത്തനെ ഉയര്‍ത്തുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിങ്ങനെ ബഹുമുഖ ലക്ഷ്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.
ടൂറിസം മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ബിസിനസ് രംഗത്തേയും നിക്ഷേപമേഖലയിലേയും സുസ്ഥിരത ഉറപ്പാക്കുക, വിനോദ സഞ്ചാരികളുടെ അവകാശങ്ങളും ഇഷ്ടങ്ങളും സംരക്ഷിക്കുക, നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുക തുടങ്ങിയവയാണ് പുതിയ ലക്ഷ്യങ്ങള്‍.
എല്ലാ തരത്തിലുമുള്ള വിനോദ സഞ്ചാര-അനുബന്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ചട്ടങ്ങളുടെ ഭാഗമാണ്. ടൂറിസം വിപണിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനും, വിവിധ വകുപ്പുകളുടെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാവശ്യമായ കാര്യങ്ങളും പുതിയ മാറ്റത്തില്‍ ഉള്‍പ്പെടും.
വിനോദസഞ്ചാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും 90 ദിവസങ്ങള്‍ക്കുളളില്‍ പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ക്രമീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.