15 March 2023 6:15 AM GMT
Summary
- 2030 ഓടെ 30 ലക്ഷം യാത്രക്കാരുടെയും യാത്ര റിയാദ് എയര്‍ലൈന്‍ വഴിയാകണമെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏഷ്യയിലേക്ക് മാത്രം കൂടുതല്‍ വിമാന സര്‍വീസുകളെന്ന ആക്ഷേപം അവസാനിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തുനിന്നുള്ള സര്‍വീസുകള്‍ യൂറോപ്പില്‍ കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിയാദ് എയര്‍ലൈന്‍സ് എന്ന പേരില്‍ പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി.
സൗദി കിരീടാവകാശിയാണ് ആദ്യ ഘട്ടത്തില്‍ ലോകത്തിന്റെ നൂറിലേറെ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന റിയാദ് എയര്‍ലൈന്‍സ് കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. 35,000 കോടി റിയാല്‍ മുതല്‍ മുടക്കിലാണ് ആദ്യഘട്ടത്തില്‍ കമ്പനി നൂറിലേറെ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുക.
കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പദ്ധതി പ്രഖ്യാപനം നടത്തിയത്. റിയ എന്നായിരുന്ന ആദ്യം കമ്പനിക്ക് പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനം പ്രകാരം പുതിയ വിമാനക്കമ്പനി റിയാദ് എയര്‍ലൈന്‍സ് എന്നറിയപ്പെടും.
റിയാദ് നഗരം കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ ആസ്ഥാനം. ലോകത്തെ ഏറ്റവും മികച്ച വിമാനങ്ങളാണ് കമ്പനി സ്വന്തമാക്കാനൊരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ നൂറിലേറെ ബോയിങ് വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കും.
ആദ്യ ഘട്ട വിമാനങ്ങള്‍ വാങ്ങാന്‍ 35000 കോടി റിയാലിന്റെ കരാര്‍ തയ്യാറായെന്നാണ് എയര്‍ലൈന്‍ രംഗത്തെ വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാകും കമ്പനി ആദ്യം സര്‍വീസുകള്‍ നടത്തുക.
2030 ഓടെ 250 കേന്ദ്രങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്നും പ്രഖ്യാനമുണ്ടാകും. 2030 ഓടെ 30 ലക്ഷം യാത്രക്കാരുടെയും യാത്ര റിയാദ് എയര്‍ലൈന്‍ വഴിയാകണമെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസര്‍ അല്‍ റുമയ്യനെയാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അധ്യക്ഷനായി നിയമിക്കുന്നത്. വ്യോമയാനം, ലോജിസ്റ്റിക്സ് മേഖലകളില്‍ 40 വര്‍ഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ നിലവില്‍ കമ്പനിയുടെ സിഇഒ ആയി നിയമിച്ചിട്ടുമുണ്ട്.
നിലവില്‍ സൗദിയുടെ ദേശീയ വിമാനക്കമ്പനി ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി എയര്‍ലൈന്‍സാണ്. ഇതിന്റെ നിലവിലുള്ള സര്‍വീസെല്ലാം അതേ പടി തന്നെ തുടരും. നിലവില്‍ സൗദി അറേബ്യയിലേക്കുള്ള ആകെ വിമാന സര്‍വീസിന്റെ 60 ശതമാനവും മിഡില്‍ ഈസ്റ്റില്‍ നിന്നാണ്.
ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് 20 ശതമാനവും, ആഫ്രിക്കയില്‍ നിന്ന് 10 ശതമാനവും മാത്രമാണ് സൗദിയില്‍ നിന്നുള്ള സര്‍വീസുകള്‍. യൂറോപ്പുള്‍പ്പെടെയുള്ള ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പുതിയ വിമാനക്കമ്പനിയുടെ പ്രധാന ലക്ഷ്യം.