image

4 Jan 2023 10:15 AM GMT

NRI

പ്രകൃതി വാതക കയറ്റുമതി; അമേരിക്കക്കൊപ്പം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഖത്തര്‍

MyFin Bureau

natural gas export qatar no1 position with usa
X

Summary

  • ഡിസംബറില്‍ മാത്രം 1,40,000 ടണ്‍ ചരക്ക് നീക്കം


യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകൃതി വാതക കയറ്റുമതിയില്‍ അമേരിക്കയോടൊപ്പം ഖത്തറും മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 81.2 മില്യണ്‍ ടണ്‍ വീതമാണ് ഇരുരാജ്യങ്ങളും എല്‍എന്‍ജി കയറ്റുമതി ചെയ്തിരിക്കുന്നത്.

2021 ലാണ് ഖത്തറിനെ മറികടന്ന് അമേരിക്ക ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യമായി മാറിയത്. പക്ഷേ, 2022ഓടെ ഖത്തര്‍ ഇക്കാര്യത്തില്‍ അമേരിക്കയ്ക്കൊപ്പം ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. യുക്രൈന്‍ യുദ്ധമാണ് കയറ്റുമതി കൂടാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

യുദ്ധത്തിന് മുന്‍പ് വരെ യൂറോപ്പിന് ആവശ്യമായ 40 ശതമാനം ദ്രവീകൃത പ്രകൃതി വാതകവും റഷ്യയാണ് നല്‍കിക്കൊണ്ടിരുന്നത്. ഇതില്‍ മൂന്നിലൊന്നും യുക്രൈന്‍ വഴിയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ യുദ്ധം മൂലം ഇത് നിലച്ചതോടെ ഖത്തറിനെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി ആശ്രയിച്ചത്.

കൂടാതെ തീപിടിത്തം മൂലം ടെക്സാസ് പ്ലാന്റില്‍നിന്ന് എല്‍.എന്‍.ജി ഉത്പാദനം നിലച്ചതും അമേരിക്കയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 2022ല്‍ മൂന്നാം പാദത്തില്‍ മാത്രം ഓയില്‍ഗ്യാസ് മേഖലയില്‍നിന്ന് ഖത്തറിന് 76.3 ബില്യണ്‍ ഖത്തര്‍ റിയാല്‍ വരുമാനം ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

നോര്‍ത്ത് ഫീല്‍ഡ് പദ്ധതി വികസനംകൂടി പൂര്‍ത്തിയാകുന്നതോടെ ദ്രവീകൃത പ്രകൃതി വാതക ഉത്പാദനത്തില്‍ ഖത്തറിന് ആഗോള തലത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2027ഓടെ പ്രതിവര്‍ഷം 126 മില്യണ്‍ ടണ്‍ ഉത്പാദനമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.

ഡിസംബറില്‍ മാത്രം 1,40,000 ടണ്‍ ചരക്ക് നീക്കം

ഡിസംബറില്‍ മാത്രം ഖത്തറിലെ തുറമുഖങ്ങള്‍ വഴി 1,40,000 ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 86 ശതമാനം കൂടുതല്‍ ചരക്കുകളാണ് ഈ ഡിസംബറില്‍ ഖത്തര്‍ തുറമുഖത്തെത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചാണ് ചരക്ക് കൈമാറ്റം വര്‍ധിച്ചത്.