22 March 2023 6:15 AM GMT
Summary
- റെയില്‍ പദ്ധതികള്‍ വിവിധ ജിസിസി നഗരങ്ങളെ മാറ്റിമറിക്കുന്നതെങ്ങനെയാണ്?
ദുബായിയും റിയാദുമടക്കമുള്ള പ്രമുഖ ജിസിസി നഗരങ്ങള്‍ തങ്ങളുടെ ജനസംഖ്യ നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാക്കാനും സമ്പദ് വ്യവസ്ഥ ഗണ്യമായി വികസിപ്പിക്കാനും ലക്ഷ്യമിടുമ്പോള്‍ അതില്‍ കുറവല്ലാത്ത പങ്കുവഹിക്കുന്ന മേഖലയാണ് റെയില്‍വേ. വരും ദശകങ്ങളില്‍ റെയില്‍വേയും മെട്രോയും ഈ മേഖലയ്ക്ക് നല്‍കാനിരിക്കുന്ന സംഭാവനയും ചെറുതല്ല.
റോഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ മാത്രമല്ല, പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലൂടെയുമാണ് നഗരങ്ങള്‍ ചലനാത്മകത കൈവരിക്കുന്നതും വികസിക്കുന്നതുമെന്നും അറബ് രാജ്യങ്ങള്‍ കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
യുഎഇയെ അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റര്‍ ഇത്തിഹാദ് റെയില്‍ പാത ഭാവിയില്‍ ജിസിസിയില്‍ സൃഷ്ടിക്കാനിരിക്കുന്ന ചലനങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമാണ്.
2009 ല്‍ ദുബായ് മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞതോടെ നഗരത്തിലെ സ്വകാര്യ ടാക്സികള്‍ക്കും ബസുകള്‍ക്കും പകരമായി ഒരു വലിയ ബദല്‍ ഗതാഗത സംവിധാനം നിര്‍മ്മിക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം ദുബായില്‍ പൊതുഗതാഗതത്തിലൂടെ 621 ദശലക്ഷത്തിലധികം യാത്രകള്‍ നടന്നതില്‍ 225 ദശലക്ഷം യാത്രകളും മെട്രോ വഴിയായിരുന്നു. ടാക്സികളേക്കാള്‍ 40 ദശലക്ഷവും പൊതു ബസുകളേക്കാള്‍ 70 ദശലക്ഷവും കൂടുതലാണ് ഈ യാത്രയുടെ കണക്ക്.
എന്നാല്‍ ഗള്‍ഫ് മേഖലയില്‍ ദുബായ് മെട്രോ മാത്രമല്ല നിലവിലുള്ളത്. മക്കയില്‍ 2010 മുതല്‍ സീസണല്‍ മെട്രോ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ദോഹയില്‍ 2019ലാണ് 76 കിലോമീറ്റര്‍ ദൂരത്തില്‍ മെട്രോ സര്‍വിസ് ആരംഭിച്ചത്.
മാത്രമല്ല, റിയാദില്‍ നഗരത്തിലെ 176 കിലോമീറ്റര്‍ നീളമുള്ള മെട്രോയുടെ നിര്‍മ്മാണം അടുത്ത വര്‍ഷത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ഈ പദ്ധതികളെല്ലാം ഒരു തുടക്കം മാത്രമാണ്. യുഎഇ നഗരങ്ങളില്‍ ഇപ്പോള്‍ ഏകദേശം 400 കിലോമീറ്റര്‍ മെട്രോ ലൈനുകളാണുള്ളത്. എന്നാല്‍ 2030 ആകുമ്പോഴേക്കും ഇത് 1,100 കിലോമീറ്റര്‍ കൂടി വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിനായി 220 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായി വരുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതില്‍ പ്രത്യക്ഷവും പരോക്ഷവുമായ സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ പല മടങ്ങ് വലുതാണെന്നും പ്രമുഖര്‍ കണക്കാക്കുന്നുണ്ട്.
മെട്രോയടക്കമുള്ള ഡ്രൈവറില്ലാ സംവിധാനങ്ങള്‍ക്ക് വളരെയധികം സൗകര്യവും വിശ്വാസ്യതയും പ്രവര്‍ത്തനക്ഷമതയും സുതാര്യതയുമുണ്ടെന്നാണ് സാധ്യതാ പഠനം നടത്തിയ ശേഷം ദുബായ് മെട്രോ വികസിപ്പിച്ച കമ്പനിയായ ഇന്റര്‍നാഷണല്‍ ഈസ്റ്റ് ഓഫ് സിസ്ട്രയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജീന്‍ ക്രിസ്റ്റോഫ് ചുനിയാഡ് പറഞ്ഞത്.
ദുബായില്‍ ജനസംഖ്യയുടെ 20 ശതമാനം പേരും മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിലൂടെ റോഡിലെ ട്രാഫിക്കില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നഗരത്തിലെ 20 ശതമാനം മലിനീകരണവും കുറയും.
സമയ ലാഭം, റോഡ് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ ലാഭം, ഗതാഗത ചെലവ് കുറയ്ക്കല്‍, ഇന്ധന ചെലവ് കുറയ്ക്കല്‍ എന്നിങ്ങനെ വിവിധ സാമ്പത്തിക നേട്ടങ്ങളാണ് റെയില്‍ മേഖല രാജ്യത്തിന് നേടിക്കൊടുക്കുന്നത്.
ബെല്‍ജിയത്തിലെ ഒരു സ്വതന്ത്ര ട്രാന്‍സ്പോര്‍ട്ട് കണ്‍സള്‍ട്ടന്റായ പീറ്റര്‍ ഷ്വിംഗറും ദുബായ് മെട്രോ നഗരത്തിലെ പൊതുഗതാഗത ഉപയോഗം വര്‍ധിപ്പിച്ചതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദുബായ് നഗരത്തിലെ പൊതുഗതാഗത യാത്രകളുടെ 15 ശതമാനത്തിളധികം വര്‍ധനവും മെട്രോ കാരണമായി ഉണ്ടായതാണ്. അതേസമയം കുവൈത്ത്, ബഹ്റൈന്‍, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണിത്.
അബുദബിയും മസ്‌കറ്റ്, ജിദ്ദ, ദമ്മാം, കുവൈത്ത് സിറ്റി എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളും മെട്രോ വികസിപ്പിക്കുന്നതിന്റെ പാതയിലാണ്. ബഹ്റൈന്‍ വലിയ പദ്ധതികളാണ് റെയില്‍ മേഖലയില്‍ ആവിഷ്‌കരിക്കുന്നത്.
വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ അടുത്ത കാലത്തായി നഗര റെയില്‍വേ വികസന മേഖലയില്‍ ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍തോതിലുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
മെട്രോകള്‍ സാധാരണയായി വലിയ, ഉയര്‍ന്ന ജനസാന്ദ്രതയുള്ള നഗരങ്ങള്‍ക്ക് അനുയോജ്യമാണെന്നും അവിടെ വലിയ നിക്ഷേപങ്ങളെ ആകര്‍ശിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്നുമാണ് യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ പീറ്റര്‍ വൈറ്റ് പറയുന്നത്.
അതേസമയം, ചില ഗള്‍ഫ് നഗരങ്ങളുടെ ലേഔട്ട് അര്‍ബന്‍ റെയില്‍ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതിന് അനുയോജ്യമല്ലെന്നും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായുമാണ് ഗവേഷകനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ റിസര്‍ച്ച് ഫെലോയുമായ ഡോ. അലക്സാന്ദ്ര ഗോമസ് അഭിപ്രായപ്പെടുന്നത്.
തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരവും തൊഴിലുടമകള്‍ക്ക് കൂടുതല്‍ നിക്ഷേപാവസരങ്ങളും നല്‍കാനും റയില്‍വേ വികസനം വഴിയൊരുക്കുന്നു. മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയാണ് ഇതിന്റെ മറ്റൊരു നേട്ടം.
സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ പൊതുഗതാഗതത്തില്‍ കനത്ത നിക്ഷേപം ആവശ്യമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്.
നിര്‍മ്മാണ വേളയിലെ ഗതാഗത തടസ്സം പോലെ തന്നെ ഭീമമായ ചെലവുമാണ് ജിസിസിയിലെ മറ്റു നഗരങ്ങളില്‍ മെട്രോ വികസിക്കുന്നതിന് തടസമാകുന്നത്.