21 Dec 2022 9:30 AM GMT
Summary
- മൊത്ത വരുമാനത്തില്‍ 16.3 ശതമാനം വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന ബജറ്റാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്
പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനം നടത്തി ഖത്തര്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് അംഗീകാരം നല്‍കിയത്. മൊത്ത വരുമാനത്തില്‍ 16.3 ശതമാനം വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന ബജറ്റാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
228 ബില്യണ്‍ റിയാലിന്റെ (62.64 ബില്യണ്‍ ഡോളര്‍) വരുമാനവും 199 ബില്യണ്‍ റിയാലിന്റെ ചെലവും കണക്കാക്കുമ്പോള്‍ 29 ബില്യണ്‍ റിയാലിന്റെ മിച്ച ബജറ്റാണ് ഈ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്. എണ്ണവില ബാരലിന് 65 ഡോളര്‍ എന്ന തോതില്‍ വിലയിരുത്തിയാണ് സാമ്പത്തിക മന്ത്രാലയം 2023 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിച്ചതോടെ ഖത്തര്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രം 30 ബില്യണ്‍ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ന്റെ ആദ്യ പകുതിയില്‍ ജിഡിപി വളര്‍ച്ച 4.4 ശതമാനത്തിലുമെത്തിയിരുന്നു. എന്നാല്‍ 2023 ല്‍ ഇത് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷം യൂറോപ്പില്‍ നിന്നുള്ള വാതക ആവശ്യകത വര്‍ധിച്ചതും ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകും.