22 March 2023 9:30 AM GMT
Summary
- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആകെ 32 രാജ്യങ്ങളിലെ ജനങ്ങളെയാണ് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്
അനാവശ്യ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പിടികൊടുക്കാതെ സൗദി അറേബ്യ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ പൗരന്മാരില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്.
പുതുതായി പുറത്തുവന്ന Ipsos ആഗോള സര്‍വേ ഫലത്തിലാണ് സൗദി അറേബ്യയിലെ സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം സൗദി നിവാസികളും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആകെ 32 രാജ്യങ്ങളിലെ ജനങ്ങളെയാണ് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.
ചൈനയില്‍നിന്ന് സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം ജനങ്ങളും അതീവ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ചൈനക്ക് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരിക്കുന്നത്.
പങ്കെടുത്തവരില്‍ 85 ശതമാനം പേരും സന്തുഷ്ടി രേഖപ്പെടുത്തിയ നെതര്‍ലന്‍ഡ്സാണ് സര്‍വേയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. തൊട്ടടുത്ത സ്ഥാനങ്ങളിലായി ഇന്ത്യയും ബ്രസീലും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍ ഹംഗറി, ദക്ഷിണ കൊറിയ, പോളണ്ട് എന്നീ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള ജനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 മുതല്‍ 60 ശതമാനം വരെയുള്ളവരാണ് സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തം സര്‍വേയില്‍ പങ്കെടുത്തരില്‍ ശരാശരി 73 ശതമാനത്തോളം പേരും അതീവ സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണത്തെ ആഗോള സന്തുഷ്ട സൂചികയില്‍ ആറ് പോയിന്റാണ് വര്‍ധിച്ചിട്ടുള്ളതെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.